ജ്യോതിഷപഠനവും എന്റെ അനുഭവവും

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ലേഖകന്‍ - ചന്ദ്രകുമാര്‍ മുല്ലച്ചേരി

വളരെ രസകരമായ ഒരു കാര്യം ജ്യോതിഷത്തെ പറ്റി പറയാൻ ആഗ്രഹിക്കുകയാണ്. ഇത് ജ്യോതിഷം പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും പഠിച്ചുകൊണ്ടിരിക്കുന്നവർക്കും പഠിച്ച് പലതും ശരിയല്ല എന്നു മനസ്സിലാക്കി യുക്തിവാദിയായവര്‍ക്കും ജ്യോതിഷത്തിൽ വിശ്വാസം ഇല്ലാത്തവര്‍ക്കും പല ചോദ്യങ്ങൾക്കും ഉത്തരമാകും എന്ന് കരുതുന്നു.

ഞാൻ ജ്യോതിഷം പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഗുണദോഷനിരൂപണം ചെയ്തിരുന്നത് ശുക്രദശ, വ്യാഴദശ, ബുധദശ, ചന്ദ്രദശ ഇവ വളരെ നല്ല കാലമാണ് എന്നും ശനിദശ, രാഹുദശ, കേതുദശ ഇവ ദോഷവും രവികുജദശകൾ ചിലതിന് നല്ലതും ചിലതിന് ദോഷവുമാണ് എന്നാണ്. അതിൽ ബുധദശ വിദ്യക്ക് നല്ലത്, ശുക്രദശ വിവാഹത്തിന് നല്ലത്, വ്യാഴദശ കർമ്മത്തിന് നല്ലത്, കുജദശ വീട് കെട്ടാൻ നല്ലത്, സൂര്യദശാ സർക്കാർ ഗുണങ്ങൾ അനുഭവിക്കൻ നല്ലത്, ചന്ദ്രദശ കുടുംബഗുണത്തിന് നല്ലത് എന്നിങ്ങനെയാണ്. പലതും ഇപ്പോഴും അങ്ങനെ തന്നെയാണ്. അത് ശരിയായിരുന്നു താനും. ഇപ്പോഴും പലതും ശരിയാകുന്നുമുണ്ട്. കുറച്ചുനാൾ കഴിഞ്ഞ് ബുധദശയിൽ പത്താംകളാസ് തോറ്റ ഒരു ജാതകവും, ശുക്രദശയിൽ ഭാര്യാവിരഹം വന്ന ജാതകവും കണ്ടപ്പോഴാണ് മനസ്സിലായത് ഇതിപ്പോ ദശയുടെ പേര് മാത്രം അറിഞ്ഞാൽ ഫലം ശരിയാകില്ല, ദശാനാഥൻറെ സ്ഥാനം ബലം മുതലായത് കൂടി അറിയണം എന്ന്. അങ്ങനെയിരിക്കുമ്പോഴാണ് സ്വക്ഷേത്രബലവാനായി ഇഷ്ടസ്ഥനായി നില്ക്കുന്ന ഗുരുദശയിൽ ഒരാൾ മരിച്ചതായും അറിഞ്ഞത്. (അപ്പോഴാണ് കേന്ദ്രാധിപത്യവും മാരകത്വവും ഉള്ള വ്യാഴം പോലും മരിപ്പിക്കും എന്ന് അറിഞ്ഞത്.)

ഇനി അടുത്തത്. കന്നിരാശി ലഗ്നം വന്നാൽ പ്രവാസം ചെയ്യും എന്ന് പഠിച്ചു പറഞ്ഞു. ശരിയായി സന്തോഷിച്ചു .മിഥുനമാസം ജനിച്ചാൽ വിദ്യാജ്യോതിഷവിത്തവാൻ എന്നാണ്, അതിനാല്‍ ജ്യോതിഷത്തിൽ ശോഭിക്കും എന്ന് ഫലം പറഞ്ഞു, ശരിയായി. പിന്നെ പലപ്പോഴും ഇക്കാര്യം ശരിയാകാതെയുള്ള അനേകം ജാതകങ്ങൾ കണ്ടു. ദശയുടെ കാര്യം പറഞ്ഞതുപോലെ തന്നെയായി ഇതും എന്ന് മനസ്സിലായത് അപ്പോഴാണ്.

ഇങ്ങനെ കൂടുതൽ കൂടുതൽ പഠിക്കുമ്പോഴാണ് പണ്ട് പഠിച്ചത് തെറ്റല്ലാ എന്നാൽ സൂക്ഷ്മമല്ല എന്ന് മനസ്സിലായത് എന്നു ചുരുക്കം.

പിന്നീട് ഒരേ ദിവസം അഞ്ചൊ പത്തോ മിനുട്ടിൻറെ വ്യത്യാസത്തിൽ ജനിച്ച ഇരട്ടകളുടേയും അല്ലാത്തവരുടേയും ജാതകങ്ങൾ കണ്ടപ്പോൾ മനസ്സിലായി ആചാര്യന്മാർ പറഞ്ഞത് മുഴുവൻ ശരി തന്നെയാണ്. അത് സൂക്ഷ്മപ്പെടുത്തി പറഞ്ഞാൽ തെറ്റുകയേ ഇല്ല എന്ന് ഉറപ്പിച്ച് പറയാൻ സാധിച്ചത്.

ന ചേത് ഖേചരാഃ സ്ഥാപിതാഃ കിം ഭചക്രേ
ന ചേത് സ്പഷ്ടഗാഃ സ്ഥാപിതാഃ കിം ഗ്രഹേന്ദ്രൈഃ
അഭാവോദിതാ സ്പഷ്ടതാ കാ(അ)ത്ര ഹേതു
ഫലൈരേവ സര്‍വം ബ്രുവേതാനി തസ്മാത്

(ചമല്‍ക്കാരചിന്താമണി)

എന്ന ചമൽക്കാര ചിന്താമണികാരവചനം എപ്പോഴും ഓർക്കണം.

ഗണിതം സൂക്ഷ്മമാകയും നിരൂപണരീതി സൂക്ഷ്മമകയും ചിന്താപദ്ധതി അത്തരത്തിൽ നവീകരിക്കുകയും ചെയ്യണം. നമ്മുടെ ബഹുമാന്യനായ ശ്രീ ഉണ്ണിക്കൃഷ്ണപിഷാരോടി സാർ പറഞ്ഞത് പോലെ ചെറുപ്പത്തിൽ കുട്ടിക്കുപ്പായം തൈച്ച് പാകമായി ധരിച്ചത് പോലെ പ്രായമാകുമ്പോഴും അതേ കുട്ടിക്കുപ്പായം പാകമകില്ല എന്നത് പോലെ ചിന്താപദ്ധതി വിപുലീകരിക്കുകയും, ബഹുമാന്യനായ ഹരികുമാര്‍ നായര്‍ സാർ പറഞ്ഞത് പോലെ അയനാംശവും അതോടനുബന്ധിച്ച കാര്യങ്ങളും ഉചിതമായ രീതിയിൽ ഉപയോഗിക്കുകയും ചെയതാൽ ഫലനിരൂപണം തെറ്റുകയില്ലാ എന്നും മനസ്സിലാക്കണം.

You are not authorised to post comments.

Comments powered by CComment