പ്രശ്നമാര്‍ഗം ശ്ലോകം - 21, 22, 23
- Details
- Created: Saturday, 22 April 2017 08:44
- Last Updated: Saturday, 22 April 2017 08:47
- Hits: 1320
(കേരളജ്യോതിഷം ഗ്രൂപ്പില്‍ പ്രശ്നമാര്‍ഗത്തിലെ ഈ ശ്ലോകത്തെക്കുറിച്ചു നടന്ന ചര്‍ച്ചയെ ആധാരമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി, നമസ്കാരം.)
പ്രശ്നമാര്‍ഗം ശ്ലോകം - 21, 22, 23
ശ്ലോകം - 21, 22, 23
ബ്രാഹ്മ: സൗരശ്ച വാസിഷ്ഠോ രൗമശ: പൗലിശസ്തഥാ
സിദ്ധാന്താ ഇതി പഞ്ചസ്യു: കഥ്യന്തേ ഖലു തദ്ഭിദാ:
സ്പഷ്ടോ ബ്രഹ്മസ്തു സിദ്ധാന്തസ്തസ്യാസന്നസ്തു രൗമശ:
സൗര: സ്പഷ്ടതരോfസ്പഷ്ടൗ വാസിഷ്o: പൗലിശശ്ച തൗ
കദാചിദ് ബ്രഹ്മസിദ്ധാന്ത: സാവിത്രസ്തു കദാചന
കദാചിദ്രൗമശ: സ്പഷ്ടോ ന കദാചിത്ത ഥേ തരൗ. (ഇതി.)
ബ്രഹ്മസിദ്ധാന്തം, സൂര്യ സിദ്ധാന്തം, വസിഷ്ഠ സിന്താന്തം, രോമ സിദ്ധാന്തം, പുലിശ സിദ്ധാന്തം ഇങ്ങനെ അഞ്ചു സിദ്ധാന്തങ്ങളുണ്ടു്.ബ്രഹ്മാവ്വ്, സൂര്യൻ,.. വമ്പിഷ്ഠൻ, രോമശൻ ,പുലിശൻ എന്നിവർ മത ഭേദം കൊണ്ടു് അഞ്ചു സിദ്ധാങ്ങൾ ഉണ്ടാക്കി. ബ്രാഹ്മമായിരിക്കുന്ന സിദ്ധാന്തമാകട്ടെ സ്പഷ്ഠമായും രൗമശമായിരിക്കുന്ന സിദ്ധാന്തമാകട്ടെ അതിന് ആസന്നമായും സൗരമായിരിക്കുന്ന സിദ്ധാന്തം വളരെ സ്പഷ്ഠമാണ്. വസിഷ്ഠ സിദ്ധാന്തവും പുലി ശസിദ്ധാന്തവും സ്പഷ്ഠമല്ല. ചിലപ്പോൾ ബ്രഹ്മസിദ്ധാന്തം സ്പഷ്ടമായിരിക്കും. ചിലപ്പോൾ സൂര്യ സിദ്ധാന്തം ശരിയാവും.രോമശ സിദ്ധാന്തം ചിലകാലം ഒത്തുവരും.പുലിശ വാസിഷ്ഠ സിദ്ധാന്തങ്ങൾ ഒരിക്കലും സ്പഷ്ടമാകാറില്ല. ആപ്തന്മാരായ ഇവരുടെ സിദ്ധാന്തങ്ങൾ ഒത്തു വരാത്തത് അടുത്ത കാലങ്ങളിലാകണം. അല്ലാതെ അത് പൂർകാലത്ത് ഒത്തു വന്നിട്ടില്ല എന്ന ചിന്തിക്കാൻ വഴി കാണുന്നില്ല. ഇതി - എന്നതിനാൽ സിദ്ധാന്തകഥനം ഇവിടെ അവസാനിക്കുന്നു എന്നര്‍ത്ഥം.
ബ്രാഹ്മം-സൗരം-വാസിഷ്ഠം-രൗമശം-പൗലിശം എന്നിങ്ങനെ സിദ്ധാന്തങ്ങള്‍ അഞ്ചെണ്ണമാണ്. (ഇതുകൂടാതെ പരാശരസിദ്ധാന്തം, സോമസിദ്ധാന്തം, വൃദ്ധവാസിഷ്ഠസിദ്ധാന്തം തുടങ്ങി ലഭ്യമായിട്ടുള്ളവയായി വേറെയും ഒട്ടനേകം സിദ്ധാന്തങ്ങളുണ്ട്. 18 ഋഷികുലങ്ങളില്‍ ഓരോന്നിനും ഓരോ സിദ്ധാന്തഗ്രന്ഥം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവ കൂടാതെ ആര്യഭടസിദ്ധാന്തം, ബ്രഹ്മസ്ഫുടസിദ്ധാന്തം തുടങ്ങി പില്‍ക്കാലത്തുണ്ടായ സിദ്ധാന്തഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്. പണ്ടേ പ്രസിദ്ധവും വരാഹമിഹിരന്റെ പഞ്ചസിദ്ധാന്തികയില്‍ ഉള്‍ച്ചേര്‍ത്തവയുമായ അഞ്ചുപ്രധാനപ്പെട്ട സിദ്ധാന്തങ്ങളെക്കുറിച്ചു പറഞ്ഞാല്‍, ഇവയില്‍) ബ്രഹ്മസിദ്ധാന്തം സാമാന്യേന കൃത്യമാണ്, രൗമശസിദ്ധാന്തം അത്രത്തോളം പോലും കൃത്യമല്ലെങ്കില്‍ക്കൂടി ഏകദേശം സമീപസ്ഥമായി വരും, സൂര്യസിദ്ധാന്തമാണ് ഇവയ്ക്കിടയില്‍ കൃത്യതയില്‍ ഏറ്റവും മികച്ചത്, (ബ്രഹ്മസിദ്ധാന്തത്തേക്കാളും സ്വീകാര്യമായത്), എന്നാല്‍ വാസിഷ്ഠവും പൗലിശവും ഒട്ടും കൃത്യമല്ല. (വാസ്തവത്തില്‍ ഇക്കാലത്ത് ഇവയൊന്നും വേണ്ടത്ര കൃത്യമല്ല, അതിനാല്‍ ദൃഗ്ഗണിതത്തെ ആശ്രയിക്കുകയാണ് കൂടുതല്‍ അഭികാമ്യം.) മുമ്പ് ഏതെങ്കിലും കാലത്തേയ്ക്ക് സൂര്യസിദ്ധാന്തം ശരിയായിരുന്നിരിക്കാം, മറ്റേതെങ്കിലും കാലത്തേയ്ക്ക് ബ്രഹ്മസിദ്ധാന്തവും, മറ്റേതെങ്കിലും കാലത്തേയ്ക്ക് രോമശസിദ്ധാന്തവും ശരിയായിരുന്നിരിക്കാം. വാസിഷ്ഠസിദ്ധാന്തവും പൗലിശസിദ്ധാന്തവും ഏതെങ്കിലും കാലത്തേയ്ക്ക് ശരിയായിരുന്നു എന്നു തോന്നുന്നില്ല. (വാസ്തവത്തില്‍ ഇവയൊന്നും ഇന്ന് സ്വീകാര്യമല്ല. സൂക്ഷ്മപ്പെടുത്തിയ ദൃഗ്ഗണിതമോ ആധുനികഗണിതമോ സ്വീകരിക്കുന്നതാണ് ഇന്ന് കൂടുതല്‍ അഭികാമ്യമായിട്ടുള്ളത്.)
ധീരേകം പാരമാര്‍ത്ഥികം യന്ത്രം. ആ ബുദ്ധികൊണ്ട് യന്ത്രങ്ങളും ഗണിതസ്പഷ്ടതകളും വരുത്തണം....യന്ത്രങ്ങളെ ആശ്രയിക്കരുത് എന്ന് പറഞ്ഞാല്‍ അത് തനുമനധനസമയനഷ്ടം എന്നതിനെയുണ്ടാക്കും...അതുകൊണ്ട് തന്നെ നൂറ്റാണ്ടിലെ വിഡ്ഢിത്തമാകും. തന്ത്രേ സുപരിജ്ഞാതൗ ലഗ്നൗ - ഛായാംബു - യന്ത്ര സംവിദിതേ --- .എന്ന് യന്ത്രം ആകാം എന്ന പറയുന്നുണ്ടല്ലോ.
ഭാഷാവിവര്‍ത്തനങ്ങള്‍
ബ്രാഹ്മ, സൗരങ്ങൾ, വാസിഷ്ഠം രൗമശം പൗലിശങ്ങളും
സിദ്ധാന്തങ്ങളെ ഭേദത്താൽ അഞ്ചായ് ചൊല്ലുന്നു നിർണ്ണയം
സ്പഷ്ടമാം ബ്രഹ്മസിദ്ധാന്തം ആസന്നം രൗമശം ഉടൻ,
സൗരമോ സ്പഷ്ടം, അസ്പഷ്ടം വാസിഷ്ഠ-പൗലിശങ്ങളും
സ്വല്പംസ്പഷ്ടത ഉള്ള സൗരമൊഴികെ അസ്പഷ്ടമാം മിക്കതും
ആചാര്യർ പതിനെട്ടിനുണ്ടു പലതാം സിദ്ധാന്തമെന്നാകിലും
യന്ത്രം തന്ത്രവുമിന്നിതാ കരണവും ഗ്രന്ഥങ്ങളും നൂതനം
യന്ത്രത്താൽ ശരിയായി നോക്കിയതിനെ കയ്ക്കൊള്ളണം ബുദ്ധിമാൻ
- വിഷ്ണുനമ്പൂതിരി
ബ്രഹ്മവും സൗരം വാസിഷ്ഠോം രൗമശപൗലിശങ്ങളും
സിദ്ധാന്തങ്ങളിതഞ്ചെണ്ണം പറയാം ഭേദങ്ങളിങ്ങനെ
ബ്രഹ്മസിദ്ധാന്തം സ്പഷ്ടം താന്‍ അതിന്നു സാമ്യമാ രൗമശം
സൗരസിദ്ധാന്തവും സ്പഷ്ടം വാസിഷ്ഠപൗലിശങ്ങളസ്പഷ്ടം
ഓരോ കാലത്തിതിതോരോന്നും സത്യമായ് വന്നു ചേര്‍ന്നിടും
അതിന്നനുസൃതമായ് തന്നെ സിദ്ധാന്തങ്ങളെ കാണുവിന്‍
- ചന്ദ്രകുമാര്‍ മുല്ലച്ചേരി
ബ്രാഹ്മം, സൌരം, വാസിഷ്ഠം, രൌമശം, പൌലിശം ഇവ
അഞ്ചത്രേ സിദ്ധാന്തപഞ്ചകം പഞ്ചസിദ്ധാന്തികയിലുള്ളവ.
സ്പഷ്ടം ബ്രാഹ്മസിദ്ധാന്തം, ഏറെക്കുറെ സ്പഷ്ടം രോമശം പിന്നെ
സൌരം ഏറ്റവും സ്പഷ്ടം, അസ്പഷ്ടം വാസിഷ്ഠപൌലിശം
ഏതേതോ കാലങ്ങളില്‍ ശരിയായിരുന്നേക്കാം സിദ്ധാന്തങ്ങള്‍
ബ്രാഹ്മസൌരങ്ങളും പിന്നെ രൌമശം സ്പഷ്ടങ്ങളാമിവ.
ഒരിക്കലും ഒരുകാലത്തും ശരിയെന്നു തോന്നുന്നതേയില്ല
മറ്റുള്ള സിദ്ധാന്തങ്ങള്‍ വാസിഷ്ഠം പൌലിശം എന്നിവ.
(ഇവയെല്ലാമിന്നസ്പഷ്ടം, സ്പഷ്ടദൃക്തുല്യമേതൊരു സിദ്ധാന്തം താന്‍
അതത്രേ സ്വീകാര്യം, ചരിത്രാവബോധാര്‍ത്ഥമുരചെയ്താനിവ.
പരമ്പര പതിനെട്ടിനും സിദ്ധാന്തമുണ്ടന്നത്രേ കേള്‍ക്കുന്നു
അവയുമിന്ന് ചരിത്രത്തിന്‍ സുഖദമാം സുകൃതസ്മരണകള്‍...........
കാലവും മാറീ പിന്നെ കാര്യവും മാറീ, രീതി സങ്കേതവും മാറി-
പുതുഗ്രന്ഥങ്ങള്‍ തന്ത്രങ്ങളും കരണപദ്ധതികളും യന്ത്രങ്ങളും
പിന്നെ സ്ഫെറിക്കല്‍ അസ്ട്രോണമിതന്‍ നവ്യസങ്കേതങ്ങളുംവന്നു
കാലത്തിനൊത്തോരു രീതി സ്വീകാര്യം ദൈവജ്ഞര്‍ക്കും...
പൂര്‍വ്വവിജ്ഞാനത്തിന്റെ മാഹാത്മ്യത്തിലഭിമാനിക്കൂ-
നവ്യവിജ്ഞാനത്തെ നിറവോടെ ആവോളം സ്വീകരിക്കൂ
പഴയപഥത്തിന്റെ ഊര്‍ജ്ജലാവണ്യമുള്‍ച്ചേന്നതാണീ-
പുത്തന്‍ പഥങ്ങള്‍ തന്‍ ചന്തവും തിളക്കവും................ )
- ശ്രീനാഥ് ഒജി
You are not authorised to post comments.