നാഷണല്‍ വിഡ്ഢികളും ശകവര്‍ഷവും

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

(ഇതേക്കുറിച്ച് കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം.)

ശ്രീനാഥ് ഒജി:

അസ്ട്രോഗൈഡില്‍ ചേര്‍ത്താലോ എന്നു കരുതി ഇന്നലെ ശകവര്‍ഷം നോക്കുകയായിരുന്നു. അപ്പോഴാണ് നാഷണല്‍ വിഡ്ഢികള്‍ ഇതിനെ എത്ര വെടക്കാക്കിയിരിക്കുന്നു എന്നു മനസ്സിലായത്. പാരമ്പര്യസിദ്ധമായ ചൈത്രാദി മാസ പ്രഭവാദി ശകവര്‍ഷപഞ്ചാംഗം ഇന്നത്തെ കലണ്ടറുകളിലും പഞ്ചാംഗങ്ങളിലുമൊന്നും കാണാന്‍ കിട്ടില്ല എന്നു മനസ്സിലാത്. ഇപ്പറഞ്ഞത് മനസ്സിലാകണമെങ്കില്‍ ചൈത്രാദി മാസ പ്രഭവാദി വര്‍ഷ 60 വര്‍ഷ ചക്രങ്ങളെക്കുറിച്ച് ചിലതറിയണം.

1) ഏതുനക്ഷത്രത്തിലെ പൌര്‍ണമി എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ മാസങ്ങള്‍ക്ക് ചൈത്രം തുടങ്ങിയ പേരുകള്‍ നല്‍കിയിട്ടുള്ളത്. ചിത്ര നക്ഷത്രത്തില്‍ പൌര്‍ണമി വരുന്ന മാസം ചൈത്രം. സൂര്യന്‍ അപ്പോള്‍ മീനത്തിലായിരിക്കും. മീനമാസത്തിലെ അമാവാസിക്കു ശേഷമുള്ള ശുക്ലപ്രതിപദയിലാണ് ചൈത്രമാസാരംഭം വേണ്ടത്. (ഇന്നത്തെ പഞ്ചാംഗങ്ങളില്‍ ഇങ്ങനെയല്ല കാണുക,) 29.5 ദിവസമാണ് ഒരു ചാന്ദ്രമാസം എന്നതിനാല്‍ ഉദയസമയത്തെ തിഥി എന്ത് എന്നതിനെ അടിസ്ഥാനമാക്കി മാസത്തിന് 29-ഓ 30-ഓ ദിവസം ഉണ്ടാകാം. 29.5 x 12 = 354 ആകയാല്‍ വര്‍ഷത്തിന് 354 ദിവസമേ ഉണ്ടാകൂ. സൌരവര്‍ഷത്തേക്കാള്‍ 11 ദിവസം കുറവായിരിക്കും എന്നര്‍ത്ഥം. മൂന്ന് വര്‍ഷം കൂടുമ്പോള്‍ 3 x 11 = 33 ഒരു അധിമാസം ചേര്‍ത്താണ് സൌരമാസങ്ങളുമായി ക്രമപ്പെടുത്തിയിരുന്നത്. (മറ്റു ചില ക്രമപ്പെടുത്തലുകളും ഉണ്ടായിരുന്നു.) 60 വര്‍ഷം കഴിയുമ്പോള്‍ പുതിയ സൌര-ചാന്ദ്ര വര്‍ഷ ചക്രം വീണ്ടും ആരംഭിക്കും. ഇതായിരുന്ന ഭാരതത്തിലെ ചന്ദ്രചലനവുമായും സൂര്യചലനവുമായും ബന്ധപ്പെട്ട, പ്രപഞ്ചവുമായി ബന്ധമുള്ള, വര്‍ഷഗണനാ പാരമ്പര്യം.

2) മേല്‍പറഞ്ഞ അമാവാസിക്കുശേഷമുള്ള ശുക്ലപക്ഷപ്രഥമയില്‍ ആരംഭിക്കേണ്ടതായ ചൈത്രാദി മാസങ്ങളെപ്പിടിച്ച് ഇംഗ്ലീഷുകാരുടെ ജനുവരി ഫെബ്രുവരി മാസ ശൈലിയില്‍ ചൈത്രം 30, വൈശാഖം 31 എന്നിങ്ങനെ നിശ്ചിത ദിവസങ്ങളുള്ള മാസങ്ങളുള്ള സൌരമാസങ്ങളാക്കി ‍(!) രാത്രിപകല്‍ തുല്യമായി വരുന്ന മാര്‍ച്ച് 21-നെ വര്‍ഷാരംഭമാക്കി പരിഷ്ക്കരിച്ച വെകിടന്‍ ഇന്ത്യന്‍ നാഷണല്‍ പഞ്ചാംഗമാണ് ഇന്ന് അച്ചടിച്ചു പ്രസിദ്ധീകരിക്കുന്ന കലണ്ടറുകളിലും പഞ്ചാംഗങ്ങളിലുമെല്ലാം കാണുക. ഇതിന് ഭാരതപാരമ്പര്യവുമായോ, ചാന്ദ്രമാസങ്ങളുമായോ, ചൈത്രാദി നക്ഷത്രങ്ങളിലെ പൌര്‍ണമികളുമായോ പുലബന്ധം പോലുമില്ല. കലണ്ടര്‍ പരിഷ്ക്കരണ സമിതിയിലെ ഏതോ വിവരദോഷിയുടെ വട്ട്, അത്രയേ പറയാനുള്ളു!

3) പഞ്ചാംഗങ്ങളെടുത്തുനോക്കി ശരിയായ ചൈത്രാദികള്‍ കാണാതെ ഞാനാദ്യം വട്ടായി. മാതൃഭൂമി തുടങ്ങിയ പഞ്ചാംഗങ്ങളില്‍ മീനത്തിലെ ശുക്ലപക്ഷപ്രഥമ ചൈത്രമാസാരംഭം എന്ന് സൈഡില്‍ എഴുതിയിട്ടുണ്ടാവും, പക്ഷെ ചൈത്രമാസാരംഭം സംഖ്യകൊടുത്ത് എണ്ണിത്തുടങ്ങിയിരിക്കുന്നത് മാര്‍ച്ച് 21 മുതലാകും! ഭ്രാന്ത് എന്നല്ലാതെ എന്തു പറയാന്‍! ഒന്നുകില്‍ നാഷണല്‍ ഭ്രാന്ത് പിന്തുരുക, അല്ലായ്കില്‍ പാരമ്പര്യം പിന്തുടരുക, രണ്ടും കൂടി കൂട്ടിക്കുഴയ്ക്കരുത് എന്നാണ് എനിക്ക് പറയാന്‍ തോന്നുന്നത്.

4) ജനങ്ങള്‍ക്ക് പിന്നെ ഇതൊന്നും പ്രശ്നമല്ല, കാരണം അവരൊന്നും ഈ ഗവണ്‍മെന്റ് നിര്‍മ്മിത ശകവര്‍ഷം നോക്കാറേ ഇല്ല! ഹൈന്ദവരുടെ ആചാരങ്ങളെല്ലാം പാരമ്പര്യവിരുദ്ധമായ, തെറ്റായ, മാസങ്ങളിലാണ് തീഥികളിലാണ് ആചരിക്കപ്പെടുന്നത് എന്നതും ശ്രദ്ധിക്കാറില്ല! ഹൈന്ദവവിരുദ്ധരാണ്, ഹൈന്ദവര്‍ അവരുടെ ആചാരങ്ങളൊന്നും ശരിയായ ദിവസങ്ങളില്‍ ആചരിക്കരുത് എന്ന് നിര്‍ബന്ധമുള്ളവരാണ്, ഈ മോഡേണ്‍ നാശണല്‍ കലണ്ടര്‍ (നാശം പിടിച്ച കലണ്ടര്‍!) നിര്‍മ്മിച്ചതെന്നു തോന്നുന്നു. അല്ലെങ്കില്‍ പാരമ്പര്യത്തെ കടപുഴക്കിയിട്ട്, യുക്തിഹീനമായ വിഡ്ഢിത്തത്തെ നാഷണല്‍ സിസ്റ്റമാക്കിയിട്ട് ആര്‍ക്കെന്താണ് ലഭിച്ചത്?!

ഇപ്പോള്‍ ഞാനാകെ സംശയത്തിലാണ് - പാരമ്പര്യസിദ്ധമായ ചൈത്രാദി മാസങ്ങളാണോ, നാഷണല്‍ വിഡ്ഢിത്തമാണോ ശകവര്‍ഷം എന്ന പേരില്‍ അസ്ട്രോഗൈഡില്‍ നല്‍കേണ്ടത് എന്നതില്‍! എന്താണ് നിങ്ങളുടെ അഭിപ്രായം?

രമേഷ്  ആര്‍ അയ്യര്‍:

ആദ്യം നാഷണല്‍ ശകവര്‍ഷവും പിന്നീട് സാമ്പ്രദായികശകവര്‍ഷവും അസ്ട്രോഗൈഡില്‍ ചേര്‍ക്കുക. പഞ്ചാംഗത്തില്‍ കാണുന്ന നാഷണല്‍ ശകവര്‍ഷം ഇല്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് അപരിചിതത്വം അനുഭവപ്പെട്ടേക്കും.

മുരളീമോഹന്‍:

അറിവ് ഉള്ളവർക്കേ ധൈര്യമായി പ്രതികരിക്കാൻ പറ്റു അഭിനന്ദങ്ങൾ.ചിത്തിര നക്ഷത്രത്തിൽ പൗർണ്ണമി വരുന്ന ചന്ദ്രമാസത്തിന് ചൈത്രം എന്നും, വിശാഖം നക്ഷത്രത്തിൽ പൗർണ്ണമി വരുന്ന മാസത്തിന് വൈശാഖം എന്ന് നമ്മുടെ ഋഷികൾ നമുക്ക് പകർന്ന് തന്ന അറിവ്. അതിൻ പ്രകാരം തന്നെ യാണ് മനുഷന്റെ ആയുസ്സ് 120 വയസ്സ് എന്നതും ഷഷ്ഠബദപൂർത്തീ 6O വയസ്സിൽ ആഘോഷിക്കുന്നതും. ചാന്ദ്രമാസം കണക്കാക്കിയാൽ ഇവയെല്ലാം ശരിയാവും .ശ്രീനാഥ് ജീ താങ്കൾ ധൈര്യമായി മുന്നോട്ട് പോകൂ താങ്കളുടെ ഇടപെടൽ മൂലം ഹൈന്ദവ ആചാരങ്ങളും ആഘോഷങ്ങളും ശരിയായ ദിശയിൽ കൊണ്ടുവരുവാനുള്ള ഒരു നിമിത്തം ആവാം ഈശ്വരാനുഗ്രത്തിനായി പ്രാർത്ഥിക്കുന്നു.

ശ്രീനാഥ് ഒജി:

ഈ അഭിപ്രായം എനിക്കു വളരെ ഇഷ്ടപ്പെട്ടു. നന്ദി.

ഉണ്ണിക്കൃഷ്ണപിഷാരോടി:

ശ്രീനാഥ്, ഈ പുതുക്കിയ ശകവര്‍ഷം ആചാരാനുഷ്ഠാനങ്ങള്‍ക്കു വേണ്ടിയല്ല, പ്രധാനമായും ഭരണകാര്യങ്ങള്‍ക്കു (Administrative) മാത്രമുള്ളതാണ്. ഈ പരിഷ്കരണത്തില്‍ ശ്രീ ലാഹിരി തുടങ്ങിയവരും പങ്കാളികളാണ് എന്നത് ശ്രീനാഥ്ജിക്കും അറിവുള്ളതായിരിക്കും. പല നാട്ടുരാജ്യങ്ങളും (നേപ്പാള്‍ ഉള്‍പ്പെടെ) ശകവര്‍ഷമാണുപയോഗിച്ചിരുന്നത്. പാശ്ചാത്യമാസങ്ങളുടെ നിശ്ചിതത്വം ഭരണകാര്യങ്ങള്‍ക്ക് ആവശ്യമായിരുന്നതുകൊണ്ടാണ് ഈ പരിഷ്കരണം. മുഹൂര്‍ത്തങ്ങള്‍ക്കും ഏകാദശി ശ്രാദ്ധം മുതലായ എല്ലാ ഭാരതീയ ആചാരാനുഷ്ഠാനങ്ങള്‍ക്കും പാരമ്പര്യരീതിതന്നെയാണ് ഉപയോഗിക്കുന്നത് എന്നാണെന്റെ അറിവ്. നേപ്പാളില്‍ പാരമ്പര്യസമ്പ്രദായപ്രകാരമാണ് ശകവര്‍ഷം കണക്കാക്കുന്നത് . അതാതുവര്‍ഷത്തേക്ക് പഞ്ചാംഗപ്രകാരമുള്ള വര്‍ഷാന്ത്യവും പുതുവര്‍ഷാരംഭ തീയതിയും ഗസറ്റില്‍ പരസ്യപ്പെടുത്തും (Financial Year end). അതു പ്രകാരമായിരിക്കണം Account Closing. വര്‍ഷം തോറും മാറിവരുന്ന ഇതിനെ അനുസരിച്ച് LIC Nepal നുവേണ്ടി ചെയ്യേണ്ടിവന്ന Software Design ഒരു വെല്ലുവിളിയായിരുന്നു.

ഭാഗ്യവശാല്‍ Calendar Reform Committee ശകവര്‍ഷത്തിന്റെ മാസങ്ങളെ മാത്രമേ (തീയതി ക്രമം) മാറ്റിയിട്ടുള്ളു. പുതുക്കിയ ഒന്നംതിയതിക്കുതന്നെ ചൈത്രപ്രതിപദവും ആചരിക്കണമെന്നു പറയുന്നില്ല. അതിനാല്‍ ആശ്വസിക്കുക. സൌകര്യമനുസരിച്ച് നിരയനസമ്പ്രദായം ഏര്‍പ്പെടുത്തിയതുപോലെ ഇതും എന്നു കരുതിയാല്‍ മതി. മറ്റൊരു പ്രത്യേകത, ചാന്ദ്രമാസങ്ങളിലെ തീയതികള്‍ക്ക് അനുഷ്ഠാനങ്ങളിലോ മുഹൂര്‍ത്തങ്ങളിലോ വലിയ പ്രസക്‍തിയില്ല. അവിടെ തിഥിയാണ് പ്രധാനം. മാസാരംഭവവും അന്ത്യവും തീരുമാനിക്കുന്നത് തിഥിയാണ്. അതെപ്പോഴും സൂര്യചന്ദ്രന്മാരുടെ അപ്പപ്പോഴുള്ള സ്ഥാനത്തിനേ വഴങ്ങൂ. പരിഷ്കരണവും കൊണ്ട് സൂര്യനോട് കളിക്കാന്‍ പറ്റില്ലല്ലോ.

ശ്രീനാഥ് ഒജി:

//സൌകര്യമനുസരിച്ച് നിരയനസമ്പ്രദായം ഏര്‍പ്പെടുത്തിയതുപോലെ ഇതും// സൌകര്യമനുസരിച്ച് നിരയനസമ്പ്രദായം ഏര്‍പ്പെടുത്തുകയല്ല ഉണ്ടായത്, മറിച്ച് (സൌരഗണനയില്‍) നിരയന സമ്പ്രദായം മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് എന്റെ അറിവ്. വേദകാലം മുതല്‍ ഇന്നോളം, സായനസമ്പ്രദായപ്രകാരമുള്ള മാസഗണനാ സമ്പ്രദായങ്ങളൊന്നും ഉണ്ടായിരുന്നതായി ഇന്നുവരെ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. AD രണ്ടാം നൂറ്റാണ്ടില്‍ ടോളമി സൃഷ്ടിച്ച് അവഗണിക്കപ്പെട്ടു കിടന്ന ഈ സമ്പ്രദായം പില്‍ക്കാലത്ത് 17-ആം നൂറ്റാണ്ടില്‍ കെപ്ലര്‍ പൊടിതട്ടിയെടുക്കുകയാണല്ലോ ഉണ്ടായത്. പിന്നീട് ഇത് പാരമ്പര്യമാണെന്ന് തെറ്റിദ്ധരിച്ച് പലരും ഉപയോഗിച്ചു, അങ്ങനെയാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടായി.

//പുതുക്കിയ ശകവര്‍ഷം ആചാരാനുഷ്ഠാനങ്ങള്‍ക്കു വേണ്ടിയല്ല, പ്രധാനമായും ഭരണകാര്യങ്ങള്‍ക്കു (Administrative) മാത്രമുള്ളതാണ്........പാശ്ചാത്യമാസങ്ങളുടെ നിശ്ചിതത്വം ഭരണകാര്യങ്ങള്‍ക്ക് ആവശ്യമായിരുന്നതുകൊണ്ടാണ് ഈ പരിഷ്കരണം. // പുതിയ പരിഷ്ക്കാരം പുതിയ പേരുകളില്‍ ആവാമായിരുന്നു. പഴയ മാസനാമങ്ങളും മറ്റും ഉപയോഗിച്ചത് അനാവശ്യമായ ആശക്കുഴപ്പങ്ങള്‍ക്കും, അചാരാനുഷ്ഠാനങ്ങള്‍ തെറ്റായ ദിവസത്തിലാചരിക്കാനും വഴിവെച്ചു.

//മുഹൂര്‍ത്തങ്ങള്‍ക്കും ഏകാദശി ശ്രാദ്ധം മുതലായ എല്ലാ ഭാരതീയ ആചാരാനുഷ്ഠാനങ്ങള്‍ക്കും പാരമ്പര്യരീതിതന്നെയാണ് ഉപയോഗിക്കുന്നത് എന്നാണെന്റെ അറിവ്. // അതനുസരിച്ചുള്ള പഞ്ചാംഗം പോലുമില്ലാതെ എന്തു പാരമ്പര്യരീതി നോക്കാനാണ്! പാരമ്പര്യമനുസരിച്ചുള്ളത് ലഭിക്കാതെ വരുമ്പോള്‍ ജനങ്ങള്‍ ലഭിക്കുന്നതുകൊണ്ട് ജീവിച്ചുകൊള്ളുമെന്ന തിരിച്ചറിവില്‍ പാരമ്പര്യധ്വംസനത്തെ ഉദ്ദേശിച്ച് തന്നെയായിരുന്നിരിക്കണം ആ പരിഷ്ക്കരണം, മറിച്ചാവാന്‍ തമമില്ല. മറിച്ചായിരുന്നെങ്കില്‍ പഴയ വാക്കുകള്‍ പുതിയ അര്‍ത്ഥത്തിലുപയോഗിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനുപകരം അവര്‍ പുതിയ വാക്കുകളും പുതിയ സമ്പ്രദായവും നടപ്പാക്കിയേനെ. ഇവിടെ അങ്ങനെയല്ലല്ലോ ഉണ്ടായത്!

ഉണ്ണിക്കൃഷ്ണപിഷാരോടി:

//പുതിയ പരിഷ്ക്കാരം പുതിയ പേരുകളില്‍ ആവാമായിരുന്നു.// Yes true

രഘു സിവി:

ഇതുമായി ബന്ധമുള്ളതാണെന്ന് തോന്നുന്ന ഒരുകാര്യം പറയട്ടെ: കര്‍ണാടകയിലും തമിഴ്നാട്ടിലും "ഉഗാദി" (യുഗാദി) ആഘോഷങ്ങള്‍ ഉണ്ട്. അത് ആഘോഷിക്കുന്നത് March-21-22 (equinox) ന് ശേഷം വരുന്ന അമാവാസിയുടെ പിറ്റേന്നാണ്. ഇത് ഈ പറഞ്ഞ വര്‍ഷാരംഭം അല്ലേ?

ശ്രീനാഥ് ഒജി:

ഉഗാദി യുഗാദിയാണ്. യുഗം ആരംഭിച്ചത് മേഷാദിയില്‍ സപ്തഗ്രഹമധ്യമങ്ങളുടെ സംയോഗമുണ്ടായപ്പോഴാണ്. അത് ഏപ്രില്‍ 14-നു വേണം. ഏതോ ശങ്കരാചാര്യനോ മറ്റോ Sidereal Zodiac -നെ Tropical Zodiac എന്നു തെറ്റിദ്ധരിച്ച് മാറ്റിയതാവാം യുഗാദി അവരിപ്പോള്‍ തെറ്റായി ‍March 21-ന് ആഘോഷിക്കുന്നത്. അഥവാ ഗവണ്‍മെന്റ് ചൈത്രാദി പഞ്ചാംഗം തെറ്റിച്ചപ്പോള്‍ വന്നുഭവിച്ച തെറ്റാവാം. :) യുഗത്തിനും യുഗാദിക്കും Vernal Equinox -ഉമായി (വസന്തവിഷുബിന്ദുവുമായി) ബന്ധമൊന്നുമില്ല.

രഘു സിവി:

March-21 ന് അല്ല. അതിന് ശേഷം വരുന്ന ശുക്ലപക്ഷ പ്രഥമയിലാണ് ഉഗാദി ആഘോഷം.

ശ്രീനാഥ് ഒജി:

എന്നാല്‍ അതു ശരിയാണ്. March 21-നുശേഷം വരുന്ന ശുക്ലപക്ഷ പ്രഥമയാണ് പ്രഭവാദി വര്‍ഷാരംഭം. പ്രഭവാദി വര്‍ഷങ്ങളിലാണല്ലോ ചൈത്രാദി മാസങ്ങളുള്ളത്. ചൈത്രാദി മാസങ്ങളായിരുന്നു ഭാരതീയരുടെ ഏറ്റവും പ്രധാനപ്പെട്ട കലണ്ടര്‍. യുഗാദിയുടെ ഓര്‍മ്മയ്ക്കായി വര്‍ഷാരംഭത്തില്‍ (മീനമാസത്തിലെ ശുക്ലപ്രഥമ മുതല്‍ തുടങ്ങിയാണ് യഥാര്‍ത്ഥ ശകവര്‍ഷാരംഭം) നടത്തുന്ന ആഘോഷമാണ് തമിഴ് നാട്ടിലെയും കര്‍ണ്ണാടകത്തിലെയും യുഗാദി എന്നര്‍ത്ഥം.

പ്രസാദ് മാത്യു ചാള്‍ഡിയ:

ഉഗാദി യുഗാദിയു ടെ ഓർമ്മക്ക്‌ നമ്മൾ ഇന്നും മേട സംക്രമം വിഷു ദിനമായി ആഘോഷിക്കുന്നു തുടർന്നു പത്താമുദയം വരെ. അതായത്‌ സൂര്യൻ ഉച്ചത്തിൽ നിൽക്കുന്ന പത്തു ദിവസങ്ങൾ.!!

ശ്രീനാഥ് ഒജി:

യുഗാദിയുടെ ഓര്‍മ്മയ്ക്ക് മേഷാരംഭദിവസം (മേഷാദി, ഏപ്രില്‍ 14) യുഗാദിയായി ആരംഭിച്ചാല്‍ പോരേ?! വര്‍ഷാരംഭം ശുക്ലപക്ഷപ്രഥമയാകയാല്‍ ചൈത്രമാസാരംഭദിനം (ഇന്ന്, ഏപ്രില്‍ 8, 2016) യുഗാദിയായി ആഘോഷിക്കുന്നതിലും തെറ്റില്ല. പക്ഷെ ഏപ്രില്‍ 14 ആയാലും ശരി ഇന്നായാലും ശരി വിഷുവാണ് എന്നു പറയുന്നത് തെറ്റാണ്. ശരിയായ വിഷു (സൂര്യന്‍ വിഷുവത് ബിന്ദുവില്‍ നില്‍ക്കുന്ന ദിവസം) മാര്‍ച്ച് 21-നാണ്. :) ഏപ്രില്‍ 14-നെ വിഷു എന്ന പേരില്‍ ആഘോഷിക്കുന്നത് ഒരു തെറ്റായ ആചാരമാണ്. ഏപ്രില്‍ 14 വിഷുവല്ല മറിച്ച് മേഷാദിയാണ്, നിരയന (Sidereal) സൌര വര്‍ഷാരംഭമാണ്.

You are not authorised to post comments.

Comments powered by CComment