കൃഷ്ണീയത്തിന്റെ ആദ്യ അധ്യായത്തിന്റെ പേരും ചില ചിന്തകളും

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ലേഖകന്‍ : ശ്രീനാഥ് ഒജി

കൃഷ്ണീയത്തിന്റെ ആദ്യ അധ്യായത്തിന്റെ പേര് പ്രകീര്‍ണാധ്യായം എന്നാണ്. ഇത് ഗ്രന്ഥകാരന്‍ തന്നെ നല്‍കിയ പേരാണോ അല്ലയോ എന്ന് നിശ്ചയം പോര. തല്‍ക്കാലം ഗ്രന്ഥകാരന്‍ നല്‍കിയ പേര് തന്നെയാണെന്ന് കരുതുക. അങ്ങനെയെങ്കില്‍ -

സാമാന്യേന ഗ്രന്ഥങ്ങളില്‍ ഒരു പ്രകീര്‍ണാധ്യായമുണ്ടെങ്കില്‍ അത് ഗ്രന്ഥാന്ത്യത്തിലായിരിക്കുകയാണ് പതിവ്. മറ്റെങ്ങും ചേര്‍ക്കാനാവാത്ത കാര്യങ്ങള്‍ പറയാനൊരിടം, അതാണ് പ്രകീര്‍ണാധ്യായത്തിന്റെ പ്രയോജനം. പക്ഷെ കൃഷ്ണീയം ആരംഭിക്കുന്നതുതന്നെ പ്രകീര്‍ണാധ്യായം തുടങ്ങിയാണ്! മറ്റെങ്ങും ചേര്‍ത്തിട്ടില്ലാത്ത അഥവാ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ കൃഷ്ണാചാര്യന്‍ ശേഖരിച്ച് പറഞ്ഞിരിക്കുകയാണ് ഈ ഗ്രന്ഥത്തില്‍ എന്നതിന്റെ സൂചകമായും അതിനെ കരുതാം.

ഈ ഗ്രന്ഥത്തില്‍ കൃഷ്ണാചാര്യകൃതമായ ശ്ലോകങ്ങള്‍ മാത്രമേ ഉള്ളു, മറ്റു ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികളില്ല. മറ്റേതെങ്കിലും ഗ്രന്ഥത്തില്‍ നിന്നുള്ള ആശയം കടമെടുക്കേണ്ടിവരുമ്പോള്‍ പോലും കൃഷ്ണാചാര്യന്‍ ആ ശ്ലോകം അല്‍പമെങ്കിലും ഒന്നു വ്യത്യാസപ്പെടുത്തിയശേഷം (തന്റേതാക്കിയശേഷം) സ്വഗ്രന്ഥത്തിലേക്ക് ഉള്‍ച്ചേര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. വളരെ കുറച്ചു മാത്രം വ്യത്യാസപ്പെടുത്തിയശേഷം കൃഷ്ണാചാര്യന്‍ സ്വഗ്രന്ഥത്തിലേക്ക് ചേര്‍ത്തിട്ടുള്ളതായി കാണുന്നത് പ്രധാനമായും എഡി 11-ആം നൂറ്റാണ്ടില്‍ മധ്യപ്രദേശിലെ ധരാനഗരം കേന്ദ്രമാക്കി രാജ്യം ഭരിച്ചിരുന്ന ഭോജരാജന്റെ വിദ്വജ്ജനവല്ലഭ എന്ന കൃതിയിലെ ശ്ലോകങ്ങളാണ്.

എഡി 12-ആം നൂറ്റാണ്ടില്‍ കര്‍ണാടകത്തിലെ ഗോകര്‍ണത്ത് ജീവിച്ചിരുന്ന ജ്യോതിഷാചാര്യനാണ് മാധവീയം എഴുതിയ മാധവാചാര്യന്റെ സമകാലികനും, മാധവാചാര്യന്റെ പുത്രനും കൃഷ്ണീയത്തിന് ചതുരസുന്ദരീ വ്യാഖ്യാനം എഴുതിയ ആളുമായ വിഷ്ണുവിന്റെ ഗുരുവുമായ കൃഷ്ണാചാര്യന്‍. ചിന്താജ്ഞാനം എന്നാണ് അദ്ദേഹം ഈ ഗ്രന്ഥത്തിന് നല്‍കുന്ന പേര്. മാധവാചാര്യന്റെ കൃതി മാധവീയം എന്നു പ്രസിദ്ധമായതുപോലെ, കൃഷ്ണാചാര്യന്റെ കൃതി കൃഷ്ണീയം എന്ന പേരില്‍ പ്രസിദ്ധമായി. കൃഷ്ണസ്യ ചന്താജ്ഞാനം (കൃഷ്ണാചാര്യന്‍ ചിന്തിച്ചപ്പോള്‍ വെളിവായ ജ്യോതിഷജ്ഞാനം) തന്നെയാണ് കൃഷ്ണീയം - ഒരു സ്വതന്ത്ര കൃതി. ജാതകവും പ്രശ്നവും മുഹൂര്‍ത്തവും ഹോരാസ്കന്ധത്തില്‍ അന്തര്‍ഭവിച്ചു വരുന്നതാകയാല്‍ ഈ പ്രശ്നഗ്രന്ഥത്തെ ഹോരാഗ്രന്ഥം എന്നു വിളിക്കുന്നതിലും തെറ്റില്ല, സാമാന്യേന ജാതകഗ്രഹന്ഥങ്ങളെയാണ് പ്രശ്നഗ്രന്ഥങ്ങളെയല്ല ഹോരാഗ്രന്ഥങ്ങള്‍ എന്നു വിളിക്കാറുള്ളതെങ്കില്‍പ്പോലും.

 

You are not authorised to post comments.

Comments powered by CComment