കുണ്ടെലി-കുടചക്രം-കുണ്ടാമണ്ടി

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ലേഖകന്‍ - ഹരികുമാര്‍ നായര്‍

11-04-17 07.53 (ഇന്ന് പൌർണമി, ചിത്തിര നക്ഷത്രം.)

ആദ്ധ്യാത്മികരംഗത്തെ പൊള്ളയായ അവകാശവാദങ്ങൾ നമുക്ക് മനസ്സിലാക്കുവാൻ കഴിയണം. കുണ്ഡലിനിയെപ്പറ്റിയും മറ്റുമുള്ള കഥകൾ ശാസ്ത്രാവബോധമില്ലാതെ പങ്കിട്ടു വരുന്ന കഥാകഥനങ്ങളാണ്. ശക്തിയുടെ ദിവ്യസ്വരൂപമാണ് കുണ്ഡലിനി - ക്ഷുധാർത്തയായ കുണ്ഡലിനിയുടെ പ്രകടസ്വഭാവം അദമ്യമായ ജ്ഞാനവിജ്ഞാനതൃഷ്ണയാണ്. അതുള്ളവർ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നിരവധി ലൈബ്രറികളിൽ കോടാനുകോടി പഴയകാല കൃതികൾ വെളിച്ചം കാണാതെ കിടക്കുമായിരുന്നില്ല. ജ്ഞാനത്തിന് വേണ്ടിയുള്ള അദ്ധ്വാനശക്തിയുടെ ആകെത്തുകയാണ് കുണ്ഡലിനി. ബാക്കി വായിക്കുക. ഉപമ നൽകിയിരിക്കുന്നത് വായിച്ച് ആരും കോലെടുക്കണ്ട. ആശയം മനസ്സിലാക്കിയാൽ മതി.

ആദ്ധ്യാത്മികമെന്ന പേരിൽ നൂറ്റാണ്ടുകളായി നടന്നുവരുന്ന തട്ടിപ്പിനുള്ള സംക്ഷിപ്തവിവരണമാണ് മുകളിൽ നൽകിയത്. നമുക്ക് അറിഞ്ഞുകൂടാത്ത വസ്തുക്കളെപ്പറ്റി പൊടിപ്പും തൊങ്ങലും ചേർത്ത് സംസാരിക്കുക മനുഷ്യന്റെ ബലഹീനതകളുടെ ഭാഗമാണ്. പഴയ പുസ്തകങ്ങളിലെവിടെയോ ഒക്കെ എഴുതിയിട്ടിരിക്കുന്നത് വങ്കന്മാരായ ഗുരുക്കന്മാർ പരമ്പരയാ കേട്ടു വരുന്നതോ വായിക്കുന്നതോ ശിഷ്യർക്ക് പങ്കു വെക്കുന്നു. കരിമൂർക്കനാകാൻ കൊതിച്ചു പൊട്ടക്കുളത്തിന് പടിയിൽ തപസ്സു ചെയ്യുന്ന നീർക്കോലി വിദ്വാന്മാരാണ് മുകളിൽ പറഞ്ഞ ഗുരുക്കന്മാർ. അവർക്ക് ശിഷ്യപ്പെടുന്നത് താഴെ കുളത്തിലെ ചീഞ്ഞ വെള്ളത്തിലെ കൂത്താടികൾ. ഇങ്ങനെയുള്ള നീർക്കോലികളുടെയും കൂത്താടികളുടെയും കൂട്ടംകൂടിയുള്ള പ്രവർത്തനമാണ് കുണ്ടെലി-കുടചക്രം-കുണ്ടാമണ്ഡി.

ആത്മവിലാസത്തിന്റെ ഭാഗമെന്ന നിലയിലാണ് ഈ ഗോഷ്ടികളും അബദ്ധകഥാകഥനവുമെല്ലാം. ധ്യാനത്തിലൂടെ ലഭ്യമാകുന്ന ആത്മജ്ഞാനത്തിന്റെ ബഹിസ്ഫുരണമെന്താണ്? നാം വെളിയിൽ കാണുന്ന, ഇരുട്ട് മാറ്റി വെളിച്ചം പരത്തുന്ന സൂര്യനെപ്പോലെ അന്തഃരംഗത്തിൽ കോടിസൂര്യസദൃശമായ വെട്ടം പരത്തുന്ന ആത്മസൂര്യോദയം വെറും കഥാകഥനത്തിൽ അവസാനിക്കുന്ന നീർക്കോലിപുരാണം മാത്രമോ?

നമുക്കെല്ലാം പ്രകൃതിയുടെ അനുഗ്രഹത്താൽ ബുദ്ധി ഉണ്ടെല്ലോ? കാഷായം ഉടുത്തു പ്രസംഗിച്ചു നടക്കുന്നവനെ നോക്കൂ. എന്തിനു വേണ്ടിയാണ് സമൂഹത്തെ നന്നാക്കുന്നതിനുള്ള ഈ പ്രഭാഷണപരമ്പരകൾ? ആകാശത്തിനു കീഴിലുള്ള സകലതിനെപ്പറ്റിയും കാമസൂത്രത്തെപ്പറ്റി പോലും പാണ്ഡിത്യം പ്രകടിപ്പിക്കുന്ന വിദ്വാന്മാരുടെ ഒരു കൂട്ടം. പഴയ പുസ്തകങ്ങൾ കലക്കിക്കുടിച്ചു പാടുന്നതും നർമ്മം ചേർത്തു കഥകൾ പറഞ്ഞ് സദസ്സിനെ രസിപ്പിക്കുന്നതുമാണ് ഇവരുടെ ശൈലി.

നമ്മുടെ പൈതൃകത്തിന്റെ ശാസ്ത്രീയതലങ്ങളെപ്പറ്റി ഇക്കൂട്ടർക്ക് യാതൊരു ബോധവുമില്ല. പരാവാരം പോലെ സിദ്ധവാഗ്മയം പരന്നു കിടക്കുന്നു. കന്യാകുമാരി മുതൽ കാശ്മീരം വരെ വിവിധ മാനുസ്ക്രിപ്റ്റ് ലൈബ്രറികളിൽ കോടിക്കണക്കിന് കൃതികൾ ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടക്കുന്നു. അങ്ങനെയുള്ള അപ്രകാശിത കൃതികളിലൊന്നെടുത്ത് പഠിച്ച് നല്ലൊരു ഭാഷ്യം എഴുതി സമൂഹത്തിന് നല്കാനാത്തവാന് എന്ത് കുണ്ഡലിനി ശക്തിയാണുള്ളത്?

വിദ്യാ-ജ്ഞാനസ്വരൂപിണിയായ ഭഗവതിയാണ് വൈഖരി. കുണ്ഡലിനി ഉണർന്നവനും ചക്രങ്ങൾ സ്പന്ദിക്കുന്നവനുമൊക്കെ ഉണ്ടാകുന്നത് അദമ്യമായ ജ്ഞാനതൃഷ്ണയാണ്. അങ്ങനെയുള്ള ജ്ഞാനതൃഷ്ണയും അതിനെ പരിപാലിക്കുന്ന അന്തഃരംഗങ്ങളുമാണ് സിദ്ധവാഗ്മയത്തിന് ഉറവിടം. അതിനു പകരം ഇന്ന് നടക്കുന്നതെന്താണ്?

ഏതെങ്കിലും ഒരു പുളവന്റെ കടവിൽ പോയി എന്തെങ്കിലും നാലക്ഷരം മന്ത്രമെന്ന പേരിൽ കൈയ്യേറ്റ് കുറെ അസംബന്ധകഥാകഥനവുമായി കൂത്താടിയെപ്പോലെ സമൂഹത്തിൽ ഇറങ്ങുന്നു. പുളവന് പ്രസിദ്ധി നൽകണം. പുളവന് ശിഷ്യരെ കൂട്ടണം ഇതൊക്കെയാണ് ലക്ഷ്യം. ഇവന്റെയൊക്കെ ജന്മം ചോര കുടിക്കുന്ന കൊതുകുകളെപ്പോലെ സമൂഹത്തിൽ അവിദ്യയുടെ മലമ്പനി പരത്തി അവസാനിക്കും. ഇതു തന്നെയാണ് സംസാരചക്രം.

കുണ്ഡലിനി മഹാക്ഷുധാരൂപിണിയാണ്. നിതാന്ത ജ്ഞാനവിജ്ഞാനദാഹിയാണ്. സമൂഹത്തിൽ നാം കാണുന്ന കാവിയുടുത്ത തമോഗുണികളിൽ കുണ്ഡലിനിയുടെ മർമ്മരം പോലും നഷ്ടമായിരിക്കും. കാമവും ക്രോധവും മോഹലോഭമത്സരാദികളുമൊക്കെ കടലുപോലെ ഇരമ്പുന്നതിന് ശവപ്പുതപ്പാണ് കാവിവസ്ത്രം.

എത്രയോ വിദ്വാന്മാർ കുണ്ഡലിനിയുടെ മഹാജ്ഞാനസാഗരം പേറുന്നതായി അഭിനയിച്ച കഥ പറഞ്ഞു വിലസുന്നു. ഇവരിലൊരുത്തനു പോലും സൈന്ധവസരസ്വതിലിപികളുടെ പൊരുൾ വ്യക്തമാക്കാൻ കഴിയാത്തതെന്ത്? എന്താണ് ഈ ധ്യാനികൾക്കും മറ്റും 500 ചിത്രലിപികൾ മുന്നിൽ വെച്ചാൽ അവയുടെ പൊരുൾ മനസ്സിലാക്കാൻ കഴിയാത്തത്?

720, 7200 ഒക്കെ വർഷങ്ങൾ വേതാളത്തെപ്പോലെ ഹഠയോഗവും ക്രിയായോഗവുമൊക്കെയായി കറങ്ങി നടക്കുന്നു എന്ന് അവകാശപ്പെടുന്ന വിദ്വാന്മാർ സമൂഹത്തിന്റെ, മനുഷ്യന്റെ ശ്രേയസ്സിനായി നൽകുന്ന സംഭാവന എന്താണ്?

നമ്മുടെ മഹത്തായ പൈതൃകത്തിന്റെ തൊപ്പിയുടെ മുകളിൽ ഒരു തൂവലെങ്കിലും ചാർത്താൻ ശ്രീനാരായണഗുരുവിന് ശേഷം ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ?

You are not authorised to post comments.

Comments powered by CComment