ഓജയുഗ്മാംശകങ്ങളും സ്ത്രീപുരുഷ ജനനവും

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയാണ് ഈ ലേഖനത്തിനാധാരം.)

നന്ദു ജോത്സ്യര്‍:

പലരുടെയും ജാതകം പരിശോധിച്ചാൽ പുരുഷന് യുഗ്മാംശകവും ,സ്ത്രീക്ക് ഓജാംശകവും കാണുന്നു. ഇത് തെറ്റല്ലേ.......ഇതിൻെറ യുക്തിയോ പ്രമാണമോ അറിയാവുന്നവർ പ്രമാണസഹിതം സമർപ്പിച്ചാൽ കൊള്ളാം. എല്ലാവർക്കും ഉപകാരമായിരിക്കും....

അനില്‍ കാടൂരാന്‍:

ലഗ്നം ആണോ .. ഉദ്ദേശിച്ചതു ..? അതോ ഗ്രഹങ്ങള്‍ എല്ലാമോ ..?

നന്ദു ജോത്സ്യര്‍:

ലഗ്നാംശം മാത്രമാണ് ഉദ്ദേശിച്ചത്..

അനില്‍ കാടൂരാന്‍:

അതു കൃത്യമാക്കാലോ ..? ആക്കികൂടേ ..?

നന്ദു ജോത്സ്യര്‍:

ആക്കാം എന്നാൽ പലരുടെയും ജാതകത്തിൽ ഇങ്ങനെ മാറിക്കെടുക്കുന്നത് തെറ്റല്ലേ.....സ്ത്രീക്ക് യുഗ്മാംശകവും പരുഷന് ഓജാംശകവും വരേണ്ടതല്ലേ.....?

അനില്‍ കാടൂരാന്‍:

അങ്ങനെ വരണമെന്നു നിര്‍ബന്ധം ഉണ്ടോ ..? അതോ ജന്മ നക്ഷത്രം കുന്ദ ക്രീയ ചെയ്തു സ്ഫുടം വരുത്തണോ ..?

നന്ദു ജോത്സ്യര്‍:

അങ്ങിനെ വരണം എന്നാണ് ഗുരു ഉപദേശം. കുന്ദക്രിയ മുഖ്യമായി പറയുന്നത് പ്രശ്നത്തിൽ ആണ് എങ്കിലും ജാതകത്തിലും പ്രയോഗിക്കാം ചിലസമയം കിട്ടിയെന്നുവരില്ല പ്രധാനം അംശം തന്നെ

അനില്‍ കാടൂരാന്‍:

കുന്ദക്രിയ പ്രശ്നത്തില്‍ എന്തിനാണ് ഉപയോഗിക്കുന്നത്.? പുരുഷ ജാതകത്തിനു സ്ഫുടഗതികൊണ്ട് അംശകം ഒജം തന്നെ വരണമെന്നു നിര്‍ബന്ധം ഉണ്ടോ ..? പ്രമാണം ഉണ്ടോ?

നന്ദു ജോത്സ്യര്‍:

പ്രമാണമാണ് ഞാൻ തേടികൊണ്ടിരിക്കുന്നത്. പറഞ്ഞിരുന്ന ഗുരു മരിച്ചു പോയി. അതാണ് കുഴപ്പം

അനില്‍ കാടൂരാന്‍:

കുന്ദക്രിയ കൊണ്ട് പ്രശ്നത്തില്‍ എന്താണ് സ്ഫുടം ചെയ്യുന്നത് ?

നന്ദു ജോത്സ്യര്‍:

കുന്ദക്രിയയിലൂടെ പ്രതിഷ്ഠാദിനനക്ഷത്രമോ ദേവന്റെ നക്ഷത്രമോ വരണം. എന്നല്ലേ പ്രശനമാർഗ്ഗത്തിൽ പറയുന്ന് പ്രശമാർഗ്ഗം വായിച്ചാൽ പിടികിട്ടും

അനില്‍ കാടൂരാന്‍:

അത് ദേവപ്രശ്നത്തില്‍ അല്ലേ ..?

നന്ദു ജോത്സ്യര്‍:

അതെ

അനില്‍ കാടൂരാന്‍:

ഇപ്പ ക്ലീയര്‍ ആയി

ശ്രീനാഥ് ഒജി:

Nandu Jyolsiar ji, // കുന്ദക്രിയ മുഖ്യമായി പറയുന്നത് പ്രശ്നത്തിൽ ആണ് എങ്കിലും ജാതകത്തിലും പ്രയോഗിക്കാം ചിലസമയം കിട്ടിയെന്നുവരില്ല പ്രധാനം അംശം തന്നെ//

ആദ്യം കുന്ദക്രിയ ജാതകത്തില്‍ ഉപയോഗിക്കാം എന്നതിന് പ്രമാണം പറയണം. രണ്ടാമത് ലഗ്നാംശകം കൊണ്ടുമാത്രം സ്ത്രീപുരുഷഭേദം നിര്‍ണയിക്കാം എന്നതിന് പ്രമാണം പറയണം.

Anil Kadooraan ji എന്തു ക്ലിയറായീന്നാ...

അനില്‍ കാടൂരാന്‍:

Sreenadh OG ഒഴിഞ്ഞു പോവാന്‍ സമ്മതിക്കൂല അല്ലേ? ഒന്നാമതു സമയവും രണ്ടാമത് ആരോഗ്യവും മോശമാണ് ..

എകെ രാജ്കുമാര്‍ കളരിക്കല്‍:

ലഗ്നം ഓജമാണെങ്കിൽസ്ത്രീക്ക് യുഗ്മ അംശകം വരണം. പുരുഷന് മറിച്ചും വരണം.

നന്ദു ജോത്സ്യര്‍:

സ്ത്രീയുടെ ലഗ്നം യുഗ്മം ആണെങ്കിൽ അംശം എതായിരിക്കണം?

എകെ രാജ്കുമാര്‍ കളരിക്കല്‍:

ഏതായാലും കുഴപ്പമില്ല.

നന്ദു ജോത്സ്യര്‍:

Ok....... Thank you...എന്നാൽ ഇതിന് ഏതെങ്കിലും പ്രമാണം ഉണ്ടോ......?? ഉണ്ടെങ്കിൽ. ആ...പ്രമാണ്. താങ്കൾക്ക് പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരിക്കും...കുറേനാളായി..തേടി നടക്കുകയാണ്. ...ഹോരയിൽ അത്ര വ്യക്തമായി കാണുന്നില്ല. അതുകൊണ്ട് ചോദിച്ചതാണ്....Please......

എകെ രാജ്കുമാര്‍ കളരിക്കല്‍:

പ്രമാണം കണ്ടിട്ടില്ല. ഞാൻ മുകളിൽ പറഞ്ഞത് വൃദ്ധ ജ്യോൽസ്യ മതമാണ് .

നന്ദു ജോത്സ്യര്‍:

Ok thank you....ഞാനും തേടികൊണ്ടിരിക്കുകയാണ്....നന്ദി

എകെ രാജ്കുമാര്‍ കളരിക്കല്‍:

ഞാൻ മുകളിൽ പറഞ്ഞത് വൃദ്ധ ജ്യോൽസ്യ മതമാണ് .

ശ്രീനാഥ് ഒജി:

ഇത് തെറ്റാണ്.  അങ്ങനെ ഒരു മതമില്ല. എല്ലാ ജ്യോതിഷികളും ഇന്നല്ലെങ്കില്‍ നാളെ വൃദ്ധരാവും. മരിച്ചുപോയ ഒട്ടുമിക്ക ജ്യോതിഷികളും വൃദ്ധരായി'ട്ടു തന്നെയാണ് മരിച്ചത്. ഇന്നുള്ള വൃദ്ധജ്യോതിഷികളുടെ വാദങ്ങളേക്കാള്‍ പ്രസക്തമല്ലേ മരിച്ചുപോയ ഗ്രന്ഥരചയിതാക്കളും പണ്ഡിതാഗ്രേസരരും കൂടിയായ വൃദ്ധജ്യോതിഷികളായ ആചാര്യന്മാരുടെ മതം? :) അവരില്‍ ഋഷിമാര്‍ പോലുമുണ്ടെന്നതും ഓര്‍ക്കണം. :) തല നരച്ചോ ഇല്ലയോ എന്നത് അറിവിന്റെ വിശ്ലേഷണത്തില്‍ പ്രസക്തമല്ല.

യുക്തിയുക്തമുപാദേയം വചനം സ്വീകാര്യം ബാലകാദപി,

യുക്തിഹീനമുപാദേയം തൃണവത് ത്യാജ്യം വൃദ്ധാദപി ഗുരൂരപി.

//ലഗ്നം ഓജമാണെങ്കിൽസ്ത്രീക്ക് യുഗ്മ അംശകം വരണം. പുരുഷന് മറിച്ചും വരണം.// //ഞാൻ മുകളിൽ പറഞ്ഞത് വൃദ്ധ ജ്യോൽസ്യ മതമാണ് .//

വൃദ്ധജ്യോതിഷമതം എന്നത് പ്രമാണമില്ല എന്നാല്‍ ചിലര്‍ പറ്ഞ്ഞും ആചരിച്ചും വരുന്നതായി കാണുന്നു. എന്നു പറയാനുള്ള മറ്റൊരു രീതിയാണോ? ആചാര്യന്മാരുടെ കേചന പോലെ...

മംഗലം കളരിക്കല്‍ വിജയരാഘവന്‍:

സ്ത്രീ രാശ്യംശക ഭേദേന സ്ത്രീ പ്രസൂയതെ

പുരുഷ രാശ്യംശക ഭേദേന പുരുഷ പ്രയൂയതെ

ജലപ്രാണോദയ കാലെ ജനന സംഭവം ഇതി സൂത്രിത :

നന്ദു ജോത്സ്യര്‍:

Very good......sir. ഗ്രന്ധം ഓർമ്മയുണ്ടോ.....ഉണ്ടെങ്കിൽ അതു കൂടി കിട്ടിയാൽ നന്നായിരുന്നു

ശ്രീനാഥ് ഒജി:

ഈ സൂത്രിച്ചത് ആരാണ്? ഇതു തെറ്റാണെന്നതു കൂടാതെ വരാഹഹോരാവിരുദ്ധവുമാണ്.

ഈ സൂത്രിച്ചതില്‍പ്പോലും എവിടെയാണ് അത് ലഗ്നരാശിയെക്കുറിച്ചോ ലഗ്നനവാംശകത്തെക്കുറിച്ചോ ആണ് എന്നു പറഞ്ഞിട്ടുള്ളത്?! ലഭ്യമെന്ന് അവകാശപ്പെടുന്ന ശ്ലോകത്തില്‍ പോലും പറയാത്തത് അധ്യാരോപിച്ച് തെറ്റായി വ്യാഖ്യാനിച്ച് വഴിതെറ്റിക്കുന്നതും തെറ്റുന്നതും ന്യായീകരിക്കത്തക്കതാണോ?

//ജലപ്രാണോദയ കാലെ ജനന സംഭവം ഇതി സൂത്രിത :// സൂത്രിച്ചവര്‍ ജലപ്രാണോദയകാലം നോക്കിപ്പോയത് വായുഭൂതോദയം പോരാഞ്ഞിട്ടും യോജിക്കാഞ്ഞിട്ടും ആവുമോ?

ശ്രീനാഥ് ഒജി:

//പലരുടെയും ജാതകം പരിശോധിച്ചാൽ പുരുഷന് യുഗ്മാംശകവും ,സ്ത്രീക്ക് ഓജാംശകവും കാണുന്നു. ഇത് തെറ്റല്ലേ...// അല്ല. തികച്ചും സ്വാഭാവികം മാത്രം. അത് അങ്ങനെയൊക്കെ വരും. പുരുഷന്‍ ഓജരാശിയിലോ ഓജാംശകത്തിലോ തന്നെ ജനിക്കണമെന്നോ, സ്ത്രീ യുഗ്മരാശിയിലോ യുഗ്മാംശകത്തിലോ തന്നെ ജനിക്കണമെന്നോ ഒരു പ്രമുഖ ആചാര്യനും പറഞ്ഞിട്ടില്ല. അങ്ങനെ വേണമെന്ന് ചില ജ്യോതിഷികള്‍ വാശി പിടിക്കുന്നത് ഋഷിമതവിരുദ്ധവും, അവരുടെ അറിവില്ലായ്മയും ആണ്.

മംഗലം കളരിക്കല്‍ രാഘവന്‍:

ഈ പ്രമാണം ഞാനെഴുതിയതല്ലാ.. ഞാൻ ഈ പ്രമാണത്തെ ബഹുമാനിക്കുന്നു. എന്നാൽ ജി. നിങ്ങൾ പറയുന്നതിൽ അൽപ്പം ഋഷി വചന വിരുദ്ധമുണ്ടെന്നു തോന്നുന്നു.

ശ്രീനാഥ് ഒജി:

ജ്യോതിഷതത്വദീപിക എന്ന എന്റെ ഗ്രന്ഥത്തില്‍ നിന്ന് -

സ്ത്രീപുരുഷഭേദനിര്‍ണ്ണയത്തിന് ലഗ്നനവാംശം സര്‍വ്വഥാ സ്വീകാര്യമാണ് എന്ന തെറ്റിദ്ധാരണ സൃഷ്ടിച്ചത് ഒരു പ്രശ്‌നരത്‌ന ശ്ലോകമാണ്. അത് താഴെച്ചേര്‍ക്കുന്നു.

ഓജരാശാവോജരാശി നവാംശേജായതേ പുമാന്‍

യുഗ്മരാശൗ യുഗ്മരാശി നവാംശ ജായതേ വധൂഃ.

(പ്രശ്‌നരത്‌നം)

ഓജരാശിയില്‍ ഓജനവാംശകത്തില്‍ പുരുഷന്‍ ജനിക്കുന്നു. യുഗ്മരാശിയില്‍ യുഗ്മനവാംശകത്തില്‍ സ്ത്രീജനിക്കുന്നു

ലഗ്നവും ലഗ്നവാംശകവും ഓജരാശിയിലാണെങ്കില്‍ പുരുഷ ജനനവും, യുഗ്മരാശിയിലാണെങ്കില്‍ സ്ത്രീജനനവും പറയണമെന്നാണ് ഈശ്ലോകത്തിനര്‍ത്ഥമെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു.

ലഗ്നത്തിന്റെ രാശ്യാംശകങ്ങളെക്കുറിച്ചാണ് ഈ ശ്ലോകത്തിലെ പരാമര്‍ശം എന്ന വാദം അംഗീകരിച്ചാല്‍ക്കൂടി (ആ വാദം അംഗീകരിക്കത്തക്കതല്ല), ലഗ്നം ഓജരാശിയിലും ലഗ്നനവാംശം യുഗ്മരാശിയിലും ആണെങ്കിലും, ലഗ്നം യുഗ്മരാശിയിലും ലഗ്നനവാംശം ഓജരാശിയും ആണെങ്കിലും എന്തു പറയണമെന്ന് ശ്ലോകത്തില്‍ പറഞ്ഞിട്ടില്ല. ഇതിനാല്‍ അത്തരം സാഹചര്യങ്ങളില്‍ മറ്റുയോഗങ്ങളെയും മാര്‍ഗ്ഗങ്ങളെയും കൂടി പരിഗണിക്കേണ്ടതാണ് എന്നതാവാം, പ്രശ്‌നരത്‌നകാരന്റെ അഭിപ്രായം. പുരുഷനെ സംബന്ധിച്ചിടത്തോളം ലഗ്നവും ലഗ്നാംശവും യുഗ്മരാശിയിലാവുക എന്നതുണ്ടാവുകയില്ലെന്നും സ്ത്രീയെ സംബന്ധിച്ചിടത്തോളം ലഗ്നവും ലഗ്നാംശകവും ഓജരാശിയിലാവുക എന്നതുണ്ടാവുകയില്ലെന്നും ഈ ശ്ലോകം സൂചിപ്പിക്കുന്നതായി ചിലര്‍ വാദിക്കുന്നു. എന്നാല്‍ ഇത്തരം വാദപ്രതിവാദങ്ങളുടെ ആവശ്യമില്ല. കാരണം ഓജര്‍ഷേ പുരുഷാംശകേഷു....' ഇത്യാദി വരാഹഹോരാശ്ലോകത്തെയോ അഥവാ അതിലും പ്രാചീനമായ സ്ഫുജിദ്ധ്വജന്റെ യവനജാതകം തുടങ്ങിയ ഗ്രന്ഥങ്ങളെയോ ആശ്രയമാക്കിയാണ് പ്രശ്‌നരത്‌നകര്‍ത്താവ് ഇപ്രകാരം അഭിപ്രായപ്പെട്ടതെങ്കില്‍ അവയിലൊന്നും ലഗ്നരാശിയുടെ രാശ്യാംശകങ്ങളെമാത്രം പരിഗണിച്ച് ഇപ്രകാരം പറയാമെന്ന് പറയപ്പെട്ടിട്ടില്ലെന്ന് ഓര്‍ക്കേണ്ടതാണ്. പുരുഷസൂചകഗ്രഹങ്ങളായ സൂര്യന്റെയും വ്യാഴത്തിന്റെയും രാശ്യംശകങ്ങളും സ്ത്രീസൂചക ഗ്രഹങ്ങളായ ചന്ദ്രന്റെയും ശുക്രന്റേയും ചൊവ്വയുടെയും രാശ്യംശകങ്ങളും പരിഗണിച്ചും; വ്യക്തിയുടെ ശരീരത്തെയും മനസ്സിനേയും, ആത്മാവിനെയും ഭാഗ്യത്തെയും സൂചിപ്പിക്കുന്ന ലഗ്നം ചന്ദ്രന്‍ സൂര്യന്‍ വ്യാഴം എന്നിവയുടെ രാശ്യാംശകങ്ങള്‍ പ്രത്യേകം പരിഗണിച്ചും ആണ് സ്ത്രീപുരുഷഭേദം നിര്‍ണ്ണയിക്കേണ്ടതെന്നാണ് അവ നിര്‍ദ്ദേശിക്കുന്നത്.

അതുകൊണ്ടുതന്നെ മേല്‍ക്കാണിച്ച പ്രശ്‌നരത്‌നശ്ലോകം,

വിഷമേ വിഷമാംശഗതാ ഹോരാശശിജീവഭാസ്‌കരാബലിനഃ

കുര്‍വന്തി ജന്മ പുംസാം സമേ സമാംശേതു യുവതീനാം.

- കല്യാണവര്‍മ്മന്‍ (സാരാവലി)

ബലവാന്മാരായ ലഗ്നവും ചന്ദ്രനും വ്യാഴവും സൂര്യനും ഓജരാശികളില്‍ ഓജാംശകത്തില്‍ നിന്നാല്‍ പുരുഷനും, യുഗ്മരാശികളില്‍ യുഗ്മാംശകത്തില്‍ നിന്നാല്‍ സ്ത്രീയും ജനിക്കും.

എന്ന സാരാവലീ ശ്ലോകത്തില്‍ പറയുന്നതിനെ ഒന്നുകൂടി വ്യക്തമാക്കുന്ന ഒരു ശ്ലോകം മാത്രമാണ്്. അതായത്, ജാതകത്തില്‍ പൊതുവേ ഓജരാശിനവാംശകങ്ങള്‍ക്കുള്ള പ്രാധാന്യം പുരുഷജനനത്തെയും യുഗ്മരാശി നവാംശങ്ങള്‍ക്കുള്ള പ്രാധാന്യം സ്ത്രീജനനത്തെയും സൂചിപ്പിക്കുന്നു എന്നു മാത്രം ഈ ശ്ലോകം സൂചിപ്പിക്കുന്നതായി കരുതുന്നതാണ്് യുക്തമായിട്ടുള്ളത്. ആ ശ്ലോകം ലഗ്നത്തിന്റെ രാശി നവാംശങ്ങളെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത് എന്ന തെറ്റിദ്ധാരണ പലപ്പോഴും തെറ്റായ ഫലങ്ങളിലെത്തിച്ചേരാന്‍ മാത്രമേ സഹായിക്കൂ.

അതിനാല്‍ ലഗ്നത്തിന്റെ രാശി നവാംശങ്ങളുടെ ഓജയുഗ്മഭേദത്തെ മാത്രം ആശ്രയിച്ച് ജ്യോതിഷികള്‍ ഒരിക്കലും സ്ത്രീപുരുഷഭേദം പ്രവചിക്കാന്‍ ശ്രമിക്കരുത് എന്നതത്രേ വ്യക്‌തോപദേശം.

ജ്യോതിഷതത്വദീപിക എന്ന എന്റെ ഗ്രന്ഥത്തില്‍ മറ്റൊരു ഭാഗത്തുനിന്ന് വീണ്ടും ഉദ്ധരിക്കുന്നു -

ലക്ഷണങ്ങളില്‍ ഭൂരിപക്ഷം ഏതിനെന്ന് നോക്കി വേണം സ്ത്രീയെന്നോ പുരുഷനെന്നോ നിശ്ചയിക്കേണ്ടത്.

ഇക്കാര്യം പ്രശ്‌നമാര്‍ഗ്ഗത്തില്‍ വ്യക്തമായി പറയപ്പെട്ടിട്ടുണ്ട്. വരാഹഹോരയിലെ 'ഓജര്‍ക്ഷേപുരുഷാംശകേഷു......... ഇത്യാദി പുംസ്ത്രീനിര്‍ണ്ണയ ശ്ലോകങ്ങള്‍ ഉദ്ധരിച്ചശേഷം പ്രശ്‌നമാര്‍ഗ്ഗകര്‍ത്താവ് പറയുകയാണ്-

പുംലക്ഷ്മാണി ചതുര്‍ദ്ദശസ്യുരബലാ ലക്ഷ്മാണി താവന്തി താ-

ന്യോജര്‍ക്ഷാദികപദ്യയുഗ്മകഥിതാന്യേഷാസ്തി പുംലക്ഷണം

നാരീലക്ഷ്മ ച യാവദത്ര കുഹചിന്ന്യസ്യേല്‍ പൃഥക്തദ്ദ്വയം

സംഗണ്യാഥ വരാടികാ നൃവനിതേ വാച്യേ ബഹുത്വാത്തയോഃ.

- പനയ്ക്കാട്ട് നമ്പൂതിരി (പ്രശ്‌നമാര്‍ഗ്ഗം)

ഓജര്‍ക്ഷേ പുരുഷാംശകേഷു....' ഇത്യാദി ശ്ലോകങ്ങളെ ക്കൊണ്ടു വരാഹഹോരയില്‍ പതിനാലു പുരുഷലക്ഷണങ്ങളും പതിനാലു സ്ത്രീലക്ഷണങ്ങളും പറഞ്ഞിരിക്കുന്നു. സ്ത്രീപുരുഷഭേദം നിര്‍ണ്ണയി ക്കേണ്ടിവരുമ്പോള്‍ ഇത്തരത്തിലുള്ള ഓരോ പുരുഷലക്ഷണത്തിനും വലത്ത് ഓരോ കവടിയും ഓരോ സ്ത്രീലക്ഷണത്തിനും ഇടത്ത് ഓരോ കവടിയും എന്നിങ്ങനെ വെച്ചശേഷം അവ എണ്ണിനോക്കിയാല്‍ വലതു വശത്തിരിക്കുന്ന കവടികള്‍ അധികമാണെങ്കില്‍ പുരുഷപ്രജയെന്നും ഇടതുവശത്തിരിക്കുന്ന കവടികള്‍ അധികമാണെങ്കില്‍ സ്ത്രീപ്രജയാണെന്നും പറഞ്ഞുകൊള്ളണം. എന്ന്.

ഈ പദ്യം കൊണ്ടുതന്നെ (ലഗ്നത്തിന്റെ ഓജയുഗ്മരാശിസ്ഥിതി നവാംശസ്ഥിതി തുടങ്ങിയ) ഏതെങ്കിലും ഒരു ലക്ഷണത്തെ മാത്രം ആധാരമാക്കി സ്ത്രീപുരുഷ നിര്‍ണ്ണയം ചെയ്യുന്നത് ശരിയല്ലെന്നു വെളിപ്പെടുന്നുണ്ടല്ലോ? അതിനാല്‍ സ്ത്രീപുരുഷ ഭേദനിര്‍ണ്ണയത്തില്‍ ലക്ഷണങ്ങളില്‍ ഭൂരിപക്ഷം ഏത്?' എന്നതിനാണ് പ്രാധാന്യം എന്നത് ഒരിക്കലും മറക്കരുത്.

ഋഷിവിരുദ്ധവും പ്രാമാണിക ജ്യോതിഷഗ്രന്ഥങ്ങള്‍ക്കു വിരുദ്ധവുമായ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുന്നത് ജ്യോതിഷത്തിനും ജ്യോതിഷികള്‍ക്കും ഒരിക്കലും ഭൂഷണമല്ല. ‍_/\_

നന്ദു ജോത്സ്യര്‍:

കൂടൂതൽ ഇതിനെ കുറിച്ച് പഠിക്കാൻ കഴിയുന്നത് ഭാഗ്യം തന്നെയാണ്....ഇതിൽ പ്രതികരിക്കുന്ന എല്ലാവരേയും ബഹുമാനപൂർവ്വം നമസ്കരിക്കുന്നു. സ്നേഹത്തോടെ......

എകെ രാജ്കുമാര്‍ കളരിക്കല്‍:

പുരുഷൻ ഓജ രാശിയിൽ ഓജ അംശകത്തിലും സ്ത്രീക്ക് മറിച്ചും വരണമെന്നത് വിഡ്ഢിത്തമാണ്.അതേപോലെ പുരുഷന് ലഗ്നമോ ലഗ്നംശകമോഓജത്തിൽ (സ്ത്രീക്ക് വിപരീതം) വരണമെന്നതും യുക്തിഹീനമാണ് .

വിനോദ് പണിക്കര്‍ കീഴൂര്‍:

ഓജർക്ഷേ പുരുഷാംശകേഷു ബലിഭിഃ' എന്ന ഹോരാ പ്രമാണം തന്നെയാണ് സർവ്വത്ര സ്വീകാര്യം. ഓജർക്ഷത്തിലും പുരുഷാംശകത്തിലുമായി സ്ത്രീ ജനിക്കില്ല എന്ന് ശഠിക്കുന്നവരുണ്ട്.യുഗ്മാംശകമെങ്കിലും ലഭിക്കാൻ കൊടുത്ത സമയത്തെ വ്യത്യാസപ്പെടുത്തി നോക്കുന്ന സമ്പ്രദായം ധാരാളമായി കാണാൻ കഴിയും. മേൽപ്പറഞ്ഞ പ്രകാരം വന്നാൽ അവൾ 'പുരുഷാ കൃതി ശീലയുക്തയാകും' എന്ന് മാത്രമാണ് ആചാര്യൻ ഉദ്ദേശിച്ചിട്ടുള്ളത് സൂക്ഷ്മമായി മനസ്സിലാക്കാൻ കഴിയും .സ്ത്രീ ജനിക്കില്ല എന്ന് പറഞ്ഞിട്ടില്ല. തിരിച്ചും സംഭവ്യമാണ് ;പുരുഷാ കൃതിയും സ്ത്രീ സ്വഭാവവുമായി ധാരാളം ആളുകൾ ഇല്ലേ. സ്ത്രീ ജനിച്ചാൽ പൗരുഷ പ്രകൃതക്കാരിയാകും എന്ന് പറയാനേ തരമുള്ളൂ. ഒാജസ്തുയോക്ത പുരുഷാകൃതിശീലയുക്താ ...

അനില്‍ കാടൂരാന്‍:

അതാണു ... പൌരുഷം ഉണ്ടാവും ..അതായതു ഒരു ഇളനീര്‍ വേണമെന്നു തോന്നിയാല്‍ ഏണി വെച്ചു എങ്കിലും കയറും

ശ്രീനാഥ് ഒജി:

പല തത്വങ്ങളെയും ഒരു ചിമിഴിലെന്നോണം ഒതുക്കിയ അര്‍ത്ഥസാന്ദ്രമായ ശ്ലോകമാണ് വരാഹഹോരയിലേത്. സ്ത്രീപുരുഷ നിര്‍ണ്ണയത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ വിശദമായറിയാതെ ആ അര്‍ത്ഥസാന്ദ്രത നമുക്കു ഗ്രഹിക്കാനാവില്ല. അതിനാലത്രേ ആ ശ്ലോകം ഒട്ടനവധി അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. ശ്ലോകം താഴെച്ചേര്‍ക്കുന്നു.

ഓജര്‍ഷേ പുരുഷാംശകേഷു ബലിഭിര്‍ല്ലഗ്നാര്‍ക്കഗുര്‍വ്വിന്ദുഭിഃ

പുഞ്ജന്മ പ്രവദേച്ഛമാംശകഗതൈര്യുഗ്മേഷു തൈര്യോഷിതഃ

ഗുര്‍വ്വര്‍ക്കൗ വിഷമേ നരം ശശിസിതൗ വക്രശ്ച യുഗ്മേ സ്ത്രിയം

ദ്വ്യംഗസ്ഥാ ബുധവീക്ഷണാച്ച യമളൗ കുര്‍വ്വന്തി പക്ഷേസ്വകേ.

- വരാഹമിഹിരന്‍ (ബൃഹജ്ജാതകം)

ലഗ്നം, സൂര്യന്‍, വ്യാഴം, ചന്ദ്രന്‍ എന്നിവ നില്‍ക്കുന്ന രാശികളും നവാംശകങ്ങളും ഓജങ്ങളായിരുന്നാല്‍ പുരുഷസന്താനമായിരിക്കും ജനിക്കുക എന്നു പറയണം. സമരാശിയിലോ അംശകത്തിലോ (2-4-6-8-10-12 ഭാവങ്ങള്‍) യുഗ്മരാശിയില്‍ നില്‍ക്കുന്ന അവ (പൗരുഷഹാനിയേയും തദ്വാരാ) സ്ത്രീ സന്താനത്തേയുമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ വ്യാഴം, സൂര്യന്‍ എന്നിവ നില്‍ക്കുന്ന രാശികളും നവാംശകങ്ങളും വിഷമരാശികളാണെങ്കില്‍ (1-3-5-7-9-11 ഭാവങ്ങള്‍) ആണ് എങ്കില്‍ നിസ്സംശയം പുരുഷജനനം പറഞ്ഞുകൊള്ളേണ്ടതാണ്. ചന്ദ്രന്‍, ശുക്രന്‍, കുജന്‍ എന്നിവ നല്‍ക്കുന്ന രാശികളും നവാംശങ്ങളും യുഗ്മരാശിയിലായിരുന്നാല്‍ സ്ത്രീസന്താനമായിരിക്കും ജനിക്കുക എന്നു പറയണം. വിഷമ രാശിയിലോ അംശകത്തിലോ (1-3-5-7-9-11 ഭാവങ്ങള്‍) ഓജരാശിയില്‍ നില്‍ക്കുന്ന അവ (സ്‌ത്രൈണതാ ഹാനിയേയും തദ്വാരാ) പുരുഷസന്താനത്തേയുമാണ് സൂചിപ്പിക്കുന്നത്. ഇവയുടെ (ലഗ്നം, ചന്ദ്രന്‍, സൂര്യന്‍, വ്യാഴം, ശുക്രന്‍, ചൊവ്വ എന്നിവയുടെ) സ്ഥിതി നവാംശകം എന്നിവയ്ക്ക് ഉഭയരാശിയുടെ ആധിക്യം ഉണ്ട് എങ്കിലും ബുധന്റെ വീക്ഷണമുണ്ട് എങ്കിലും ഇരട്ടകളുടെ ജനനം പ്രവചിക്കാവുന്നതാണ്.

ഈ ശ്ലോകത്തിലെവിടെയും പുരുഷജനനത്തിന്റെ കാര്യത്തില്‍ ലഗ്നം ഓജരാശിയും ഓജാംശകവും ആവണമെന്നോ, സ്ത്രീജനനത്തിന്റെ കാര്യത്തില്‍ ലഗ്നം യുഗ്മരാശിയും യുഗ്മാംശകവും ആവണമെന്നോ പറഞ്ഞിട്ടില്ല. ലഗ്നസ്ഫുടത്തെ കുറിച്ചേ അല്ല ചര്‍ച്ച, മറിച്ച് പരഗണിക്കപ്പെട്ട ഒട്ടനവധി ഗ്രഹങ്ങളെയും അവയുടെ സ്ഥിതിയേയും കുറിച്ചാണ്. _/\_

ഓജര്‍ക്ഷേ പുരുഷാംശകേഷു എന്ന കഷണം മാത്രം കേട്ടിട്ടോ മറ്റോ പുരുഷനാണെങ്കില്‍ ലഗ്നസ്ഫുടം ഓജ നവാംശകത്തിലുമാവണമെന്നും സ്ത്രീയാണെങ്കില്‍ ലഗ്നസ്ഫുടം യുഗ്മനവാംശകത്തിലാവണമെന്നും മറ്റും വാദിക്കുന്നതും, അങ്ങനെ വരുത്താന്‍ വേണ്ടി ജനനസമയത്തിലും മറ്റും മാറ്റം വരുത്തുന്നതും വിഡ്ഢിത്തമെന്നും ആചാര്യവിരുദ്ധമെന്നും മാത്രമേ പറയാനാവൂ ആചാര്യന്മാരെയും ഹോരയെയും ഇതര ഗ്രന്ഥങ്ങളെയും .ബഹുമാനിക്കുന്ന ജ്യോതിഷികള്‍ ഒരിക്കലും ഈ വിഡ്ഢിത്തത്തിന് കൂട്ടു നില്‍ക്കരുത്. _/\_

വികെ സന്തോഷ് പണിക്കര്‍:

ഒാജസ്ഥിതി ഒാജാംശകം ഓജരാശികളിൽ കൂടുതൽ ഗ്രഹങൾ നിൽക്കണവസ്ഥ -ഇത്യാദികൾ സ്ത്രീജാതകക്ക് വന്നാൽ തൻറെടമുണ്ടാകാം അത്രന്നേ !

ശ്രീനാഥ് ഒജി:

പുരുഷാകൃതി ശീലയുക്തയൊക്കെ ആയിക്കോട്ടെ, പക്ഷെ മറ്റൊന്നുകൂടിയുണ്ട്.

അവിടെയുമുണ്ടു പ്രശ്നം. ആ ശ്ലോകത്തിലെ ഓജ യുഗ്മ പദങ്ങള്‍ക്ക് പ്രധാനമായും രാശികളെന്നല്ല മറിച്ച് ഓജ-യുഗ്മ ഭാവങ്ങളെന്നാണ് അര്‍ത്ഥം! ഓജഭാവങ്ങള്‍ ലഗ്നാല്‍ 1-3-5-7-9-11 ഭാവങ്ങള്‍, യുഗ്മഭാവങ്ങള്‍ ലഗ്നാല്‍ 2-4-6-8-10-12 ഭാവങ്ങള്‍.

ഒരു ജാതകത്തില്‍ 1-3-5-7-9-11 എന്നീ ഭാവങ്ങളിലാണ് അധികം ഗ്രഹങ്ങളും (പ്രത്യേകിച്ച് സൂര്യനും വ്യാഴവും) നില്‍ക്കുന്നതെങ്കില്‍ അത് പുരുഷജാതകമാവാനാണ് സാദ്ധ്യത. ഒരു ജാതകത്തില്‍ 2-4-6-8-10-12 എന്നീ ഭാവങ്ങളിലാണ് അധികം ഗ്രഹങ്ങളും (പ്രത്യേകിച്ച് ചന്ദ്രനും ശുക്രനും ചൊവ്വയും) നില്‍ക്കുന്നതെങ്കില്‍ അത് സ്ത്രീജാതകമാവാനാണ് സാദ്ധ്യത.

ഓജസ്ഥാനഗതാസ്സര്‍വ്വേ ഗ്രഹശ്ചേല്‍ പുത്രസംഭവഃ

സമസ്ഥാനഗതാസ്സര്‍വ്വേ യദി പുത്രീ ന സംശയഃ.

- പനയ്ക്കാട്ട് നമ്പൂതിരി (പ്രശ്‌നമാര്‍ഗ്ഗം)

എല്ലാഗ്രഹങ്ങളും 1-3-5-7-9-11 ഭാവങ്ങളിലായി (ഓജരാശികളില്‍) നിന്നാല്‍ പുരുഷജനനവും 2-3-6-8-10-12 ഭാവങ്ങളിലായി (യുഗ്മരാശികളില്‍) നിന്നാല്‍ സ്ത്രീജനനവും പറയണം. ഈ യോഗം പൂര്‍ണ്ണമായുണ്ടായിരുന്നാല്‍ ഇങ്ങനെ പറയുന്നതില്‍ ഒട്ടും സംശയിക്കണ്ട.

ഇപ്പറഞ്ഞത് ജാതകാല്‍ സ്ത്രീപുരുഷഭേദം നിര്‍ണയിക്കാനുള്ള നിയമങ്ങളിലൊന്നാണ്. ഇതും ഓജര്‍ഷേ പുരുഷാംശകേഷു ശ്ലോകത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള നിയമമാണ്.

വികെ സന്തോഷ് പണിക്കര്‍:

അർഥഭേദവിശദീകരണങൾ ക്ക് നന്ദി. ഒരുദേവസാനിധ്യം ദേവീസാനിധ്യം -ഇതുകളുടെ ഭാവകലാ രൂപാദികൾ ഉാഹിക്കാനും ഈ പ്രമാണാദികൾ -ഉപയോഗ്യമാകും എന്നു തോനണു. സാനിധ്യം എന്തു മായിക്കോട്ടേ! സംശയമാണേ

ശ്രീനാഥ് ഒജി:

എല്ലാ ഗ്രഹങ്ങളും ഭാവത്തിലും രാശിയിലും ഓജത്തിലായാല്‍ ദ്വിത്രിസംവാദഭാവം വരുമെന്നതും പുരുഷജനനമായിരിക്കും എന്നതുശ്രദ്ധിക്കുക. അതുപോലെ എല്ലാ ഗ്രഹങ്ങളും ഭാവത്തിലും രാശിയിലും യുഗ്മത്തിലായാലും ദ്വിത്രിസംവാദഭാവം വരുമെന്നതും സ്ത്രീജനനമായിരിക്കും എന്നതും ശ്രദ്ധിക്കുക. കൂടാതെ ഇവിടൊന്നും രാഹുകേതുകള്‍ പരിഗണിക്കപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്. വളരെ വളരെ അപൂര്‍വമായി മാത്രം യോജിച്ചുവരാനിടയുള്ള യോഗമാണ് ഇത്.

//ഒരുദേവസാനിധ്യം ദേവീസാനിധ്യം -ഇതുകളുടെ ഭാവകലാ രൂപാദികൾ ഉാഹിക്കാനും ഈ പ്രമാണാദികൾ -ഉപയോഗ്യമാകും എന്നു തോനണു. സാനിധ്യം എന്തു മായിക്കോട്ടേ!// ശരിയാവാം. അതിന് തീര്‍ച്ചയായും സാധ്യതയുണ്ട്. എങ്കിലും അതിന് വേറെയും നിയമങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ടല്ലോ. (അത് വിഷയം വേറെയാകും.)

വികെ സന്തോഷ് പണിക്കര്‍:

യാതേഷ്വസൽസ്വസമഭേഷു ദിനേശഹോരാം ഖ്യാതോ മഹോദ്യമബലർഥയുതോതി

തേജാ ചാന്ദ്രീം ശുഭേഷുയുജി മാർദവകാന്തസൗഖ്യ സൗഭാഗ്യധീമധുവര വാക്യയുത പ്രജാത

വെറുതേ ഈതും കിടക്കട്ടിവടേ-!

ജികെഎന്‍ കെഎ:

സ്ത്രീ പുരുഷ നിർണയങ്ങൾ ആപേക്ഷികമല്ലെ? പൂർണമായും സ്ത്രീ പുരുഷൻ എന്നത് അപൂർവ്വമായിരിക്കും. പുരുഷന്മാരിൽ അല്പം സ്ത്രൈണഭാവവും, സ്ത്രീകളിൽ തിരിച്ചും; പ്രായോഗികമായി കണ്ടുവരുന്നുണ്ട്! നക്ഷത്രങ്ങളിലേ യോനി ഘടകം ഇതിലേക്ക് വിരൽ ചൂണ്ടുന്നു. പുരുഷന്മാരിലെ 'ചാന്തുപൊട്ടും', സ്ത്രീകളിലെ ആകാര-ശബ്ദമടക്കമുള്ള പരുഷഭാവങ്ങളും ശ്രദ്‌ധിക്കുക! ഭിന്നലിംഗക്കാർക്കും സ്വവർഗ്ഗരതിക്കാർക്കുമെല്ലാം നവാശകത്തിലെ ഓജയുഗ്മവ്യത്യാസം ഒരു സൂചകമായിരിക്കും പുരുഷജാതകത്തിൽ ലഗ്ന നവാശകം യുഗ്മരാശിയെങ്കിൽ ഈ പ്രതിഭാസം പ്രകടമാകാറുണ്ട്! ഈ പറഞ്ഞതിനൊന്നും പ്രമാണം ചോദിക്കരുത്; എന്നാലും വസ്തുതകളായിരിക്കും!

വിഷ്ണുനമ്പൂതിരി:

നാലുകാലുള്ളൊരു നങ്ങേലി പെണ്ണിനെ

കോലു നാരായണൻ കട്ടോ ണ്ടു പോയ്

രണ്ടു കാലുള്ളൊരു ചട്ടമ്പിപ്പെണ്ണിനെ

കണ്ടവരെല്ലാരും കൊണ്ടോണ്ടു പോയ്

കരണത്തും നെഞ്ചത്തും കൊണ്ടോണ്ടു പോയ്!

അനില്‍ കാടൂരാന്‍:

ഗംഭീര ചര്‍ച്ച ... അഭിനന്ദനങ്ങള്‍ ..Sreenadh OG ശ്രീജി .. പണിക്കര്‍ ജി ... രാജ്കുമാര്‍ ജി ...ഇതിനു കാരണക്കാരനായ നന്ദു ജി

നന്ദു ജോത്സ്യര്‍:

സമർത്ഥമായ ചർച്ചകൾ നമ്മേ അറിവിലേക്കും നന്മയിലേക്കും നയിക്കും. .കൂടുതൽ ഓരോരുത്തരും വളരട്ടെ ജ്യോതിഷം എന്നെന്നേക്കും ജ്വലിച്ചു നിൽക്കട്ടേ. സ്നേഹപൂർവ്വം അഭിനന്ദനങ്ങൾ.

ശ്രീനാഥ് ഒജി:

പരിഹാരങ്ങളെന്നപോലെ, അന്ധവിശ്വാസങ്ങളെന്നപോലെ, യുക്തിഹീനത എന്നപോലെ ആചാര്യന്മാര്‍ ബുദ്ധിപൂര്‍വം ഒഴിവാക്കിയ പലതും അവരുടെ മേല്‍ കെട്ടിവയ്ക്കുന്നിടത്താണ്, ആരോപിക്കുന്നിടത്താണ് പ്രശ്നം. അറിവും പ്രായോഗികതയും ഉള്ളവരായതുകൊണ്ടുതന്നെയാണ് അവര്‍ ലഗ്നാംശകം മാത്രം നോക്കി സ്ത്രീപുരുഷഭേദം നിര്‍ണയിക്കാനാവും എന്ന വിഡ്ഢിത്തം പറയാതിരുന്നത്. :) _/\_ <3 അവര്‍ക്ക് നമസ്കാരം. _/\_

എകെ രാജ് കുമാര്‍ കളരിക്കല്‍:

പുരുഷ ജാതകത്തിൽ യുഗ്മ ലഗ്നമായാൽ അംശകം ഓജത്തിനടുത്തു എത്തി വരികയാണെങ്കിൽ ഞാൻ ഓജ അംശകം ആക്കാറുണ്ട്. സ്ത്രീയ്ക്ക് തിരിച്ചും.കാരണം ഗണിതം തന്നെ പലതിലും പലതരം ആയി കാണുന്നു(പഞ്ചാംഗത്തിൽ).

ശ്രീനാഥ് ഒജി:

ജനനസമയം സൂക്ഷ്മമാക്കാനുള്ള ഗണിതത്തില്‍ ഈ സംഭവം ഇല്ല. കുന്ദസ്ഫുടം, വായുഭൂതോദയം തുടങ്ങി അവിടെ രീതികള്‍ വേറെയാണ് ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളത്. (ആ വിഷയവും ഇപ്പോ പ്രസിദ്ധീകരിക്കാനിരിക്കുന്ന എന്റെ പുസ്തകമായ ജ്യോതിഷതത്വദീപികയില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.)

 

You are not authorised to post comments.

Comments powered by CComment