ദൃഢാദൃഢ ഫലഭേദം
- Details
- Created: Friday, 07 April 2017 12:17
- Last Updated: Saturday, 08 April 2017 18:59
- Hits: 1307
ലേഖകന്‍ - ശ്രീനാഥ് ഒജി
ജാതകം സൂചിപ്പിക്കന്ന ഫലങ്ങളെ ദൃഢം അദൃഢം എന്നിങ്ങനെ രണ്ടായി തിരിക്കാം. ‘നിശ്ചയമായും അനുഭവിക്കും' എന്ന് ഉറപ്പിച്ചു പറയാവുന്ന ഫലങ്ങളെയാണ് ദൃഢഫലങ്ങള്‍ എന്നു പറയുന്നത്. ‘ഒരുപക്ഷെ സംഭവിച്ചേക്കും, എന്നാല്‍ പരിഹാരാദികള്‍ ചെയ്താല്‍ ഇവയെ ഒഴിവാക്കാന്‍ സാധിക്കും' എന്നു പറയാവുന്ന തരം ഫലങ്ങളെയാണ് അദൃഢഫലങ്ങള്‍ എന്നു പറയുന്നത്. ദൃഢഫലങ്ങളെ സംബന്ധിച്ചിടത്തോളം പരിഹാരാദികള്‍ നിര്‍ദ്ദേശിച്ചതുകൊണ്ട് ഫലമില്ല എന്നും അവ അവശ്യം അനുഭവിച്ചുതന്നെ തീരണം എന്നും വ്യക്തമാണല്ലോ.
യോഗം ദശ ഗോചരം എന്നിവ മൂന്നും ഒരേ ഫലത്തെത്തന്നെ സൂചിപ്പിക്കുകയാണെങ്കില്‍ അവയെയാണ് ദൃഢഫലങ്ങള്‍ എന്നു പറയുന്നത്. ഒരു പ്രത്യേക ഫലം അനുഭവിക്കും എന്നു ജാതകം സൂചിപ്പിക്കുകയും ദശയും ഗോചരവും യോജിച്ചു വരാതിരിക്കുകയും ചെയ്താല്‍ അത്തരം ഫലങ്ങളെ അദൃഢം എന്നു പറയാവുന്നതാണ്. ദശ അനുകൂലമായി വരാത്ത യോഗങ്ങളും, ഗോചരവും സൂചിപ്പിക്കുന്ന ഫലം അദൃഢമാണെന്നര്‍ത്ഥം. യുക്തപരിഹാരാദികള്‍ ചെയ്താല്‍ ആ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരികയില്ല. യോഗവും ദശയും അനുകൂലമായിരിക്കുമ്പോഴും പലപ്പോഴും ഗോചരം അനുകൂല ഫലങ്ങളെ നല്‍കാതിരുന്നേക്കാം. അത്തരം ഗോചരജന്യമായ ദോഷങ്ങളെയും പരിഹാരാദികള്‍ കൊണ്ട് നിവാരണം ചെയ്യാന്‍ സാധിക്കും. ഈ വിഷയത്തെക്കുറിച്ചുള്ള ചില ഋഷിഹോരാ ശ്ലോകങ്ങളാണ് താഴെച്ചേര്‍ക്കുന്നത്.
യദ്യദ്വിധാനം നിയതം പ്രജാനാം ഗ്രഹര്‍ക്ഷയോഗപ്രഭവം പ്രസൂതൗ
ഭാഗ്യാനി താനിത്യഭിശബ്ദയന്തി വാര്‍ത്താ നിയോഗേതി ദശാ നരാണാം
തദര്‍ത്ഥഭിജ്ഞൈര്‍ ദ്വിവിധം നിരുക്തം സ്ഥിരാഖ്യമൗത്പാതിക സംജ്ഞകശ്ച
കാലക്രമാജ്ജാതക നിശ്ചിതം യത് കര്‍മ്മോപസര്‍പ്പി സ്ഥിരമുച്യതേ തത്
സപ്തഗ്രഹാണാം പ്രഥിതാനി യാനി സ്ഥാനാനി ജന്മ പ്രഭവാനി സദ്ഭിഃ
തേഭ്യഃ ഫലം ചാരഗ്രഹാഃ ക്രമസ്ഥാ ദദ്യുര്‍ദൗത്പാതികസംജ്ഞിതം തത്
(മീനരാജഹോര)
എല്ലാ ജീവജാലങ്ങളുടെയും ജനനസമയത്ത് രാശിഗ്രഹയോഗത്താല്‍ നിശ്ചയിക്കപ്പെടുന്ന ദശകള്‍ സൂചിപ്പിക്കുന്ന ഫലങ്ങളെത്തന്നെയാണ് ഭാഗ്യം (വിധി) എന്നു പറയുന്നത്. വിധിയെ (ഭാഗ്യത്തെ) അറിയുന്നവരായ ജ്യോതിഷികള്‍ വിധിയ്ക്ക് സ്ഥിരം (ദൃഢം) എന്നും ഔത്പാതികം (അദൃഢം) എന്നും രണ്ടു വിഭാഗങ്ങളുണ്ടെന്ന് അഭിപ്രായപ്പെടുന്നു. (പൂര്‍വ്വജന്മങ്ങളിലും ഈ ജന്മത്തിലും ഉള്ള) കര്‍മ്മങ്ങളാല്‍ ആര്‍ജ്ജിതമായ നിശ്ചയമായും കാലക്രമത്തില്‍ അനുഭവിക്കേണ്ടിവരും എന്ന് ഉറപ്പിച്ചു പറയാവുന്ന (രാശിഗ്രഹയോഗങ്ങളും ദശയും സൂചിപ്പിക്കുന്ന) ഫലത്തെയാണ് സ്ഥിരം എന്നു പറയുന്നത്. ജനനസമയത്ത് ഏഴു ഗ്രഹങ്ങളും നില്‍ക്കുന്ന സ്ഥനത്തുനിന്ന് മാറി പുതിയ സ്ഥാനങ്ങളില്‍ അവ ഗോചരവശാല്‍ വരുന്നതിലൂടെ നല്‍കുന്ന ഗോചരഫലത്തെ ഔത്പാതികം എന്നു പറയാവുന്നതാണ്.
You are not authorised to post comments.