ചില നല്ല ഗ്രന്ഥങ്ങളും വികടവ്യാഖ്യാനങ്ങളും

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ലേഖകന്‍ : ശ്രീനാഥ് ഒജി

നല്ലൊരു വ്യാഖ്യാനം മലയാളത്തില്‍ ഉണ്ടായിട്ടില്ലാത്ത മൂന്ന് പ്രധാന ജ്യോതിഷ പുസ്തകങ്ങളാണ് - 1.ഫലദീപിക (മന്ത്രേശ്വരന്‍ മാര്‍ക്കണ്ഡേയ ഭട്ടന്‍ 13-ആം നൂറ്റാണ്ട്), 2.ജാതകപാരിജാതം (വൈദ്യനാഥദീക്ഷിതര്‍ 15-ആം നൂറ്റാണ്ട്), 3.ജാതകാദേശം (പുതുമന സോമയാജി, 17-ആം നൂറ്റാണ്ട്) എന്നിവ. ഇവ മൂന്നും സ്വതന്ത്രഗ്രന്ഥങ്ങളല്ല. ബൃഹജ്ജാതകത്തിലേയും സാരാവലിയിലേയും മറ്റും ധാരാളം ശ്ലോകങ്ങളും ആശയങ്ങളും ഇവയിലെല്ലാം കടമെടുത്തിട്ടുള്ളതായി കാണാം. അവിടന്നും ഇവിടന്നും സമാഹരിച്ച കുറെ ശ്ലോകങ്ങളും സ്വയം രചിച്ചു ചേര്‍ത്ത ശ്ലോകങ്ങളും കൂട്ടിക്കെട്ടി ഉണ്ടാക്കിയ എങ്കിലും വളരെ പ്രയോജനപ്രദങ്ങളായ മൂന്നു ഗ്രന്ഥങ്ങളാണ് ഇവ. ഫലദീപികാശ്ലോകങ്ങള്‍ ജാതകപാരിജാതത്തില്‍ എന്നിങ്ങനെ ഇവ തമ്മില്‍പ്പോലും ശ്ലോകങ്ങള്‍ കടമെടുത്തിട്ടുണ്ട്. ഗര്‍ഗജാതകം, പരാശരഹോര, ബൃഹജ്ജാതകം, സാരാവലി, ഫലദീപിക, ശ്രീപതിപദ്ധതി, സര്‍വാര്‍ത്ഥചിന്താമണി എന്നിങ്ങനെ ഒട്ടേറെ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ശ്ലോകങ്ങള്‍ ജാതകപാരിജാതത്തില്‍ കാണാം. സ്വവിരചിതമായ ശ്ലോകങ്ങള്‍ കൂടാതെ ധാരാളം ഹോരാശ്ലോകങ്ങളും യവനജാതകശ്ലോകങ്ങളും അതുപടി ചേര്‍ത്ത് സാരാവലി എന്ന ഗ്രന്ഥനിര്‍മാണം നടത്തിയ 6-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കല്യാണവര്‍മ്മന്റെ പാത പിന്തുടര്‍ന്ന് ഗ്രന്ഥനിര്‍മാണം നടത്തിയവരാണ് ഇവര്‍. ജ്യോതിഷത്തിലെ അദ്ധസമാഹൃതഗ്രന്ഥങ്ങളാണ് ഇവയും സാരാവലിയും എന്നു പറയാം. സമാഹൃതശ്ലോകങ്ങള്‍ അധികവും സ്വവിരചിത ശ്ലോകങ്ങള്‍ കുറവും എങ്കിലാണ് അവ ശുദ്ധ സമാഹാരങ്ങളാവുന്നത്. പക്ഷെ ഏറെക്കുറെ നേരെ വിപരീതമാണ് ഈ ഗ്രന്ഥങ്ങളുടെ അവസ്ഥ എന്നു തോന്നുന്നു.

മറ്റു ഗ്രന്ഥങ്ങളിലെ ശ്ലോകങ്ങള്‍ അവ ആ ഗ്രന്ഥങ്ങളിലേതാണെന്ന് എടുത്തു പറയാതെ പണ്ഡിതരും ബഹുമാന്യരുമായ ആരും ഉദ്ധരിക്കാറില്ല. ഈ ഗ്രന്ഥകര്‍ത്താക്കളും സ്വഗ്രന്ഥങ്ങളില്‍ നിശ്ചയമായും ഇന്ന ഗ്രന്ഥത്തിലെ ശ്ലോകമാണ് താന്‍ ഉദ്ധരിക്കുന്നത് എന്നു പറഞ്ഞിട്ടാവും അവ ഉദ്ധരിച്ചിട്ടുണ്ടാവുക. പക്ഷെ ഈ ഗ്രന്ഥങ്ങള്‍ക്കു വിവര്‍ത്തനങ്ങള്‍ രചിച്ച പൊട്ടന്മാരായ വിവര്‍ത്തകര്‍ അത്തരം പ്രസക്തമായ വിജ്ഞാനശകലങ്ങള്‍ വിട്ടുകളഞ്ഞ് ഈ വിജ്ഞാനികളെപ്പോലും അപമാനിക്കും വിധം വിവര്‍ത്തനങ്ങളുണ്ടാക്കിയിരിക്കുന്നു. ഈ മൂന്നു ഗ്രന്ഥങ്ങളുടെയും ഇന്നു ലഭ്യമായ ഒട്ടുമിക്ക പതിപ്പുകളിലും അവയിലെ ശ്ലോകങ്ങള്‍ ഏതു ഗ്രന്ഥങ്ങളില്‍ നിന്നാണ് ഉദ്ധിരിച്ചിട്ടുള്ളതെന്ന് സൂചിപ്പിച്ചിട്ടുള്ളതായി കാണുന്നില്ല. ഇത്തരം വിജ്ഞാനശകലങ്ങളും പഠനങ്ങളും ഉള്‍ച്ചേര്‍ത്തും, വ്യാകരണത്തെറ്റുകള്‍ തിരുത്തിയും, ശുദ്ധപാഠം കണ്ടെത്തിയും ഈ മൂന്നു ഗ്രന്ഥങ്ങളും ലഭ്യമായ കൈയെഴുത്തുപ്രതികളെ ആധാരമാക്കി പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്.

വാല്‍ക്കഷണം: ഈ ഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങളല്ലാതെ ഒരൊറ്റ വ്യാഖ്യാനം പോലും മലയാളത്തില്‍ ലഭ്യമല്ല. ശ്ലോകത്തിന് വാക്കര്‍ത്ഥം എഴുതലല്ല വ്യാഖ്യാനം, മറിച്ച് ആ ശ്ലോകത്തെ കുറിച്ച് ചിന്തിക്കുകയും, അതിലൂടെ തനിക്ക് വെളിവായ തനതായ കാര്യങ്ങള്‍ വെളിവാക്കലുമാണ്. സാരാവലി ഉള്‍പ്പെടെ ഈ നാല് ഗ്രന്ഥങ്ങളെ സംബന്ധിച്ചിടത്തോളം വ്യാഖ്യാനം എന്ന് എണ്ണാന്‍ യോഗ്യതയുള്ളവയായി വി സുബ്രഹ്മണ്യശാസ്ത്രി ജാതകപാരിജാതത്തിന് രചിച്ച വ്യാഖ്യാനം പോലെ അപൂര്‍വം ചിലതു മാത്രമേ ഉള്ളു. മറ്റ് ഒട്ടുമിക്കവയും ഈ ഗ്രന്ഥങ്ങള്‍ക്ക് അപമാനകരവും നിലവാരം പാലിക്കാത്തവയുമായ വിവര്‍ത്തനങ്ങള്‍ മാത്രമാണ്. എങ്കിലും അത്തരം വിവര്‍ത്തനങ്ങളെങ്കിലും ലഭ്യമാക്കിയതിന് ആ വിവര്‍ത്തകരോട് നമുക്ക് നന്ദി പറയാം എന്നേയുള്ളു.

 

You are not authorised to post comments.

Comments powered by CComment