കുണ്ടെലി – കഥകളുടെ സത്യം
- Details
- Created: Wednesday, 12 April 2017 04:08
- Last Updated: Wednesday, 12 April 2017 04:14
- Hits: 1448
ലേഖകന്‍ - ഹരികുമാര്‍ നായര്‍
(ഹരികുമാര്‍ നായര്‍ കേരളജ്യോതിഷം ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത ചില പോസ്റ്റുകളെ അവലംബിച്ചാണ് ഈ ലേഖനം.)
മൂലത്തിലെ തൊഴിയും ത്രിശങ്കുസ്വർഗ്ഗവും
നാം എത്രയോ എത്രയോ കാലങ്ങളായി, തലമുറകളായി കുണ്ഡലിനിയുടെ കഥ ഒരേ പല്ലവിയിൽ ആവർത്തിച്ചാവർത്തിച്ചു കേൾക്കുന്നു. ഏതൊരു ആത്മദാഹിയെയും ഹഠാദാകർഷിക്കുന്നതും അർദ്ധവിരാമം പൊതുസ്വഭാവമാർന്നതുമാണ് കുണ്ടെലിക്കഥകൾ. ആത്മാനുഭൂതിയുടെ അത്യുന്നതങ്ങളിലേക്ക് ഒരു കുതിച്ചു ചാട്ടം – വെറുതെ കാട്ടിലും കടവുകളിലുമൊന്നും തപസ്സു ചെയ്യേണ്ട - നൂലാമാലകളൊന്നും വേണ്ട – പരമേശ്വരന്റെ തിരു-അവതാരമായ ഒരു മഹാഗുരുവിനെ കണ്ടെത്തി മൂലത്തിലൊരു തൊഴി വാങ്ങിയാൽ മതി. സംഗതി എന്തായാലും ജന്മാന്തരങ്ങളിലൂടെ ഉപാസനയെന്ന കുരിശും ചുമന്ന് നടക്കുന്നതിലും എത്രയോ ഭേദം? മൂലത്തിലൊരു തൊഴി കൊണ്ട് മൂർഖൻ ഉണർന്നാൽ പിന്നെ സ്ഥാനം ഭൂമിയുടെ അച്ചുതണ്ടിന് മുകളിലാണ് – ധ്രുവനക്ഷത്രത്തിന് അല്പം താഴെ നിലാവിൽ കുളിച്ച് നിൽക്കാം – പ്രകൃതിയെ കീഴടക്കിയ മഹാനുഭാവനെന്ന നിലയിൽ അഭിനയമാകാം. ഈ മഹാപ്രപഞ്ചം അങ്ങനെയുള്ള യോഗിയുടെ കേളീവനമായി തീരുന്നു. എത്ര നല്ല സ്വപ്നമാണ്?
ഈ സ്വപ്നം പല ആത്മദാഹികളെയും വഴി തെറ്റിക്കുന്നു. കുറുക്കുവഴി തേടാൻ കുറുക്കന്റെ കൌശലമാണ് അബോധമനസ്സ് ഉപയോഗിക്കുക. നിദ്രാടനം ബാധിച്ച പോലെയാണ് ഇങ്ങനെ കുണ്ടെലി രോഗം ബാധിച്ചവരുടെ ശേഷജീവിതം. ഗുരുവായി അഭിനയിക്കുന്നതിന് പാരമ്പര്യത്തിൽ കണ്ടും കേട്ടും കിട്ടിയ ആട്ടക്കഥകൾ നിരവധി ഉണ്ടെല്ലോ? തന്നെപ്പോലെയുള്ള ഹതഭാഗ്യർക്ക് വേണ്ടി കുണ്ഡലിനി കഥകളുടെ ചൂണ്ടയുമിട്ട് കാത്തിരിക്കുന്നു. ഒരിക്കലും അവസാനിക്കാത്ത മായാഭഗവതിയുടെ വിളയാട്ടം. കുണ്ടെലി, ഷഡ്ചക്രം, തൃക്കണ്ണ്, ധ്യാനം, ആത്മാനുഭൂതിയെന്ന പൊതിയാതേങ്ങ ഇതൊക്കെ ചേർത്തുള്ള വാഗ്ദ്ധോരണി ഇങ്ങനെയുള്ള കുണ്ടിലെ ഗുരുക്കന്മാരുടെ പൊടിക്കൈയ്യുടെ ഭാഗമാണ്.
ഇങ്ങനെയുള്ള ഗുരുക്കന്മാർക്കും അവരുടെ സംഘങ്ങൾക്കും പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് ഫെയ്സ്ബുക്കിലേയും മറ്റും ഗ്രൂപ്പുകൾ നല്ല മേച്ചിൽപുറമാണ്. ജ്യോതിഷം പഠിക്കുന്നവർക്ക് ആദ്ധ്യാത്മികമായ ജിജ്ഞാസ ഉണ്ടാകും. അപ്പോൾ അവരോട് എലി –ചക്രം മുതലായ ഇനങ്ങൾ ചേർത്ത് പൊടിക്കൈ പ്രയോഗിച്ചാൽ ഇവരുടെ പുണ്യാശ്രമങ്ങളിൽ ആളിനെ കൂട്ടാം. ഹെമിംഗവേയുടെ കിഴവനും കടലും എന്ന നോവലിലെ നായകനെപ്പോലെ ജീവിതാന്ത്യം വരെ മായാസാഗരത്തിൽ ചൂണ്ടയിട്ടു കഴിയുന്ന ഈ പുണ്യവാളന്മാരുടെ പല മുഖങ്ങളും നമുക്ക് പരിചിതമാണെല്ലോ?
എന്താണ് യഥാർത്ഥത്തിൽ കുണ്ഡലിനി?
എന്താണീ കുണ്ഡലിനീ ശക്തി? ഈ ശക്തിയുടെ സ്വരൂപമെന്ത്? ഉറവിടമെന്ത്? ഇത് എങ്ങനെ കുതിച്ചു ചാടുമെന്നാണ് പറയുന്നത്?
(ക) മൂലപ്രകൃതി മുതലുള്ള പരയുടെ സ്ഥിതി-ഗത്യാദി ധ്രുവീകരണമാണ് ഐശ്വര്യാത്മകമായ വിദ്യക്കും അവിദ്യക്കും കാരണമാകുന്നത്. രണ്ടും ഒഴിച്ചു കൂടാനാവാത്ത പരിണതിയാണ്.
(ഖ) സൌന്ദര്യലഹരിയിലെ 35-മതു ശ്ലോകം നോക്കൂ
മനസ്ത്വം വ്യോമസ്ത്വം മരുദസി മരുത്സാരഥിരസി
ത്വമാപസ്ത്വം ഭൂമിഃ ത്വയി പരിണതായാം നഹി പരം
ത്വമേവ സ്വാത്മാനം പരിണമയിതും വിശ്വവപുഷാ
ചിദാനന്ദാകാരം ശിവയുവതി ഭാവേന ബിഭൃഷേ
ചിദാനന്ദാകാരം – ചിത് ആ നന്ദം – വലിയ വാക്കാണ്. പഞ്ചാഗ്നിമദ്ധ്യത്തിലെ തപസ്വിയുടെ മുകളിലെ സൂര്യനാണ് ഈ ചിദാനന്ദം. ആത്മജ്യോതിയെന്നും ജ്ഞാനജ്യോതിയെന്നുമൊക്കെ പറയും. ഇതിന്റെ സ്വഭാവമെന്താണ്?
ചിദാനന്ദാകാരമാണ് ശ്രീചക്രമായി ചിത്രീകരിക്കപ്പെടുന്നത്. ഇത്രയും പറഞ്ഞതു കൊണ്ട് മനസ്സിലാകണമെന്നില്ല. ജ്യാമിതീയമായി ആനന്ദഭൈരവന് ബിന്ദുരൂപമാണ് കല്പിക്കപ്പെടുന്നത്. അങ്ങനെ ബിന്ദുരൂപമാർന്ന ഭൈരവന്റെ രശ്മികളാണ് ജ്ഞാനസുധാമൃതവാഹികളായ രശ്മികൾ. ഇവയെപ്പറ്റിയും സൌന്ദര്യലഹരിയിൽ പറയുന്നുണ്ട്.
ക്ഷിതൌ ഷട്പഞ്ചാശദ്ദ്വിസമധികപഞ്ചാശദുദകേ
ഹുതാശേ ദ്വാഷഷ്ടിഃ ചതുരധികപഞ്ചാശദനിലേ
ദിവി ദ്വിഃഷട്ത്രിംശന്മനസി ച ചതുഃഷഷ്ടിരിതി യേ
മയൂഖാഃ തേഷാമപ്യുപരി തവ പാദാംബുജയുഗം
ഈ രശ്മികളിലൂടെയാണ് ബിന്ദുരൂപമാർന്ന ആനന്ദഭൈരവനും സുധാഭൈരവിയും പ്രപഞ്ചാനുഭൂത്യാത്മകമായ രതിയിൽ ഏർപ്പെടുന്നത്. വിവിധങ്ങളായ ജ്ഞാനം , വിജ്ഞാനത്തിന് ഉറവിടം ഈ ആത്മപ്രസരമാണ്. ഇങ്ങനെ ആത്മപ്രസരണം സാദ്ധ്യമാക്കുന്നതിന് സൂര്യചന്ദ്രാഗ്നിവാഗ്സ്വരൂപമാളുന്ന നാല് ഭൂതാഗ്നികൾ വേറേ ജീവശരീരത്തിൽ കുടി കൊള്ളുന്നു.
ബിന്ദ്വാത്മകമായ ആത്മചൈതന്യം സ്ഥിരമാണ് – സ്ഥിതിയും ഗതിയുമെന്ന യുഗ്മഭാവത്തിൽ നാഗം സ്ഥിതിയും അഗ്നി ഗതിയുമാണ്. വളരെ വിശേഷപ്പെട്ട വാക്കുകളാണ് സിദ്ധപാരമ്പര്യത്തിൽ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്.
ഈ പശ്ചാത്തലത്തിൽ ജീവപ്രപഞ്ചത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? വിജ്ഞാനഭൈരവസ്വരൂപത്തിന്റെ സ്ഥിതി എന്താണ്? ബിന്ദുവായി മനുഷ്യനിൽ കുടിയേറിയ ജ്ഞാനസ്വരൂപം ഗതിയാർന്ന് ക്രിയയാർന്ന് പരിണമിച്ച് പ്രഫുല്ലമായിക്കൊണ്ടിരിക്കുകയാണ്. അറിയുക എന്ന ദ്രാവിഡപദത്തിന് ധാതുവായി അറ്, 6, ആറ് (ഗംഗ) ഇവയൊക്കെ പറയാം. സംസ്കൃതത്തിൽ കൃത്, കൃത്യം, കൃത്തികയൊക്കെ തത്ഭവമായി പിറന്ന വാക്കുകളാണ്. കാർത്തികേയൻ അറുമുഖനും വിജ്ഞാനശാഖകളുടെ ഉറവിടവുമാണെല്ലോ? സാക്ഷാൽ പരമശിവന് പോലും ഓങ്കാരരഹസ്യം ഉപദേശിച്ചത് ആറുമുഖനാണെന്ന് കഥ. നിരന്തരം അറിഞ്ഞറിഞ്ഞ് വികസ്വരമാകുന്ന ജ്ഞാന-വിജ്ഞാനസഞ്ചയവും മഹാജ്ഞാനസ്വരൂപിണിയായ കുണ്ഡലിനിയും തമ്മിലുള്ള ബന്ധമെന്താണ്?
ശ്രീമൂലപീഠത്തിൽ സ്ഥിതി അവലംബിക്കുന്ന നാഗത്തിന് ഗതി കൈവരുന്നതെങ്ങനെ?
മൂലത്തിൽ തൊഴി കൊണ്ടാൽ ആരിലും ഉത്സർഗ്ഗം കൈവരിക്കുന്നവളാണോ കുണ്ഡലിനി?
ഇന്ന് നാം പരസ്യം കൊടുത്തും ആളിനെ പിടിക്കാൻ പൊടിക്കൈവിദ്യകൾ നല്കിയും നടക്കുന്ന നിരക്ഷരകുക്ഷികളായ ഗുരുക്കന്മാരുടെ ശക്തിപാതം ഭൂലോകപൊളിയാണ്.
കുണ്ഡലിനി മാത്രമല്ല ഉള്ളത്. മഹാകുണ്ഡലിനിയും ഉണ്ട്. നാഗത്തിന്റെ അഗ്നിയായുള്ള ഉത്സർഗ്ഗം അതീന്ദ്രിയ ഭൌതികശാസ്ത്രത്തിന്റെ ഭാഗമാണ്. ഭോഷന്മാർക്ക് ഗോഷ്ടി കാട്ടി സൃഷ്ടിക്കാവുന്ന സ്ഥിതി-ഗതിവിശേഷമല്ലത്.
അഗ്നിഹോത്രം
നാഗം അഗ്നിയാകുന്ന പ്രക്രിയക്ക് അഗ്നിഹോത്രം എന്നതിൽ കവിഞ്ഞ് നല്ലൊരു പേരു കിട്ടില്ല. വിരാടാന്തർഗതമായ വിജ്ഞാനഭൈരവ-നാഗരാജ-സ്വരൂപം പിണ്ഡാന്തർഗതമായ നാഗത്തോട് സംവദിക്കുന്നതെങ്ങനെ?
നാഗങ്ങളുടെ ശക്തി പങ്കുവെക്കൽ എങ്ങനെയാണ് നടക്കുന്നത്?
വിരാടനാഗസ്വരൂപം ഖഗോളിയമായ ബൃഹത്ശക്തിപരിണയങ്ങളുടെ അവശിഷ്ടമായാണ് ജീവരാശിയിയിൽ കുടികൊള്ളുന്നത്.
നാഗത്തെ അഗ്നിയാക്കുന്ന അഗ്നിഹോത്രത്തിന്റെ ജ്യാമിതീയ ചിത്രീകരണമാണോ ശ്രീചക്രം? ആണെങ്കിൽ എന്തുകൊണ്ട്?
വിരാടനിൽ നിന്നും അറിവിന്റെ മുത്തുകൾ (നാഗമാണിക്യം) ഇരുകാലിയായ നാഗനിൽ എത്തുന്നതെങ്ങനെ?
മുത്തപ്പനിൽ നാഗം അഗ്നിയായി , അമൃതവള്ളിയായി 51 ഇലകളോടെ 6 മുട്ടുകളോടെ പടരുന്നതെങ്ങനെ?
സ്ഥിതിയും ഗതിയും നിശ്ചയിക്കുന്നത് അതാതു ബലങ്ങളാണെന്ന് ഫിസിക്സ് പഠിച്ചിട്ടുള്ളവർക്ക് അറിയാം. ബ്രഹ്മകുണ്ഡലിനിയും പിണ്ഡകുണ്ഡലിനിയും തമ്മിലുള്ള പരസ്പരപരിണയാവസ്ഥയാണ് കുണ്ഡലിനിയെ നാഗമായി ശ്രീമൂലപീഠത്തിൽ നാഗമായി കുടിയിരുത്തുന്നത്. ഈ അവസ്ഥയെ പിണ്ഡകുണ്ഡലിനി ലംഘിക്കുമ്പോഴാണ് ഗതി കൈവന്ന് നാഗം ചലിക്കുന്നതും അഗ്നി ജ്വലിക്കുന്നതും.
ബിന്ദുജയം വിന്ദുജയം എന്നൊക്കെ പറയുന്നതും ഗുരുമുഖത്ത് നിന്നും പഠിക്കേണ്ടതാണെന്ന് പറഞ്ഞ് രഹസ്യമാക്കി വെക്കുന്നതും മൂകന്റ സംഗീതം പോലെയാണ്. കപടയതികൾക്ക് ഒരിക്കലും സാദ്ധ്യമാകുന്നതോ മനസ്സിലാക്കാനാകുന്നതോ അല്ല കുണ്ഡലിനിയുടെ വ്യാപാരം.
ബിന്ദുജയത്തിന്റെ ലക്ഷണം എന്ത്?
ഒരു അഗ്നി മാത്രമായി പരിഗണന സാദ്ധ്യമല്ല. അഞ്ചഗ്നികളാണ്. അഞ്ചുതലയുള്ള നാഗമാണ് കുണ്ഡലിനി. ഈ അഞ്ചുതലക്കും ലക്ഷണമുണ്ട്.
ന തത്ര സൂര്യോ ഭാതി ന ചന്ദ്രതാരകം
നേമാ വിദ്യുതോ ഭാന്തി കുതോ(അ)യമഗ്‌നിഃ
തമേവ ഭാന്തമനുഭാതി സര്‍വ്വം
തസ്യ ഭാസാ സര്‍വമിദം വിഭാതി
അവിടെ സൂര്യൻ തിളങ്ങുന്നില്ല, ചന്ദ്രനോ നക്ഷത്രങ്ങളോ കൊള്ളിമീനോ ഇല്ല. ഈ അഗ്‌നിയുടെ കാര്യം പറയേണ്ടതുമില്ല. അതിനാൽ സർവ്വവും പ്രകാശിക്കുന്നു. ഇക്കാഴ്ചയെല്ലാം അതിന്റെ പ്രകാശത്താലാണ്.
മുണ്ഡകത്തിലെ ഗീതമാണ്. ഭൂതാഗ്നികളാണ് സൂര്യചന്ദ്രാഗ്നികളും വാക്കും. ഇവ ഉളളപ്പോൾ നാം കാണുന്നു, പക്ഷെ അവയെ അറിയുന്നത് ബോധം കൊണ്ടാണ്. അതേ ബോധം കൊണ്ടു തന്നെ ഭൂതാഗ്നികൾ ഇല്ലാത്തപ്പോഴും ചുറ്റുപാടുമുള്ള ലോകത്തെ നാം അറിയുന്നു. ഈ അറിവാണ് ആത്മവിലാസം.
വിരാടനിൽ നിന്നും മനുഷ്യനിലേക്കുള്ള അറിവിന്റെ സംക്രമം – അറിവിന് വേണ്ടി തപസ്സു ചെയ്ത എത്രോയ ഭഗീരഥന്മാരിലൂടെ അറിവിന്റെ എത്രയോ ഗംഗകൾ ഭൂതലത്തിന് പുണ്യം പകർന്നു?
പ്രകൃതിയുടെ പ്രക്രിയയുടെ പരമകാഷ്ഠയിലാണ് ക്രിയാസ്വരൂപനായ പാർത്ഥൻ പൃഥ്വിയുടെ മകനായി അവതരിക്കുന്നത്. ക്രിയാസ്വരൂപമായ പാർത്ഥനിലൂടെയാണ് ജ്ഞാനത്തിന്റെ ബിന്ദു ഗതിയാർന്ന് വികസിക്കുന്നത്. ഈ ഗതിയാണ് കുല കുണ്ഡലിനിയെന്ന നാഗത്തിന്റെ അഗ്നിരൂപം.
പാർത്ഥനിലൂടെ പ്രവഹിക്കുന്ന അമൃതഗംഗയുടെ തോതനുസരിച്ച് മാത്രമാണ് കുലകുണ്ഡലിനിക്ക് ഉയരാൻ കഴിയുന്നത്. ബിന്ദുജയം സാങ്കേതിക പ്രയോഗമാണ്. ബിന്ദുജയത്തിന്റെ മുഖലക്ഷണം തന്നെ വാക്കായ അഗ്നിയാണ്. അങ്ങനെ സിദ്ധി വന്ന ഗുരുക്കന്മാർക്കോ ടി സിദ്ധി പകരാനും അത് കൈയ്യേൽക്കാനും കഴിവുള്ള ശിഷ്യർക്കോ അന്യന്റെ വാക്കുകൾ അപഹരിക്കേണ്ട ഗതികേട് വരില്ല. അനർഗ്ഗളം പ്രവഹിക്കുന്ന വാക്കാണ് കുണ്ഡലിനിയുടെ മർമ്മരം.
അമൃതവള്ളിയെ കൃത്രിമമായി പടർത്താമെന്ന അവകാശം മുന്നോട്ട് വെക്കുന്ന "വേതാളങ്ങൾ" ഉണ്ടായെന്ന് വരാം. പ്രകൃതിയിൽ വികൃതി ചിലപ്പോൾ സംഭവിക്കാറുണ്ട്. കൃത്രിമം എന്നും കൃത്രിമമായി തന്നെയിരിക്കും. പാതഞ്ജലം വ്യാസഭാഷ്യത്തിൽ ഇക്കാര്യം പറയുന്നുണ്ട്.
ഓരോ വ്യക്തിസ്വരൂപവും അമൃതകലശമാണ്. പാലാഴിയും നമ്മുടെ ഉള്ളിലാണ്. പാലാഴി കടയുമ്പോൾ അമൃതകല മാത്രമല്ല ലഭിക്കുന്നത്. വിഷകലയും ഉണ്ട്. നാഗാരാധനയുടെ തറക്കല്ലായ ഈ വിഷകലയെ തിരിച്ചറിയുന്നവർ എത്ര പേരുണ്ട്? നമ്മുടെ നാട്ടിൽ, സമൂഹത്തിൽ, പ്രചലിതമായിരിക്കുന്ന ആചാരാനുഷ്ഠാനങ്ങൾ സംബന്ധിച്ച ജ്ഞാനരാശി പരിശോധിച്ചാൽ അറിയാം എത്രമാത്രം വികല സങ്കല്പങ്ങൾ പേറുന്ന പാരമ്പര്യമാണ് ഇന്ന് നമുക്കുള്ളതെന്ന്. കുലകുണ്ഡലിനിയുടെ പ്രഭാവം എത്രത്തോളം നമ്മുടെ യതിവര്യന്മാരിലുണ്ടെന്ന് അവരുടെ വാഗ്മയം കൊണ്ട് തിട്ടപ്പെടുത്താവുന്നതേയുള്ളു.
ശ്രീശങ്കരാചാര്യർക്ക് ശേഷം തുഞ്ചത്തെഴുത്തച്ഛനും ശ്രീനാരായണഗുരുവും ഒഴിച്ചാൽ അറിയപ്പെടുന്ന 95 ശതമാനം വിദ്വത്കേസരികളും ശങ്കരാചാര്യരുടെ ബൌദ്ധാദ്വൈതത്തിന് മൂടുതാങ്ങികളായിരുന്നു. ഈ ദയനീയ സാഹചര്യത്തില്‍ ആദ്ധ്യാത്മിക പാരമ്പര്യത്തിലെ കുണ്ഡലിനിക്കഥ പൊട്ടക്കുളത്തിലെ പുളവന്റെ കെട്ടുകഥയാണ്.
You are not authorised to post comments.