താരാഭഗവതി - 64 യോഗിനിമാരും നക്ഷത്രങ്ങളും

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ലേഖകന്‍: ഹരികുമാര്‍ നായര്‍

(ഹരികുമാര്‍ നായര്‍ കേരളജ്യോതിഷം FB ഗ്രൂപ്പില്‍ പോസ്റ്റിയ ഒരു ലേഖനവും തുടര്‍ചര്‍ച്ചയും.)

പഴയകാലത്ത് പീഠങ്ങൾക്ക് മേൽക്കൂര നീലാകാശമായിരുന്നു. ഒരു ദേവിക്ക് പകരം 64 ദേവിമാരെ ആരാധിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നതായി (ഒരു പക്ഷെ ഇപ്പോഴും നിഗൂഢമായി നിലനിൽക്കുന്നതായി) ചരിത്രാവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നു. 64 എന്ന സംഖ്യ അല്പം വിചിത്രമാണ്. കാരണം 9 ന്റെയോ 12 ന്റെയോ ഗുണിതമല്ല. 2-4-16-32-64 എന്ന കണക്കിലാണ് 8-8കളുടെ 64 തന്ത്രശാസ്ത്രത്തിൽ ഗണ്യമാകുന്നത്. സംഖ്യകളും അക്ഷരങ്ങളുമൊക്കെ മഹാവിദ്യാസ്വരൂപങ്ങളാണ്. 64 ന്റെ മഹാവിദ്യാരൂപം എങ്ങനെ ബോദ്ധ്യപ്പെടാം? എന്നതിന് പാരമ്പര്യവിജ്ഞാനം ഒരു പക്ഷെ ഇന്ന് ഉത്തരം നൽകുന്നില്ല. നക്ഷത്രഗണിതവുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിരുന്നത് മുമ്പ് വായിച്ചതായി ഓർക്കുന്നു. അശ്വതി മുതൽ ഉള്ള 27 നക്ഷത്രങ്ങളുടെ രണ്ട് വട്ടം 54 ഉം അശ്വതി മുതൽ ആയില്യം വരെ 9 മൂന്നാം വട്ടത്തിലും 63 നക്ഷത്രപീഠങ്ങളാണ് യോഗിനിമാർക്ക് കല്പിച്ചിരുന്നത്. മകം 64 ആയി വരുമ്പോൾ നമുക്ക് ചോറ്റാനിക്കരയിലും മറ്റും മകത്തിന് ലഭിക്കുന്ന പ്രാധാന്യത്തെപ്പറ്റി അല്പം ഊഹാപോഹത്തിന് സാദ്ധ്യത തെളിയുന്നു. യോഗിനിമാരെ പൊതുവെ ജനം ഭയപ്പെട്ടിരുന്നതായും ഹിരാപൂരിലെയും മറ്റും പീഠങ്ങളെപ്പറ്റി പൊതുജനത്തിന് അറിവ് ഉണ്ടായിരുന്നില്ലെന്നും ഗവേഷകർ രേഖപ്പെടുത്തി കാണുന്നു. വഴിപിഴച്ച ഊഹാപോഹത്തിനും വ്യാഖ്യാനങ്ങൾക്കും ഒരുമ്പെടാതിരിക്കുകയാകും നല്ലതെന്ന് കരുതുന്നു.

വെളിച്ചപ്പാടിന് പക്ഷെ മൌനം അവലംബിക്കുക വിഷമമാണ്. മണ്ഡലകാലം അവസാനിക്കുന്ന ധനു മാസം 11 ന് യോഗിനിമാരെ അശ്വതി മുതൽ - അതായത് യോഗിനിമണ്ഡലം പരിഗണിച്ചാൽ - 64 ദിവസം കഴിയുമ്പോൾ കുഭം മദ്ധ്യം കടക്കുമ്പോൾ ആയില്യവും (63) തുടർന്ന് ചതുർദ്ദശിയിലെ മകവും വരാം. ഈ വാക്കുകളുടെ പൊരുൾ തിഥിഗണിതത്തിലും വ്യക്തമാണ്. കാരണം ധനു 11 ന് സൌരമണ്ഡലം തുടങ്ങുമ്പോൾ അശ്വതിയിലെ ചന്ദ്രൻ ശുക്ലദശമി എന്ന പത്താം തിഥിയിലാണ്. 20 തിഥി ടി മാർഗ്ഗശീർഷത്തിലും പൌഷത്തിൽ 30 ഉം മാഘത്തിലെ 14 ഉം കൂടി ചോറ്റാനിക്കരയിലെ മകം 64 നക്ഷത്രയോഗിനിമാരെ നൽകുന്നു.

ഈ നക്ഷത്രയോഗിനിമാരൊക്കെ താരാവിഭൂതിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? അതുപൊലെ തന്നെ ജ്യോതിഃശാസ്ത്രം, ശരിയായ ജ്യോതിഃശാസ്ത്രാവബോധം ഇല്ലാതെ ഒരാൾക്കും തന്ത്രവിദ്യ വശപ്പെടുകയുമില്ല.

ലളിതാസഹസ്രനാമം പോലെയുള്ള ദേവിയുടെ മന്ത്രമാതൃകകളുടെ അധിഷ്ഠാനം ഈ 64 യോഗിനിമാരിലാണ്. പഞ്ചാഗവും മറ്റും വിധി പോലെ ഉപയോഗപ്പെടുത്തി 64 നക്ഷത്രയോഗിനിമാരെ ഉപാസിച്ചു കൊണ്ടു വേണം ലളിതാസഹസ്രനാമവും മറ്റും പൂർണ്ണഫലസിദ്ധിക്കായി ഉപയോഗിക്കേണ്ടത്.

ലളിതാസഹസ്രനാമത്തെ അവമതിച്ച് ഘോരാപരാധമായി വ്യാഖ്യാനം രചിച്ച തൃഷ്ണാകുമാരൻ എഴുതിയ കുറിപ്പ് ഇന്നലെ ജ്യോതിഷം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് വായിക്കുകയുണ്ടായി. അവിദ്യയുടെ ഭ്രാന്ത് എളുപ്പം ശമിക്കുന്നതല്ലെന്ന് വിളിച്ചറിയിക്കുന്നതാണ് അത്തരം പ്രവർത്തനങ്ങൾ.

ജനുവരി 7 ധനു സൂര്യൻ 22 കഴിയുമ്പോൾ അശ്വതിയിലാണ് യോഗിനിമണ്ഡലം ആരംഭിക്കുന്നത്.

മാർച്ച് 10 കുംഭം സൂര്യൻ 26 ന് (ഈ ഡിഗ്രി ജ്യോതിഷികൾ ശ്രദ്ധിക്കണം) വെള്ളിയാഴ്ച ശുക്ലത്രയോദശിയിലാണ് മകം ആരംഭിക്കുന്നത്. ധനു 8, മകരം 30, കുഭം 25 ന് 63 ദിവസം കഴിയുന്നു. 64 മകം. ഇന്ന് ഫെബ്രുവരി 1, ശുക്ലപഞ്ചമി ഉത്തൃട്ടാതി രവി മകരം 18 ന് 26 ആമത് യോഗിനിയുടെ ദിവസമാണ്.

64 യോഗിനിമാർ ഡാകിനിമാർ കൂടിയാണ്. പ്രജ്ഞയുടെ സംരക്ഷകരാണ്. ഡാക്കയിലെ ഡാകേശ്വരിയെയും ഈ അവസരത്തിൽ ഓർക്കാം.

ചതുഃഷഷ്ടിയോഗിനിമാരെ ഓർത്തു കൊണ്ട് ഈ പഞ്ചമി ദിവസം ഈ കുറിപ്പ് അവസാനിക്കുകയാണ്.

ചോറ്റാനിക്കരയമ്മയാണ് മലയാളത്തിന് ഡാകേശ്വരിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അമ്മയെപ്പറ്റി ഈ വാക്കുകളെഴുതുവാൻ ആദ്യം തെളിവായി നൽകിയത് 1960 ലെ യോഗിനീമണ്ഡലമാണ്. ശബരിമലയിലെ മണ്ഡലകാലം തീർന്ന് പുതിയ മണ്ഡലം ആരംഭിച്ചത് അശ്വതിയിലാണെന്ന് കാണാം. കുഭം 15 സൂര്യൻ കഴിയുമ്പോൾ ശുക്ലത്രയോദശിയിൽ ചൊവ്വാഴ്ച ആയില്യം, 64 മകം എന്ന് ഗണിതം സിദ്ധമാകുന്നു.

ശാക്തന്റെ ജീവിതത്തിന്റെ ഓരോ ദിനവും ഓരോ വർഷവും യോഗിനിമാർക്ക് അധിഷ്ഠാനമാണ്. നക്ഷത്രവും തിഥികളും കുട്ടിക്കളിയല്ലെന്നെങ്കിലും മനസ്സിലാക്കുക.

Date - 01-02-17 08.00 (ഇന്ന് മാഘശുക്ലപഞ്ചമി)

തുടര്‍ചര്‍ച്ച

ശ്രീലക്ഷ്മി ജ്യോതിഷാലയം പൂഴാതി:

ഹരികുമാര്‍ജീ...ശ്രീപരമശിവന്‍ 64 തന്ത്രങ്ങള്‍ നിര്‍മ്മിച്ച് സ്വസ്ഥചിത്തനായി ഇരുന്നപ്പോള്‍ ദേവി നിര്‍ബ്ബന്ധിച്ച് ഒരു തന്ത്രം കൂടി നിര്‍മ്മിക്കാനാവശ്യപ്പെട്ടെന്നും അതാണ് ശ്രീചക്രയന്ത്രമെന്നും വായിച്ചിട്ടുണ്ട്....ജീ മുകളില്‍ പറഞ്ഞ 64 ദേവിമാരെ ആരാധിച്ചതായി പറയുന്നതും ഇതും തമ്മില്‍ ബന്ധമുണ്ടോ? അറിയാനുള്ള ആഗ്രഹം കൊണ്ടാണ്....

ഹരികുമാര്‍ നായര്‍:

ചതുഷഷ്ട്യാതന്ത്രൈഃ സകലമതിസന്ധായ ഭുവനം... അത് സൌന്ദര്യലഹരിയിലെ ഒരു പ്രസ്താവമാണ്. അവിടെ പറയുന്ന 64 തന്ത്രങ്ങളും 64 യോഗിനിമാരുമായി ബന്ധമെന്തെങ്കിലും ഉള്ളതായി എനിക്കറിയില്ല. തന്ത്രവിദ്യയുടെ ജ്യോതിഃശാസ്ത്രതലം, ശ്രീചക്രവും രാശിചക്രവുമായുള്ള പരസ്പര ബന്ധം ഇതൊന്നും സമഗ്രമായ പഠനത്തിന് വിധേയമാക്കിയിട്ടില്ല. ഗുരുമുഖങ്ങളൊക്കെ കഥാകഥനങ്ങളുടെ പഴയ പല്ലവി പാടിക്കൊണ്ടിരിക്കുകയാണ്. ഗണിത-ജ്യാമിതീയ ഉപാധികളിൽ ചൈതന്യം നിവേശിക്കുന്നതിന് അവശ്യമായ ഗണിതഘടകങ്ങളെപ്പറ്റി കാര്യമായ ചിന്തയൊന്നും പാരമ്പര്യത്തിലില്ല. ടി അനാസ്ഥക്ക് ഭഗവതിയുടെ ലീലയുൾപ്പെടെ പല കാരണങ്ങൾ ഉണ്ടാകാം.

You are not authorised to post comments.

Comments powered by CComment