അഷ്ടമംഗലസാധനങ്ങള്‍

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ലേഖകന്‍ : ശ്രീനാഥ് ഒജി

ഏവയെല്ലാമാണ് അഷ്ടമംഗല സാധങ്ങള്‍ എന്നതില്‍ ഒട്ടുവളരെ മതഭേദങ്ങള്‍ നിലവിലുണ്ട്. ഏതായാലും ദേശാചാരമനുസരിച്ച് എട്ട് മംഗലവസ്തുക്കള്‍ ഉണ്ടായിരിക്കണം എന്നേയുള്ളു. അഷ്ടമംഗലത്തില്‍ ഗുരുവും സരസ്വതിയും വസിക്കുന്നു എന്നാണ് സങ്കല്‍പം. ഓരോ അഷ്ടമംഗല സാധനത്തിനും പ്രതീകാത്മക പ്രാധാന്യം ഉണ്ടായിരിക്കും. അഷ്ടമംഗല സാധനങ്ങളെക്കുറിച്ചുള്ള വിഭിന്നാഭിപ്രായങ്ങളില്‍ ചിലത് താഴെച്ചേര്‍ക്കുന്നു.

സമുല്‍ഗ ദര്‍പ്പണ സ്വര്‍ണ്ണ പുഷ്പാക്ഷത ഫലാനി ച
താംബൂലം ഗ്രന്ഥമിത്യഷ്ടൗ മംഗലാനി വിദുര്‍ ബുധാഃ
സമുല്‍ഗം, ദര്‍പ്പണം, സ്വര്‍ണ്ണം, പുഷ്പം, അക്ഷതം, ഫലം, താംബൂലം, ഗ്രന്ഥം എന്നിങ്ങനെയുള്ള എട്ടു സാധനങ്ങളാണ് അഷ്ടമംഗലവസ്തുക്കള്‍ എന്നു വിദ്വാന്മാര്‍ പറയുന്നു

താംബൂല തണ്ഡുല ഫല കസ്തൂരി ദര്‍പ്പണാഞ്ജനൈഃ
വസ്‌ത്രേണ ച സമായുക്തം സ്വര്‍ണ്ണമിത്യഷ്ടമംഗലം
താംബൂലം, തണ്ഡുലം, ഫലം, കസ്തൂരി, ദര്‍പ്പണം, അഞ്ജനം, വസ്ത്രം എന്നിവയും സ്വര്‍ണ്ണവും ഉള്‍പ്പെടെ അഷ്ടമംഗലവസ്തുക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

താംബൂല മക്ഷതം ചൈവ ക്രമുകം ദാരുഭാജനം
അംബരം ദര്‍പ്പണം ഗ്രന്ഥം ദീപമിത്യഷ്ടമംഗലം
താംബൂലം, അക്ഷതം, അടയ്ക്ക, മരപ്പാത്രം, വസ്ത്രം, കണ്ണാടി, ഗ്രന്ഥം, ദീപം എന്നിവയാണ് അഷ്ടമംഗലവസ്തുക്കള്‍.

കുരവം ദര്‍പ്പണം ദീപം കലശം വസ്ത്രമക്ഷതം
അംഗനാഹേമസംയുക്താ ചാഷ്ടമംഗലമുച്യതേ
(
പ്രശ്‌നസാരം)
കുരവം, കണ്ണാടി, ദീപം, കലശം, വസ്ത്രം, അക്ഷതം, അംഗന, സ്വര്‍ണ്ണം എന്നിവയാണ് അഷ്ടംഗലവസ്തുക്കള്‍.
ഇത് വിവാഹത്തിന് അഷ്ടമംഗലം ഒരുക്കുന്നതിനുവേണ്ടി മാത്രമുള്ളതാണെന്ന് ചിലര്‍ പറയുന്നു.

ദര്‍പ്പണം പൂര്‍ണ്ണകുംഭം ച സുവര്‍ണ്ണം നവമംബരം
അംഗനാ ചാക്ഷതം ധേനുര്‍ ദീപം ചൈവാഷ്ടമംഗലം
കണ്ണാടി, നിറകുടം, സ്വര്‍ണ്ണം, പുതുവസ്ത്രം, സ്ത്രീ, അക്ഷതം, പശു, ദീപം എന്നിവയാണ് അഷ്ടമംഗലങ്ങള്‍.

ദീപികാ ദര്‍പ്പണം ഹേമ ധാന്യപാത്രം ഘൃതം ദധി
പുസ്താമംഗലപാത്രീ ച ലൗകികം ത്വഷ്ടമംഗലം
ദീപം, കണ്ണാടി, സ്വര്‍ണ്ണം, ധാന്യപാത്രം, നെയ്യ്, ദധി(വെണ്ണ, വസ്ത്രം), പുസ്തകം, മംഗലപാത്രം(കുങ്കുമച്ചെപ്പ്) ഇവ എട്ടുമാണ് അഷ്ടമംഗലങ്ങള്‍. ഇവ ലൗകികാഷ്ടമംഗലങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

അക്ഷതഃ പുസ്തകം ദീപം ദര്‍പ്പണം രത്‌നസമ്പുടം
പൂര്‍ണ്ണകുംഭം ഫലം വസ്ത്രം അഷ്ടമംഗല്യമുത്തമം
അക്ഷതം, പുസ്തകം, ദീപം, കണ്ണാടി, രത്‌നം, നിറകുടം, പഴം, വസ്ത്രം എന്നിവയാണ് അഷ്ടമംഗലങ്ങള്‍. ഇവ ഉത്തമാഷ്ടമംഗലങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

ഇവയെല്ലാം പരിഗണിച്ചാല്‍ 1.കുങ്കുമച്ചെപ്പ്, 2. വാല്‍ക്കണ്ണാടി, 3.സ്വര്‍ണ്ണം (പണം), 4.പുഷ്പം, 5.അക്ഷതം, 6.ഫലം (പഴം), 7.താംബൂലം, 8.ഗ്രന്ഥം, 9.തണ്ഡുലം (നെല്ല്), 10.അഞ്ജനം, 11.വസ്ത്രം, 12.കസ്തൂരി, 13.അടയ്ക്ക, 14.ദീപം, 15.കലശം (നിറകുടം), 17.ദധി (വെണ്ണ), 17.ധാന്യപാത്രം, 18.രത്നം, 19.പെണ്‍കുട്ടി (സ്വര്‍ണം വെയ്ക്കുന്ന കുട്ടി), 20.പശു എന്നിങ്ങനെ ഇരുപതോളം വസ്തുക്കളുടെ ലിസ്റ്റ് കിട്ടും. ഇവയില്‍ ദേശാചാരപ്രകാരം അനുയോജ്യമായ 8 വസ്തുക്കള്‍ സ്വീകരിച്ചാല്‍ അഷ്ടമംഗലമായി.

 

You are not authorised to post comments.

Comments powered by CComment