ദാമ്പത്യജീവിതവും ജ്യോതിഷവും
- Details
- Created: Tuesday, 11 April 2017 09:56
- Last Updated: Wednesday, 01 November 2017 09:21
- Hits: 9059
പാപസാമ്യചിന്തയില് പൊതുവെ തെറ്റുപറ്റാറുണ്ട്. പുരുഷന് ഏഴ് എന്ന ഒരു ഭാവവും സ്ത്രിക്ക് 7, 8 എന്നീ രണ്ടു ഭാവങ്ങളുമാണ് ഭുരിപക്ഷം പേരും പ്രാധാന്യത്തോടെ കാണുന്നത്. യഥാര്ത്ഥത്തില് ആചാര്യവിധി പ്രകാരം രണ്ടു പേര്ക്കും 7,8 എന്നി ഭാവങ്ങള് ഒരുപോലെ പ്രാധാന്യമുള്ളതുതന്നെയാണ്. ഉദാഹരണത്തിന് ചൊവ്വയുടെ സ്ഥിതിയെപ്പറ്റി ബൃഹല്പരാശരഹോതശാസ്ത്രം അദ്ധ്യായം ( 82 - ശ്ലോകം 28 - ല് സ്ത്രിക്ക് 8 ല് ചൊവ്വ നിന്നാല് വൈധവ്യം വരും.
(കുജേ അഷ്ടഗനേ ബാലാകൃശാംഗി രോഗേംഷുത വിധവാകാന്തിഹീനാ ----)
പിന്നീട് 82 - ആം അദ്ധ്യായം 48 , 49 വരികളില് "യസ്മിന് യോഗേ പതിഹന്തികുമാരികതസ്മിന് യോഗ സമൃത്പന്നോപത്നിം ഹന്തി നരോ പിച സ്ത്രീ ഹന്ത്രാ പരീണിതാചേത് പതിഹന്ത്രി കുമാരി തദാ വൈധവ്യ യോഗ സ്യഭംഗോഭവത് നിശ്ചയാത് "
( സ്ത്രീക്ക് വൈധവ്യം വരുത്തുന്ന ഏതു യോഗവും പുരുഷനില് കണ്ടാല് ഭാര്യാനാശം ഫലം. അപ്രകാരമുളള സ്ത്രീപുരുഷന്മാര് വിവാഹം കഴിച്ചാല് അവധവ്യദോഷവും ഭാര്യാനാശവും ഇല്ലാതാകും)
ഇതില് നിന്നും 8 ല് ചൊവ്വ സ്ത്രീക്ക് എത്രമാത്രം വൈധവ്യം വരുത്തുന്നതാണോ അത്രമാത്രം പുരുഷനും ഭാര്യാനാശയോഗവുമാണ്. 8ല് ചൊവ്വയുളള പുരുഷന് 8 ല് ചൊവ്വയുളളവളെ വിവാഹം കഴിച്ചാല് രണ്ടുപേര്ക്കും ഈ ദുരോഗ്യമുണ്ടാവുകയില്ല.ഇപ്രകാരം രണ്ടുപേര്ക്കും ഏഴ് ദാമ്പത്യസ്ഥാനവും 8 ദാമ്പത്യ നിലനില്പിന്റെ സ്ഥാനവുമാണ്. കേരളത്തില് 8 ല് ചൊവ്വയുള്പ്പെടെയുളള ഗ്രഹങ്ങള്ക്ക് സ്ത്രീക്ക് മാത്രമെ ദോഷം കല്പിക്കുന്നുളളു. ഇത് ഗുരുതരമായ വീഴ്ചയാണ്. പാപസാമ്യം പലപ്പോഴും ഉണ്ടാകുന്നുമില്ല. (പുരുഷനിലെ 8 ലെ പാപത്തെ പരിഗണിക്കാതെ ചിന്തിക്കുമ്പോള് ).
ശാസ്ത്രീയമായ പാപചിന്തയില് രണ്ടുപേര്ക്കും ഏഴും എട്ടും പ്രധാനമായിതന്നെ ചിന്തിക്കണം. 8 -ആം ഭാവത്തിനാണ് കൂടുതല് പ്രസക്തി. രണ്ടുപേര്ക്കും സ്ത്രീക്കും പുരുഷനും ലഗ്നാലും ചന്ദ്രാലും ദോഷങ്ങള് പരസ്പരം ബന്ധപ്പെടുത്താവുന്നതാണ്.ദാമ്പത്യത്തില് ഏറ്റവും കൂടുതല് പ്രശ്നങ്ങള് സൃഷ്ടിക്കുന്നത് ചൊവ്വയുടെ 8 , 7 ഭാവസ്ഥിതി തന്നെയാണ്. 8 ലാണ് രണ്ടുപേര്ക്കും ഏറ്റവും ദോഷം. പിന്നീട് 7 ചൊവ്വയ്ക്ക് മറ്റെന്തുതന്നെ ഗുണങ്ങളുണ്ടായാലും 7 ലോ 8 ലോ ചൊവ്വയുണ്ടെങ്കില് മറ്റു ജാതകത്തിലും 7,8 ചൊവ്വയുണ്ടാകണം. ഇവിടെ സ്വക്ഷേത്ര ചൊവ്വയെന്നോ ഉച്ചനെന്നോ യോഗകാരകനെന്നോ, വ്യാഴയോഗമോ ദൃഷ്ടിയോഗമോ ഉളളവനെന്നോ ഒക്കെ പറഞ്ഞ് ചൊവ്വാദോഷത്തെ ഭൂരിപക്ഷം ജ്യോത്സ്യന്മാരും അവഗണിക്കുന്നു. ഇത് അനുഭവപ്രകാരവും ആചാര്യവചനപ്രകാരവും അക്ഷന്തവ്യമായ തെറ്റാണ്. ചൊവ്വക്ക് ചൊവ്വമാത്രമെ പരിഹാരമുളളു എന്നതാണ് നഗ്നമായ സത്യം.
ശാസ്ത്രം കൈകാര്യം ചെയ്യുന്നവര്ക്ക് ശരിയായ വിവേകം ഇല്ലെങ്കില് ശാസ്ത്രം കൊണ്ട് ദോഷമെ ഉണ്ടാകു അതാണ് കേരളത്തില് ഇപ്പോള് നടക്കുന്നത്. ശാസ്ത്രത്തിനും അതിന്റെ ശുദ്ധാവസ്ഥയിലും പരിമിതികളുണ്ട്. ഗുരുതരമായ രോഗാവസ്ഥയില് ചികിത്സിച്ചിട്ട് കാര്യമില്ലാത്ത രോഗങ്ങള് പോലെ വിവാഹസംബന്ധമായ ചില ദുര്യോഗങ്ങള് പാപസാമ്യം കൊണ്ടുമാത്രം പരിഹരിക്കുവാനാകില്ല. എന്നാല് പലപ്പോഴും രോഗികള്ക്ക് മരുന്ന് ഫലപ്രധമാകുന്നത് പോലെ പാപസാമ്യം ശരിയായി ചിന്തിച്ചാല് ഗുണപ്രദമാകുന്നതുമാണ്.
ജാതകത്തിലെ ഭാവങ്ങള് വ്യക്തിയുടെ അനുഭവം തന്നെയാണ്. ഗുരുതരമായ ദുര്യോഗങ്ങള് ദാമ്പത്യഭാവവുമായി ബന്ധപ്പെട്ട് കണ്ടാല് അവയെ പൂര്ണ്ണമായി പരിഹരിക്കുവാന് ജാതക ചേര്ച്ച കൊണ്ടുമാത്രം കഴിയുമോ എന്നതില് സന്ദേഹം ഉണ്ട്. ഉദാഹരണത്തിന് മിഥുനലഗ്നം 7 - ല് രവി, കുജന് , രാഹു, ശനി, 8 ല് വ്യാഴം ശുക്രന് പാപദൃഷ്ഠി (കുംഭത്തില്) ഇപ്രകാരമുളള ഒരു ഗ്രഹസ്ഥിതിയില് ഒന്നില് കൂടുതല് വിവാഹം ഉണ്ടാവുകയോ അഥവാ വിവാഹമോ ഇല്ലാത്ത അവസ്ഥയുണ്ടാവുകയോ ചെയ്യാം. എന്തായാലും ദുര്യോഗങ്ങള് 7, 8 എന്നീ ഭാവവുമായി ബന്ധപ്പെട്ട് കണ്ടാല് നേരത്തെയുളള വിവാഹം ഒട്ടും ആശാസ്യമല്ല. ഇത്തരത്തിലുളള ദോഷ ജാതകര്ക്ക് ജാതകച്ചേര്ച്ച നോക്കി താമസിച്ചുളള വിവാഹം ആണ് അഭികാമ്യം.
ഇപ്പോഴത്തെ സാമൂഹിക പരിസ്ഥിതി പ്രകാരം ഇത്തരം യോഗമുളള സ്ത്രീകള് 25 വയസ്സിനു ശേഷവും യുവാക്കള് 31 വയസ്സിനു ശേഷവും വിവാഹിതരാകുന്നതാണ് കൂടുതല് നല്ലത്. 20 - 25 , 25 - 31 കാലഘട്ട വിവാഹം ഇവര്ക്ക് വിവാഹ വിയോഗത്തിനോ മറ്റു ദുരിതാനുഭവങ്ങള്ക്കോ കാരണമാകാം. ഇത്തരത്തില് ദുര്യോഗങ്ങള് 7, 8 ഭാവങ്ങളുമായി ബന്ധപ്പെട്ടു കണ്ടാല് ജാതകച്ചേര്ച്ചയോടൊപ്പം പങ്കാളിയാകുന്ന വ്യക്തിയുടെ സ്വഭാവം, കുടുംബ സംസ്കാരം എന്നിവയ്ക്കുകൂടി പരമമായി പ്രാധാന്യം നല്കി മാത്രമെ വിവാഹത്തിലേര്പ്പെടാവു. ജാതകച്ചേര്ച്ച ഉണ്ടെങ്കിലും കേവലം പദവി, സമ്പത്ത്,വിദ്യാഭ്യാസം, സൗന്ദര്യം എന്നിവ മാത്രം നോക്കി വിവാഹത്തിലേര്പ്പെടരുത്. കുടുംബ സംസ്ക്കാരം, സ്വഭാവം, ബുദ്ധിപരമായ സമാനചിന്താഗതി ഇവ യോജിക്കുമോ എന്ന് കൂടി ചിന്തിക്കണം. ഉദാഹരണത്തിന് രാവിലെ ക്ലബ്ബില് പോകുക, പുതിയ ഫാഷന് കള്ച്ചര് ഇഷ്ടപ്പെടുക, ഇവയുളള സ്ത്രീ രാവിലെ ക്ഷേത്ര ദര്ശനം തുടങ്ങിയ നാടന് രീതികളുളള പുരുഷനെ വിവാഹം കഴിക്കുന്നത് ജാതകചേര്ച്ചയുണ്ടെങ്കിലും കുഴപ്പങ്ങള്ക്ക് കാരണമാകും. ഇതേപോലെ എം.ബി..ബി.എസ്സിന് പഠിക്കുന്ന ധനികയായ പെണ്കുട്ടി 10 ല് തോറ്റ പാവപ്പെട്ടവനെ പ്രേമിച്ച് വിവാഹം കഴിച്ചാലും ജാതകചേര്ച്ചയുണ്ടെങ്കിലും പീന്നീട് വന് പ്രശ്നങ്ങള്ക്കു കാരണമാകും. എന്നാല് ശുക്രന് ശനികുജരാഹുകേതുക്കള് വഴിയുളള ദുഷിപ്പിക്കപ്പെടല് ഉണ്ടായാല് പലപ്പോഴും (Unconventional) മാമൂല്പ്രകാരമല്ലാതെയുളള വിവാഹങ്ങള് അനുഭവപ്രകാരം ഗുണപ്രദമായി കാണുന്നുമുണ്ട്. വിവാഹകാലത്ത് നടക്കുന്ന ദശാപഹാരങ്ങള്ക്കും വിവാഹത്തിന്റെ നിലനില്പിനു കാര്യമായ പങ്കുളളതായി കാണുന്നു. ഉദാഹരണത്തിന് രണ്ടുപേര്ക്കും രാഹുദശാരംഭം - അവസാനം, കേതുദശാരംഭം - അവസാനം, ആദിത്യദശ തുടങ്ങിയ വിവാഹകാലത്ത് ഉണ്ടാകുക. ഇവയോടൊപ്പം ഏഴരശനി അഷ്ടമ - കണ്ടകശ്ശനികള് പ്രത്യേകിച്ച് ആദ്യ റൗണ്ട് ഏഴരശനി വരിക ഇവ വിവാഹബന്ധത്തിന്റെ ശൈഥില്യത്തിന് പലപ്പോഴും കാരണമാകാറുണ്ട്.
വിവാഹത്തില് പരമപ്രധാനമായ രതിയുടെ പ്രാധാന്യവും ഗ്രഹനില പ്രകാരം ചിന്താവിഷയമാക്കേണ്ടതാണ്. ഉദാഹരണത്തിന് ദുര്ബലമായ ഏഴ് എട്ട് ഭാവനാഥന്മാരും ഉച്ച ശുക്രനുമുളള വ്യക്തിയെ വിവാഹം കഴിച്ചാല് രതി (Sex) വിഷയങ്ങള് പരസ്പരം തൃപ്തികരമല്ലാതായി വിവാഹബന്ധം തകരാറിലാകാം. സന്യാസയോഗമുളള വ്യക്തി സന്യാസയോഗമുളള വ്യക്തിയേയും ഭൗതിക (അമിത രതി താല്പര്യമുള്പ്പെടെ) താല്പര്യാധിക്യമുളളവര് സമാനചിന്താഗതിയുളള വ്യക്തിയേയും വേണം വിവാഹം കഴിക്കുവാന്. പ്രഗത്ഭനായ ജ്യോതിഷിക്ക് അടിസ്ഥാനസ്വഭാവം, കാഴ്ചപ്പാട് ഇവ ഗ്രഹനില കൊണ്ട് വേര്തിരിച്ചറിയാനാകും എന്നതിനാല് വിവാഹചേര്ച്ച ചിന്തിക്കുമ്പോള് ഇത്തരം വിഷയങ്ങള് നോക്കി പങ്കാളിയെ കണ്ടെത്തുന്നത് കൂടുതല് ഗുണപ്രദമാകും.ജാതകചേര്ച്ചാ സമയത്ത് മനഃകാരകനായ ചന്ദ്രനേയും ബുദ്ധിചിന്താകാരനായ ബുധനേയും ഗ്രഹനിലകളില് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പാപഗ്രഹങ്ങളാല് വളരെയധികം ദുഷിപ്പിക്കപ്പെട്ട (Afflicted Weak Moon) ദുര്ബലനായ ചന്ദ്രനും ബുധനുമുളളവരെ കഴിവതും ഒഴിവാക്കുകയാണ് നല്ലത്. കാരണം മാനസീക പ്രശ്നങ്ങള്, സൈക്കോളജിക്കല് കുഴപ്പങ്ങള്,സംശയങ്ങള് തുടങ്ങിയ ബഹുവിധ കുഴപ്പങ്ങള് മൂലം ഇത്തരത്തിലുളളവരുമായുളള ബന്ധം സങ്കീര്ണ്ണമാക്കാം. ഇത്തരത്തിലുളള ഗ്രഹനിലയുളളവര് വളരെ ശ്രദ്ധിച്ച് മാത്രമെ വിവാഹബന്ധത്തില് ഏര്പ്പെടാവൂ. ആവശ്യഘട്ടത്തില് മനഃശാസ്ത്ര - ജ്യോതിഷിയുടെ കൗണ്സിലിങ്ങും സ്വീകരിക്കുന്നതും ആയുര്വേദ -ഹോമിയോ ചികിത്സകരുടെ സഹായം തേടുന്നതും നല്ലതാണ്. വിവാഹത്തിനു മുമ്പ് ആയുസ്സിന്റെ വിഷയങ്ങളും കഴിയുന്നത്ര ഗ്രഹനിലയിലൂടെ കുലംകഷമായി ചിന്തിച്ച് നിര്ണ്ണയിക്കേണ്ടതാണ്.
വ്യക്തി പുരുഷനോ സ്ത്രീയോ ആയാലും ഗ്രഹനിലയിലെ ലഗ്നം, ചന്ദ്രരാശി, ശക്തന്മാരായ ഗ്രഹങ്ങള് ഇവയെ പ്രത്യേകം ചിന്തിക്കണം. വൃശ്ചിക - മേട -ചിങ്ങ ലഗ്നങ്ങളും കൂറുകളും ശക്തമായ കുജനും രവിയും ഉളളവര് കര്ക്കശ- ദുശ്ശാഠ്യ സ്വഭാവങ്ങളുളളവരും അമിത സ്വതന്ത്രശീലരും ആയിരിക്കും. പങ്കാളിയും ഇതേ ഗ്രഹനിലയുളളവരാണെങ്കില് പ്രശ്നം സങ്കീര്ണ്ണമാകും. ഉദാഹരണത്തിന് വൃശ്ചിക ലഗ്നത്തില് ചൊവ്വയും 6 ല് മേടത്തില് ചന്ദ്രനും രവി ചിങ്ങത്തിലും ഗുരു മകരത്തിലും ശുക്രന് കന്നിയിലും ഉളള ഒരു വ്യക്തി ( സ്ത്രീയോ പുരുഷനോ) തന്റെ ദുശ്ശാഠ്യങ്ങള്ക്കും സ്വതന്ത്രബുദ്ധിക്കും ഒരിക്കലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്ക്കും വിധേയനായിരിക്കും ആരേയും അനുസരിക്കുകയില്ല പങ്കാളിയെ അടിച്ചമര്ത്താന് മാത്രമെ അവര് ശ്രമിക്കു. പങ്കാളി കന്നിലഗ്നവും ഗുരു - ശുക്ര - ബുധ ചന്ദ്രന്മാര്ക്ക് നല്ല ബലവും സുസ്ഥിതിയും ഉളളയാളും കുജ - രവി മാര്ക്ക് ബലഹീനതയുളളയാളും ആയാല് ദാമ്പത്യം കുഴപ്പമില്ലാതെ പോകും. കാരണം അത്തരം വ്യക്തി പങ്കാളികളുടെ തീരുമാനത്തിനും ആജ്ഞയ്ക്കും വിധേയനായി / വിധേയയായി വര്ത്തിക്കും എന്നാല് രണ്ടുപേരും ആദ്യവിഭാഗത്തില് പെടുന്നവരായാല് പരമ്പരാഗത രീതിയില് പാപസാമ്യമുണ്ടെങ്കിലും ദാമ്പത്യം വിയോഗത്തില് അവസാനിക്കും. ഇപ്രകാരം ബഹുവിധങ്ങളായ കാര്യങ്ങള് തീര്ച്ചയായുംവൈവാഹിക ജീവിതത്തില് ഗുണകരമായ പരിവര്ത്തനങ്ങള് സൃഷ്ടിക്കുവാന് കഴിയും. പാണ്ഡിത്യവും പ്രതിഭയുമുളള ഒരു ജ്യോത്സ്യന്റെ ഉപദേശം ഇതിനു സഹായമാകും.
ഭൂരിപക്ഷം ജ്യോത്സ്യന്മാരും ഇപ്പോഴവലംബിക്കുന്ന പരമ്പരാഗത ശൈലിയിലുളള ജാതകസാമ്യവും നക്ഷത്രപ്പൊരുത്തവും, ആധുനികയുഗത്തില് കാര്യമായ ഗുണം നല്കുവാന് പര്യാപ്തമല്ല എന്നതാണ് സത്യം. പ്രത്യേകിച്ച് നക്ഷത്രപൊരുത്തത്തില് കാര്യമായ യാതൊരു ചലനവും സൃഷ്ടിക്കാനാവില്ല എന്നത് അനുഭവസാംഗത്യമുളളഒരു സത്യം മാത്രമാണ്. ജ്യോതിഷം, പ്രവചനം, ജാതകാനുകുല്യം ഇവയെല്ലാം വ്യക്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളാകയാല് ഓരോ വ്യക്തിയുടേയും ജനനസാഹചര്യങ്ങള്, സംസ്കാരം,സാമൂഹികമായ കാഴ്ചപ്പാട് ഇവയെല്ലാം പരിഗണിച്ച് ജാതകാനുകൂല്യം നോക്കേണ്ടതാണ്. ഗ്രഹനിലയ്ക്ക് മാത്രമാണ് 100 % പ്രസ്ക്തി എന്നു പറയാനാവുകയില്ല. വ്യക്തിയേകൂടി ഗ്രഹനില വിശകലനം ചെയ്ത് - അതായത് ഒരു കൗണ്സിലിങ് രീതി വികസിപ്പിച്ചെടുക്കുവാന് ജ്യോത്സ്യന്മാര് തയ്യാറാകണം അല്ലാതെ പരമ്പരാഗത രീതിയില് കുറെ പ്രമാണങ്ങള് തട്ടിവിട്ട് പൊരുത്തം നിര്ണ്ണയിക്കുന്നത് ഈ യുഗത്തില് ഗുണപ്രദമാകുകയില്ല.
അമേരിക്കന് സംസ്കാരത്തില് ജനിച്ച് ജീവിക്കുന്ന ഒരു വ്യക്തിയുടെ ഗ്രഹനില കേരളത്തിലെ തനി ഗ്രാമത്തില് വളര്ന്നു പഠിച്ച ഒരു വ്യക്തിയുടെ ഗ്രഹനിലയുമായി ചേരുമെങ്കിലും (ജ്യോതിഷ പ്രകാരം) അവരുടെ ദാമ്പത്യം, ആശയ - ദര്ശനങ്ങളുടെ മൗലികമായ വിഭിന്നതകള് കൊണ്ടു തന്നെ തകര്ന്നു പോയേക്കാം. അതിനാല് പ്രഗത്ഭനായ ജ്യോതിഷി എല്ലാ വിഷയങ്ങളും പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ നിര്ദ്ദേശങ്ങളാണ് നല്കേണ്ടത്. വ്യക്തിയേയും സമൂഹത്തേയും ബന്ധിപ്പിക്കാതെയുളള ഗ്രഹനില യോജിപ്പിക്കല് ലക്ഷ്യസാക്ഷാത്കാരത്തിന് ഉചിതമല്ല. അതിനാല് പാപസാമ്യം ചിന്തിക്കുന്ന ജ്യോത്സ്യന് നല്ല ഒരു മനഃശാസ്ത്രജ്ഞനും "ഊഹാപോഹപടു" വും ആയിരിക്കണം. എങ്കിലേ ആധുനിക യുഗത്തില് " ജാതകച്ചേര്ച്ച " പ്രയോഗികമായി ഫലപ്രദമാകുവാന് കഴിയൂ.
തുടര്‍ചര്‍ച്ച
വിനോദ് കോട്ടക്കാടന്‍:
ദാമ്പത്യവും ജ്യോതിഷവും എന്ന വിഷയത്തെ പറ്റി താങ്കളെഴുതിയ കാര്യങ്ങളെ കുറിച്ച് വിയോജിക്കുന്നു . സ്ത്രീ ജാതകത്തില് അഷ്ടമത്തില് നില്ക്കുന്ന പാപ ഗ്രഹത്തിന് തത്തുല്യമായ പാപ ഗ്രഹം പുരുഷ ജാതകത്തില് സപ്തമത്തില് നില്ക്കണം. അക്കാര്യം കാര്യകാരണ സഹിതം കൈക്കുളങ്ങര ഹോര വ്യാഖ്യാനത്തില് വ്യക്തമാക്കിയിട്ടുണ്ട്. താങ്കളതോന്നു വായിച്ചുനോക്കുമല്ലോ. പിന്നെ ജാതകത്തിലെ മൂന്നോ നാലോ ഗ്രഹങ്ങളുടെ .സ്ഥിതി അനുസരിച്ച് ഫലം പറയുന്ന രീതി ശരിയല്ല. ശശിമംഗല യോഗവും, ഗുരു യോഗ ദൃഷ്ടിയാദി ബന്ധങ്ങളും, ഉച്ച സ്വ രാശി സ്ഥിതിയും ചൊവ്വയുടെ കാഠിന്യം കുറയ്ക്കും . വിവാഹ പൊരുത്ത ചിന്തയില് അഞ്ചാം ഭാവത്തിനും പ്രാധാന്യമുണ്ട് . പ്രജനനമാണല്ലോ വിവാഹത്തിന്റെ ലക്‌ഷ്യം. പപസാമ്യത്തോടൊപ്പം സുഭ സാമ്യവും കൂടി പരിഗണിക്കണം . സന്താന കാരകനായ വ്യാഴവും ഭോഗ കാരകനായ ശുക്രനും വിവാഹപ്പൊരുത്ത ചിന്തയില് പ്രത്യേകം പ്രാധാന്യം അര്ഹിക്കുന്നു . സമയക്കുറവു കാരണം ഇപ്പോള് നിറുത്തുന്നു .
അനില്‍ വെളിച്ചപ്പാടന്‍:
ബഹുമാന്യരെ, ഈ വിഷയം മുമ്പൊരിക്കല്‍ ഇവിടെ ചര്‍ച്ചയായിട്ടുണ്ടെന്ന്‍ തോന്നുന്നു. അന്നും ഞങ്ങളുടെ ഉറച്ച തീരുമാനം രേഖപ്പെടുത്തിയതുമാണ്. ശ്രീ കൃഷ്ണന്‍നമ്പൂതിരിയുടെ ചൊവ്വാദോഷവിശകലനവും പാപസാമ്യചിന്തയും ഉത്തരാജ്യോതിഷഗവേഷണകേന്ദ്രം മുഖവിലയ്ക്കെടുക്കുന്നില്ല. കാരണം, ചൊവ്വാദോഷത്തെ പാര്‍വ്വതീകരിച്ചുകാണിക്കാനായി ഞങ്ങള്‍ക്ക് യാതൊരു താല്പര്യവുമില്ല. മറിച്ച് അത്യപൂര്‍വ്വ ജാതകങ്ങളില്‍ മാത്രം കാണുന്ന ചൊവ്വാദോഷത്തെക്കുറിച്ച് സമൂഹത്തിന് - സാധാരണക്കാരന് - മനസ്സിലാകുന്ന രീതിയില്‍ ബോധവല്‍ക്കരണം നടത്താനുള്ള ഞങ്ങളുടെ ശ്രമത്തിന് ഇതൊക്കെ വളരെ വലിയ വെല്ലുവിളികളുമായി മാറുന്നുവെന്ന് വിഷമത്തോടെ പറയാനും ആഗ്രഹിക്കുന്നു.
പാപസാമ്യചിന്തനടത്തുന്നത് 1,2,4,7,8,12 എന്നിവയെക്കൊണ്ടും പിന്നെ സ്ത്രീയുടെ 7,8 ഭാവങ്ങളിലെയും പുരുഷന്‍റെ 7-)൦ ഭാവത്തെയും കൊണ്ടും തന്നെയാണ്. ഏഴാംഭാവാധിപന്‍റെ അഞ്ചിലെ സ്ഥിതിയും (മറിച്ചും) ചിന്തിക്കണം. ശുക്രന്റെ പാപമദ്ധ്യസ്ഥിതിയും ചിന്തിക്കണം.
Vinod Kotakkadan: താങ്കളോട് പൂര്‍ണ്ണമായും ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം യോജിക്കുന്നു.
വിനോദ് കോട്ടക്കാടന്‍:
മംഗല്യം ചിന്തക്കേണ്ടത് സ്ത്രീ ജാതകത്തിലെ അഷ്ടമ ഭാവം കൊണ്ടാണ്.അല്ലാതെ പുരുഷജതകത്തിലെ അഷ്ടമ ഭാവം കൊണ്ടല്ല. വിവാഹം സ്ത്രീ പ്രാധാന്യമുള്ള വിഷയമാണ് . പുരുഷജാതകത്തിലെ അഷ്ടമാഭാവത്തിനു മംഗല്യവുമായി ബന്ധമില്ല .അത് ആയുര്ഭാവമാണ്.
വി കൃഷ്ണന്‍ നമ്പൂതിരി:
ബൃഹല്‍പരാശരഹോതശാസ്ത്രം അദ്ധ്യായം ( 82 - ശ്ലോകം 28 - ല് സ്ത്രിക്ക് 8 ല് ചൊവ്വ നിന്നാല് വൈധവ്യം വരും.
(കുജേ അഷ്ടഗനേ ബാലാകൃശാംഗി രോഗേംഷുത വിധവാകാന്തിഹീനാ ----)
പിന്നീട് 82 - ആം അദ്ധ്യായം 48 , 49 വരികളില് "യസ്മിന് യോഗേ പതിഹന്തികുമാരികതസ്മിന് യോഗ സമൃത്പന്നോപത്നിം ഹന്തി നരോ പിച സ്ത്രീ ഹന്ത്രാ പരീണിതാചേത് പതിഹന്ത്രി കുമാരി തദാ വൈധവ്യ യോഗ സ്യഭംഗോഭവത് നിശ്ചയാത് "
( സ്ത്രീക്ക് വൈധവ്യം വരുത്തുന്ന ഏതു യോഗവും പുരുഷനില് കണ്ടാല് ഭാര്യാനാശം ഫലം. അപ്രകാരമുളള സ്ത്രീപുരുഷന്മാര് വിവാഹം കഴിച്ചാല് അവധവ്യദോഷവും ഭാര്യാനാശവും ഇല്ലാതാകും)
ഇതില് നിന്നും 8 ല് ചൊവ്വ സ്ത്രീക്ക് എത്രമാത്രം വൈധവ്യം വരുത്തുന്നതാണോ അത്രമാത്രം പുരുഷനും ഭാര്യാനാശയോഗവുമാണ്. 8ല് ചൊവ്വയുളള പുരുഷന് 8 ല് ചൊവ്വയുളളവളെ വിവാഹം കഴിച്ചാല് രണ്ടുപേര്ക്കും ഈ ദുരോഗ്യമുണ്ടാവുകയില്ല.ഇപ്രകാരം രണ്ടുപേര്ക്കും ഏഴ് ദാമ്പത്യസ്ഥാനവും 8 ദാമ്പത്യ നിലനില്പിന്റെ സ്ഥാനവുമാണ്. കേരളത്തില് 8 ല് ചൊവ്വയുള്പ്പെടെയുളള ഗ്രഹങ്ങള്ക്ക് സ്ത്രീക്ക് മാത്രമെ ദോഷം കല്പിക്കുന്നുളളു. ഇത് ഗുരുതരമായ വീഴ്ചയാണ്. പാപസാമ്യം പലപ്പോഴും ഉണ്ടാകുന്നുമില്ല.
സുരേഷ് ലക്ഷ്മിമഠം:
ഒരു വിജ്ഞാനപ്രദമായ ചർച്ച
You are not authorised to post comments.