ബ്രഹ്മരക്ഷസ്സ്
- Details
- Created: Thursday, 27 April 2017 03:49
- Last Updated: Thursday, 27 April 2017 03:49
- Hits: 4182
(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ ഇതേക്കുറിച്ചു നടന്ന ചര്‍ച്ചയെ അവലംബമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയത്.)
വിജയകുമാര്‍: എന്താണ് ബ്രഹ്മരക്ഷസ്സ്? ബ്രഹ്മരക്ഷോ ബാധ കണ്ടു പിടിക്കുന്നതിനു ള്ള ശ്ലോകം ഏതാണ്?
ശ്രീനാഥ് ഒജി: പ്രശ്നാനുഷ്ഠാനപ്രദീപം ഒന്നാംഭാഗത്തില്‍ നിന്നും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം താഴെച്ചേര്‍ക്കുന്നു.
ബ്രഹ്മരക്ഷസ്സ് എന്നാല്‍ ദുഷ്‌കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു മരിച്ച ബ്രാഹ്മണന്റെ പ്രേതം എന്നാണര്‍ത്ഥം. എങ്ങനെയുള്ള ബ്രാഹ്മണരാണ് ബ്രഹ്മരക്ഷസ്സായിത്തീരുന്നത്?
പരസ്യ യോഷിതം ഹൃത്വാ ദേവസ്വം അപഹൃത്യ ച
അരണ്യേ നിര്‍ജ്ജലേ ദേശേ ഭവതി ബ്രഹ്മരാക്ഷസഃ
(യാജ്ഞവല്‍ക്യസ്മൃതി)
പരസ്ത്രീയെ പ്രാപിക്കുകയും, ദേവന്റെ സമ്പത്ത് മോഷ്ടിക്കുകയും ചെയ്ത ബ്രാഹ്മണന്, കാട്ടിലും ജലമില്ലാത്തതുമായ പ്രദേശത്തുവച്ച് ദുര്‍മരണം ഉണ്ടാകും. അങ്ങനെ മരിച്ച ദുരാത്മാവായ ബ്രാഹ്മണനാണ് ബ്രഹ്മരക്ഷസ്സായിത്തീരുക.
സത്കര്‍മ്മമനുഷ്ഠിക്കേണ്ടവര്‍ ദുഷ്‌കര്‍മമനുഷ്ഠിച്ചാല്‍ ഗതികിട്ടാത്ത പ്രേതമായി ദുരിതങ്ങളനുഭവിച്ച് അനേകകാലം അലഞ്ഞു നടക്കേണ്ടി വരും. ഇത്തരത്തിലുള്ള ദുരാത്മാക്കള്‍ ആരാധിക്കപ്പെടേണ്ടുവോരല്ല. ദേവാലയത്തിന്റെ മതിലകത്ത് ബ്രഹ്മരക്ഷസ്സിനെ പ്രതിഷ്ഠിക്കാന്‍ പാടില്ല. ദേവാലയത്തെ പ്രേതാലയമാക്കരുത് എന്നുണ്ടല്ലോ.
എന്തൊക്കെയാണ് ബ്രഹ്മരക്ഷസ്സിനെക്കൊണ്ടുള്ള ഉപദ്രവങ്ങള്‍? അതാണ് താഴെപ്പറയുന്നത്.
സ്ത്രീണാം ശുഷ്‌കസ്തനത്വം ത്വസൃഗപഗതയാ ഭാരവൈരുദ്ധ്യമേവം
നൃണാം ബുദ്ധിഭ്രമത്വം ത്വശന ബഹുലതാമംഗ ദൗര്‍ബല്യമേവ
ബാലക്ഷീരാദിനാശം ഗൃഹദഹനമപി(അ)ശ്വഗജോനാശമേവം
ബാലാപസ്മാരപീഡാമപഹൃതിമധികം ബ്രഹ്മരക്ഷഃ കരോതി
(ദേവപ്രശ്‌നമുക്താവലി)
സ്ത്രീകള്‍ക്ക് മുലപ്പാലില്ലാതാവുക, ത്വക് രോഗങ്ങളുണ്ടാവുക, അമിതമായി തടിക്കുക, തീരെ മെലിഞ്ഞു പോവുക, ബുദ്ധിഭ്രമമുണ്ടാവുക, അമിതമായി ഭക്ഷണം കഴിക്കണം എന്നു തോന്നുക, അംഗദൗര്‍ബല്യം അനുഭവപ്പെടുക, കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ പാലില്ലാതെ വരിക, വീടിന് തീപിടിക്കുക, കുതിര ആന തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ നശിച്ചുപോവുക (വാഹനങ്ങള്‍ക്ക് നാശമുണ്ടാവുക), ബാലന്മാര്‍ക്കും ബാലികമാര്‍ക്കും അപസ്മാരപീഡാദികള്‍ ഉണ്ടാവുക, വസ്തുവകകള്‍ കളവുപോവുക ഇത്യാദി ദോഷങ്ങളെല്ലാം ബ്രഹ്മരക്ഷസ്സു കാരണം ഉണ്ടാകും.
പ്രശ്നസമയ ഗ്രഹനിലയില്‍നിന്നും ബ്രഹ്മേരക്ഷോബാധ കണ്ടുപിടിക്കുന്നതിനുള്ള ശ്ലോകങ്ങള്‍, താഴെച്ചേര്‍ക്കുന്നു.
മന്ദ മന്ദഗ സംബന്ധാല്‍ കുജ ആര്യ ഭൃഗു സൂനവഃ
ബാധാ ഷഷ്ടഗതേ(അ)ഷ്ടസ്യാല്‍ ബ്രഹ്മരക്ഷോ നിപീഡനം
(ദേവപ്രശ്‌നം)
ശനിയുടെയും ഗുളികന്റെയും ബന്ധത്തോടുകൂടി ചൊവ്വയോ വ്യാഴമോ ശുക്രനോ, ബാധാരാശിയില്‍ ആറാം ഭാവത്തില്‍ നിന്നാല്‍ ബ്രഹ്മരക്ഷസ്സിനെക്കൊണ്ടുള്ള ഉപദ്രവം ഉണ്ട് എന്നു പറയാവുന്നതാണ്.
ജീവക്ഷേത്ര ഗതേ മാന്ദൗ ജീവേനാപി യുതേക്ഷിതേ
ജീവാംശകഗതേ വാപി ബ്രഹ്മരക്ഷോ നിപീഡനം
ശുക്രക്ഷേത്ര ഗതേ മാന്ദൗ ശുക്രേനാപി യുതേക്ഷിതേ
ശുക്രാംശകഗതേ വാപി ബ്രഹ്മരക്ഷോ നിപീഡനം
(ദേവപ്രശ്‌നമുക്താവലി)
മാന്ദി വ്യാഴന്റെ രാശിയിലോ, വ്യാഴനോടൊപ്പമോ, വ്യാഴദൃഷ്ടിയോടുകൂടിയോ, വ്യാഴാംശകത്തിലോ നിന്നാല്‍ ബ്രഹ്മരക്ഷസ്സിനെക്കൊണ്ടുള്ള ഉപദ്രവം പറയാവുന്നതാണ്. അതുപോലെ മാന്ദി ശുക്രന്റെ രാശിയിലോ, ശുക്രനോടൊപ്പമോ, ശുക്രദൃഷ്ടിയോടുകൂടിയോ, ശുക്രാംശകത്തിലോ നിന്നാലും ബ്രഹ്മരക്ഷസ്സിനെക്കൊണ്ടുള്ള ഉപദ്രവം പറയാവുന്നതാണ്.
ബാധര്‍ക്ഷേശേ ച ജീവേ യദി ഭൃഗുതനയേ ബാധകാരൂഢ സംസ്ഥേ
ഭൂപുത്രേ ഭാനുപുത്രേ നിധനപതിയുതാ വേക്ഷിതേ വാത്ര സംസ്ഥേ
ജീവര്‍ക്ഷേ പാപ ഏവാപ്യഥ ഖര ഭവനേ ജീവ ഏവ ത്രികോണേ
ബാധായാം ബ്രഹ്മരക്ഷസ്ത്വഖില സുത സുഖ ഛേദനം വാ വിദദ്ധ്യാല്‍
- ഓണക്കൂര്‍ ശങ്കരഗണകന്‍ (ദേവപ്രശ്‌നം)
വ്യാഴമോ ശുക്രനോ ഒരാള്‍ ബാധകാധിപനായി വരികയോ ബാധാരാശിയില്‍ നില്‍ക്കുകയോ ചെയ്യുക, ശനിയോ ചൊവ്വയോ അഷ്ടമാധിപനായോ അഷ്ടമാധിപസഹിതനായോ ബാധയില്‍ നില്‍ക്കുക, 5-9 എന്നീ ഭാവങ്ങളിലെവിടെയെങ്കിലും ബാധാരാശിയില്‍ പാപഗ്രഹത്തിന്റെ ക്ഷേത്രത്തില്‍ വ്യാഴം നില്‍ക്കുക അഥവാ ഇതുപോലെ വ്യാഴക്ഷേത്രത്തില്‍ പാപഗ്രഹം നില്‍ക്കുക, ഇവയില്‍ ഏതെങ്കിലും ഒരു ലക്ഷണം ഉണ്ടെങ്കില്‍ ബ്രഹ്മരക്ഷസിനെ പറയണം.
അപസ്മാരാദി രോഗത്തിനു ഹേതുവായി ആയുര്‍വ്വേദത്തില്‍ വിധിക്കുന്ന ഈ ബ്രഹ്മരക്ഷസ്സ് സന്താനങ്ങള്‍ക്കു കൂടി ബാധിക്കുകയും നിത്യസുഖത്തെ നശിപ്പിക്കുകയും ചെയ്യും.
സാന്നിദ്ധ്യസ്ഥാനബന്ധവും ദ്വിത്രിസംവാദഭാവവും ഒക്കെ ഉണ്ടായിരുന്നാലേ സാന്നിദ്ധ്യം പറയാവൂ എന്നിത്യാദി സാമാന്യനിയമങ്ങളും ഓര്‍ക്കണം. മാത്രമല്ല, ബ്രഹ്മരക്ഷോബാധ നോക്കേണ്ട ആവശ്യമുള്ള സ്ഥലങ്ങളിലേ (അതായത് ബ്രാഹ്മണമൃത്യു തുടങ്ങിയവകൊണ്ട് ബ്രഹ്മരക്ഷോ നിപീഢനത്തിന് സാധ്യത ഉണ്ടെന്ന് ഉറപ്പാക്കിയ സ്ഥലങ്ങളിലേ) ഇത്തരം ശ്ലോകങ്ങള്‍ പരിഗണിക്കാവൂ എന്നതും ഓര്‍ക്കണം. ദേശകാലശ്ച സര്‍വ്വത്ര തത്തല്‍ ഫലനിരൂപണേ ദൈവജ്ഞൈരനുസര്‍ത്തവ്യോ....എന്നുണ്ടല്ലോ...
തുടര്‍ചര്‍ച്ച:
അമ്പളി ശ്രീരാജ്: ഇവരെ അമ്പലത്തില്‍ വെച്ചു പൂജിക്കുന്നുണ്ടല്ലോ. അതെന്താണ്?
ശ്രീനാഥ് ഒജി: അതാണ് ദേശാചാരം എന്നു പറയുന്നത്. സമൂഹം നിങ്ങള്‍ പറയുന്നതുപോലെയാവണമെന്നില്ല പ്രവര്‍ത്തിക്കുന്നത്. അതുപോലെ എല്ലാ അമ്പലങ്ങളും വൈദികാചാരങ്ങള്‍ പാലിക്കുന്നവയാവണം എന്നും നിര്‍ബന്ധമില്ല. ദ്രാവിഡാചാരങ്ങളുള്ള കോവിലുകളും, കാവുകളും, മുടിപ്പിരകളും, ഗുളികത്തറകളും, സ്ഥാനങ്ങളും ഒക്കെയുള്ള നാടാണ് നമ്മുടേത്. പലേടത്തും പല ആചാരങ്ങളും ഉണ്ടായേക്കാം.
പ്രജേഷ് കുമാര്‍ കെ: ബിംബപ്രതിഷ്ഠ ചെയ്ത തന്തിയുടെ ആത്മാവാണെന്നും കേട്ടിട്ടുണ്ട്.
അജിത് കുമാര്‍ ഗോവിന്ദപ്പിള്ളൈ: പലക്ഷേത്രങ്ങളിലും ഈബ്രഹ്മ രക്ഷസ്സുക്കളെ പൂജിക്കുന്നണ്ട് വടക്കന്‍ കേരളത്തിലാണ് കൂടുതലും അങ്ങനെ പൂജിക്കുന്നവര്‍ക്ക് നല്ല ഗതിവന്നതായി അറിയാമോ എന്ന് പരിശോധിക്കണം.
മാര്‍ഷല്‍: വൈഷ്ണവം ആയിട്ടാണ് സാധാരണ പൂജിക്കപ്പെട്ടു കാണുന്നത്.
വിഷ്ണുനമ്പൂതിരി: ആത്മഹത്യ,പാമ്പ് ആന, തീ കൊമ്പുള്ളവ, പുലി ഇവയാൽ ( നാരായണബലി വിഷയമായി) ബ്രാഹ്മണൻമരിച്ചാൽ (ദുർമ്മർണം)41 ശേഷം ഒരു വർഷത്തിനുള്ളിൽ നാരായണബലി ചെയ്യണം അതു ചെയ്യാൻ സാധിച്ചില്ലെങ്കിൽ ആ ആത്മാവ് ബ്രഹ്മരക്ഷസ്സായി മാറും. അതിനെ പത്മമിട്ട് പാൽ പായസം നേദിക്കുകയോ വൈഷ്ണവമായി പത്മമിട്ട് പൂജിച്ച് രാക്ഷസ ഭാവം മാറ്റി വൈഷ്ണവമാക്കുകയോ ആണ് ദോഷശാന്തിക്കു ചെയ്യേണ്ടത്. പ്രതിഷ്ഠിക്കുന്നത് അതിന്റെ ഗതിയെ തടസപ്പെടുത്തുകയ ഉള്ളൂ. സാളഗ്രാമത്തിലേക്ക് സമർപ്പിക്കാവുന്നതുമാണ്.
സുധിസൌമ്യ: ലോകത്തുള്ള എല്ലാ മനുഷ്യരും തുല്ല്യരാണ്. എല്ലാ ജീവികൾക്കും ആത്മാവും ഉണ്ടാകും. യാനോ പാന സമാനാ: എന്നതിൽ നിന്ന് എന്ത് വ്യത്യാസമാണ് ബ്രാഹ്മണന്? (ഇത് ബ്രാഹ്മണ മേധാവിത്യമല്ലേ ) ചാതുർവർണ്ണ്യ വ്യവസ്ഥിതി ഇന്നും തുടരുന്നുണ്ടോ?
ആറാം തമ്പുരാന്‍: പൂച്ച........ പൂച്ചപ്രേതം പോലും ദേവചൈതന്യത്തിനു എടങ്ങേറുണ്ടാക്കാറുണ്ട്. പ്രേതങ്ങളെ ആരാധിക്കുന്നവരിലല്ലാതെ പ്രേതങ്ങള്‍ക്കിടയില്‍ വര്‍ണ്ണ-വര്‍ഗ്ഗ-ലിംഗ വിത്യാസമുള്ളതായി ഇക്ക്‍ തോന്നിയിട്ടില്ല!
വികെ സന്തോഷ് പണിക്കര്‍: പണ്ട് എല്ലാം ബ്രാഹ്മണഭൂമിയായിരുന്നു എന്ന് സങ്കല്പം! പശുക്കളേയാണ് കൂടുതലായി ഉപദ്രവം രാശിയിൽ കാണിക്കാറ് –പഞ്ചസാരപായസം നിവേദിച്ചാൽ പരിഹാരമാവുകയും ചെയ്യും 'ശാന്തിവരുകയാണല്ലോ പ്രധാന്യം.ഗുരുശുക്രയോ മാന്നി ഇത്യാദി പ്രമാണം .
രവിമോഹന്‍: സങ്കല്‍പ്പം അല്ലല്ലോ അതല്ലെ സത്യം
അജിത് കുമാര്‍ ഗോവിന്ദപ്പിള്ളൈ: പണ്ട് ബ്രാഹ്മണര്‍ക്കു മാത്രമേ ഭൂമിയുണ്ടായിരുന്നൊള്ളോ?
ശ്രീനാഥ് ഒജി: രാജസ്വം (രാജാവിന്റെ വക, പണ്ടാരം വക, സര്‍ക്കാര്‍ ഭൂമി, Property of the king/government), ദേവസ്വം (ക്ഷേത്രം വക, Property of religious institutions), ബ്രഹ്മസ്വം (ബ്രാഹ്മണന്റെ വക, Property of priests) എന്നിങ്ങനെ എന്നിങ്ങനെ മൂന്നുതരം സ്വത്ത് പണ്ട് നിലവിലുണ്ടായിരുന്നു. കടലും വനപര്‍വതങ്ങളും ഒഴിവാക്കിയാല്‍ ഈ മൂന്നു വിധം സ്വത്തേ കേരളക്കരയില്‍ നിലവിലുണ്ടായിരുന്നുള്ളു എന്നു തോന്നുന്നു. All these three where rulers or ruling classes or ruling institutions in one sense or the other. ഏകദേശം എഡി 8-ആം നൂറ്റാണ്ടുമുതല്‍ 15-ആം നൂറ്റാണ്ടുവരെയുള്ള കേരളത്തിന്റെ കാര്യത്തിലെങ്കിലും ഇതാണ് സത്യം.
രവിമോഹന്‍: അപ്പോ വനവും പര്‍വ്വതവും പണ്ടാര വകയില്‍ വരില്ലെ?
ശ്രീനാഥ് ഒജി: ഇല്ലെന്നാണ് എന്റെ അറിവ്..... ഗഹനമായ വനങ്ങളും, ചെങ്കുത്തായ പര്‍വ്വതങ്ങളും മഞ്ഞണിമാമലകളും, അനന്തമായ മരുഭൂമിയും, നോക്കെത്താത്ത കടലും പ്രാചീനകാലത്ത് എല്ലാ രാജാക്കന്മാരുടെയും നിയന്ത്രണത്തിനു പുറത്തായിരുന്നു. അവര്‍ക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല, നിയന്ത്രണം അസാധ്യമായിരുന്നതുകൊണ്ട്. കൂടുതല്‍ അറിയുന്നവര്‍ വിശദീകരിച്ചേക്കും... :)
ഇവയെല്ലാം സ്വാതന്ത്ര്യത്തിന്റെ മേഖലകള്‍ ആയതുകൊണ്ടു കൂടിയാവാം സ്വാതന്ത്ര്യാന്വേഷികളായ ഏകാന്തപഥികരായ സന്യാസിമാര്‍ ഇവയെത്തേടിപ്പോയത്....
You are not authorised to post comments.