പ്രേതവേർപാടും, തിലഹോമവും
- Details
- Created: Wednesday, 19 April 2017 02:11
- Last Updated: Wednesday, 19 April 2017 02:19
- Hits: 10003
ലേഖകന് - ചെത്തല്ലൂർ വിജയകുമാർ.
പിതൃക്കളുടെ ഗതിയ്ക്കു വേണ്ടി ചെയ്യുന്ന വലിയ രീതിയിലുള്ള തിലഹോമം സാർവത്രികമായി നടക്കുന്ന ഒന്നല്ല. പണ്ട് തറവാടുകളിൽ അഷ്ടമംഗലപ്രശ്നം വച്ചാൽ മാത്രം ആണ് ഇത്തരം തില ഹോമാദികളും പൂജകളും ഹോമങ്ങളും ഒക്കെ നിർദേശിയ്ക്കുക. അത് തന്നെ ഒരു തറവാട്ടിൽ 12 വർഷം കൂടുമ്പോളോ അല്ലെങ്കിൽ രണ്ടു പന്തീരാണ്ടു കൂടുമ്പോളോ ആണ് അഷ്ടമംഗലപ്രശ്നം വയ്ക്കുക പതിവ്. കേരളത്തിലും പുറത്തും അടുത്തകാലത്ത് താംബൂലപ്രശ്നത്തിലും പിതൃക്കളുടെ ഗതിയ്ക്കു വേണ്ടിയുള്ള ഇത്തരം പൂജകൾ നിർദേശിയ്ക്കുക പതിവായിട്ടുണ്ട്. ഒരു അമ്പതു വർഷം മുമ്പ് ഇന്നത്തെ പോലെ ബ്രഹ്മണർ അബ്രാഹ്മണരുടെ ഗൃഹങ്ങളിൽ പൂജാദികൾക്കു പോകുക എന്ന സമ്പ്രദായം ഇല്ലായിരുന്നു. അബ്രാഹ്മണർ അവരുടെ ഗൃഹങ്ങളിൽ ഭക്തിയോടു കൂടി ശ്രാദ്ധം ഊട്ടിയും, ആണ്ടുബലി നടത്തിയും, ശാക്തേയപൂജ നടത്തിയും, സമാധി കെട്ടി പൂജ നടത്തിയും ഒക്കെ ആണ് തങ്ങളുടെ മരിച്ചു പോയ പിതൃക്കൾക്കുള്ള കർമ്മങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഇന്ന് കാലം മാറി. പുരാണ ഗ്രന്ഥമായ വാത്മീകിരാമായണത്തിൽ ദശരഥന്റെ പിതൃശ്രാദ്ധം നടത്തുന്ന ദശരഥപുത്രനായ ശ്രീരാമനെ പറ്റി അറിയാവുന്ന ഹിന്ദുക്കൾ കൂടി ഇന്ന് സ്വന്തം മാതാപിതാക്കൾക്ക് ആണ്ടു ബലി ഇടാൻ വൈമനസ്യം ഉള്ളവർ ആയി തീർന്നിരിയ്ക്കുന്നു. അഥവാ അതിനു സമയം ഇല്ലാത്തവർ ആയിത്തീർന്നിരിയ്ക്കുന്നു. ബലിയിടാനും ശ്രാദ്ധം നടത്താനും മിനക്കെട്ടാൽ ഒരു ദിവസത്തെ വരുമാനം നഷ്ടപ്പെടും എന്ന ചിന്ത കൂടി ഉണ്ട് ചിലർക്ക്. മരിച്ചു കഴിഞ്ഞു ഉടനെ ഉള്ള ആ നാല്പത്തി ഒന്ന് ദിവസം കൂടി പിതൃപ്രാർത്ഥനയ്ക്ക് അവൻ തയ്യാറല്ല. അത്തരത്തിൽ ഉള്ള വലിയ പരിഷ്കാരികളുടെ തറവാട്ടിൽ കാലക്രമേണ പിതൃകോപം മൂലം പല അനിഷ്ടങ്ങളും ഉണ്ടാവാം, അങ്ങിനെ ഉള്ളവർ ഏതാനും വർഷം കഴിയുമ്പോൾ ജോൽസ്യനെയും പൂജാരിയെയും സമീപിയ്ക്കാൻ നിർബന്ധിതർ ആയി തീരും. അവരുടെ തറവാട്ടിലെ കുട്ടികളിൽ ആ പിതൃശാപങ്ങൾ കുറച്ചു കുറച്ചായി രോഗങ്ങൾ ആയും മറ്റു തടസങ്ങൾ ആയും വരാൻ തുടങ്ങും. അപ്പോളേക്കും കാര്യങ്ങൾ കൈവിട്ടിരിയ്ക്കും. അവിടെ യുവാക്കളുടെയും യുവതികളുടെയും കുഞ്ഞുങ്ങളുടെയും ഒക്കെ ദുർമ്മരണം പോലും സംഭവിച്ചിരിയ്ക്കും. പിന്നെ പതിനഞ്ചു കൊല്ലത്തെ ബലി വീട്ടിലോ ക്ഷേത്രത്തിലോ പോയി ഒന്നിച്ചു ഇട്ടു പിതൃക്കളെ സന്തോഷിപ്പിയ്ക്കാൻ പറ്റില്ലല്ലോ. അപ്പോൾ ഒരു പ്രശ്നം നടത്തി എല്ലാം ജോത്സ്യന്റെയും പൂജാരിയുടെയും തലയിൽ കെട്ടിവയ്ക്കാൻ ഉള്ള വഴി ആലോചിയ്ക്കും. ഇങ്ങിനെ ഉള്ള തറവാടുകളും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ചില തറവാടുകിൽ മുൻ തലമുറയിലെ ആരോ ചെയ്ത സുകൃതകർമ്മ ഫലമായി രാവണകുലത്തിലെ വിഭീഷണനെ പോലെ ചില സുകൃതികൾ ഉണ്ടായിരിയ്ക്കും. എത്ര ദാരിദ്ര്യം ഉണ്ടെകിലും അവർ എല്ലാം ഭക്തിയോടുകൂടി മുറപോലെ ചെയ്യുന്നുണ്ടായിരിക്കും. അവിടെ ആ വ്യക്തിയുടെ പ്രാർത്ഥനയുടെ ഫലം ആയി നശിപ്പിയ്ക്കപ്പെട്ട സർപ്പക്കാവുകൾ വീണ്ടും പുനരുദ്ധരിയ്ക്കപ്പെടും, .കുടുംബക്ഷേത്രം പുനർനിർമ്മിയ്ക്കപ്പെടും. പിതൃപ്രീതിക്കായുള്ള ശാക്തേയ പൂജകൾ പുനരാരംഭിയ്ക്കും. അങ്ങിനെ മരുന്നിനു പോലും ഒരു വിഭീഷണൻ പോലും ഇല്ലാത്ത തറവാടുകളിൽ സത്യസന്ധനായ ഒരു ജ്യോതിഷിയും, പൂജാരിയും എത്തിപ്പെടുകയില്ല. കാലം അത് അനുവദിയ്ക്കുകയില്ല. അവരുടെ ദുരിതങ്ങൾ പലരുടെയും വഞ്ചനകളിൽ പെട്ട് കാലക്രമേണയെ തീരുകയുള്ളു.
അതുകൊണ്ടു തിലഹോമം എന്ന ക്രിയ ചെയ്തേ ഒരു തറവാട് ഗതി പിടിയ്ക്കൂ എന്ന് കണ്ടാൽ (എന്ന നില അഥവാ അവസ്ഥ വന്നാൽ) കുടുംബാദികൾ ഒത്തു ചേർന്ന് എന്ത് ത്യാഗം സഹിച്ചും ചെലവ് നടത്തിയും അത് ചെയ്യുക എന്നത് ഹിന്ദുധർമ്മം.
Date - 18 -04 -2017
You are not authorised to post comments.