രാഹുകാലം
- Details
- Created: Sunday, 09 April 2017 07:50
- Last Updated: Sunday, 09 April 2017 08:05
- Hits: 12713
(ഇതേക്കുറിച്ച് കേരളജ്യോതിഷം ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം)
കലേഷ് കുമാര്‍ ചമ്പാട്:
ഗുരുവര്യൻമാർക്ക് നമസ്കാരം. താഴെ എഴുതിയിരിക്കുന്നത് എന്റെ സൃഷ്ടിയല്ല. ഒരു ജോതിഷ ഗ്രൂപ്പിൽ വന്ന പോസ്റ്റിലെ വരികളാണ്.ഇതേക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്.
തെക്കെ ഇന്ത്യയിൽ മാത്രം നിലനിൽക്കുന്ന വിചിത്രമായ ഒരു വിശ്വാസമാണ് രാഹുകാലം. പുതിയ ജോലിയിൽ പ്രവേശിക്കുക, പുതിയ വീട്ടിൽ താമസമാക്കുക, ഏതെങ്കിലും കാര്യസാധ്യത്തിനായി യാത്ര പുറപ്പെടുക തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം രാഹുകാലം ഒഴിവാക്കുക പതിവാണ്. എല്ലാദിവസവും പകലാണ് രാഹുകാലം. രാഹുവും രാഹുകാലവും തമ്മിലുള്ള ബന്ധം എന്താണ്, എന്തുകൊണ്ട് ഈ സമയങ്ങളിൽ തുടങ്ങുന്നു ഇതൊന്നും ആർക്കും അറിയില്ല. ഈ വിശ്വാസം എവിടുന്നു വന്നു എന്നും അറിയില്ല. പഴയ ജ്യോതിഷഗ്രന്ഥങ്ങളിലൊന്നും തന്നെ രാഹുകാലമില്ല. കേരളത്തിൽ കഷ്ടിച്ച് ഒരു നൂറ്റാണ്ടിന്റെ പഴക്കമേ അതിനുള്ളൂ. അതിനു തൊട്ടു മുമ്പ് തമിഴ്‌നാട്ടിലാണത് ആദ്യം പ്രത്യക്ഷപ്പെടുന്നത്. രാഹുകാലം കഴിയാൻ കാത്തുനിന്ന് വിലപ്പെട്ട സമയം പാഴാക്കുക, വാഹനം കിട്ടാതിരിക്കുക ഇതൊക്കെയല്ലാതെ ഒരു ഗുണവും ചെയ്യാത്ത അന്ധവിശ്വാസമാണത്.
ശ്രീനാഥ് ഒജി:
//തെക്കെ ഇന്ത്യയിൽ മാത്രം നിലനിൽക്കുന്ന വിചിത്രമായ ഒരു വിശ്വാസമാണ് // തെറ്റാണല്ലോ ജീ..
//എല്ലാദിവസവും പകലാണ് രാഹുകാലം. രാഹുവും രാഹുകാലവും തമ്മിലുള്ള ബന്ധം എന്താണ്, എന്തുകൊണ്ട് ഈ സമയങ്ങളിൽ തുടങ്ങുന്നു ഇതൊന്നും ആർക്കും അറിയില്ല.// അറിയാമല്ലോ ജീ..
//പഴയ ജ്യോതിഷഗ്രന്ഥങ്ങളിലൊന്നും തന്നെ രാഹുകാലമില്ല. // ഉണ്ടല്ലോ ജീ...
//കേരളത്തിൽ കഷ്ടിച്ച് ഒരു നൂറ്റാണ്ടിന്റെ പഴക്കമേ അതിനുള്ളൂ. // അല്ലല്ലോ ജീ.
////തെക്കെ ഇന്ത്യയിൽ മാത്രം നിലനിൽക്കുന്ന വിചിത്രമായ ഒരു വിശ്വാസമാണ് // // അല്ല. ശ്രീലങ്കയിലും തമിഴ് നാട്ടിലും കേരളത്തിലും എന്നല്ല ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും അടങ്ങുന്ന മുഴുവന്‍ ഇന്ത്യയിലും പാഠഭേദങ്ങളോടെ നിലകൊള്ളുന്ന ഒരു ഗണിതമാണ് രാഹുകാലം. ഇത് പലരും പല രീതിയില്‍ ആചരിച്ചുവരുന്നു.
//എല്ലാദിവസവും പകലാണ് രാഹുകാലം. രാഹുവും രാഹുകാലവും തമ്മിലുള്ള ബന്ധം എന്താണ്, എന്തുകൊണ്ട് ഈ സമയങ്ങളിൽ തുടങ്ങുന്നു ഇതൊന്നും ആർക്കും അറിയില്ല.//
രാഹുകാലം എന്നല്ല എല്ലാ ഉപഗ്രഹകാലങ്ങളും (യാമങ്ങള്‍ക്ക് കൊടുത്തിട്ടുള്ള പേരുകള്‍ മാത്രമാണ് രാഹു, കാലന്‍, അര്‍ദ്ധപ്രഹരന്‍, ധൂമന്‍, യമകണ്ടകന്‍, പരിധി, യാമശുക്രന്‍ തുടങ്ങിയ പേരുകള്‍) രാത്രിയും പകലും ഉണ്ട്. യാമങ്ങള്‍ രാത്രിയും പകലും ഉണ്ടെന്നതുകൊണ്ടുതന്നെ സ്വാഭാവികമായും ഇവ രാത്രിയും പകലും ഉണ്ടെന്നു മനസ്സിലാക്കുന്നതില്‍ എന്തെങ്കിലും അസ്കിത ഉണ്ടെന്നു തോന്നുന്നില്ല. മനുഷ്യന്‍ കൂടുതല്‍ കര്‍മ്മനിരതനാവുന്നത് പകലാണ് എന്നതിനാല്‍ പകല്‍ മുഹൂര്‍ത്തങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കല്‍പിക്കപ്പെടുന്നത് സ്വാഭാവികം മാത്രം. മുഹൂര്‍ത്തം എന്നതിന് ശുഭകര്‍മ്മയോഗ്യമായ സമയം എന്നര്‍ത്ഥം.
//പഴയ ജ്യോതിഷഗ്രന്ഥങ്ങളിലൊന്നും തന്നെ രാഹുകാലമില്ല. // ബൃഹത് പരാശരഹോര, ഉത്തരകാലാമൃതം, പ്രശ്നമാര്‍ഗ്ഗം തുടങ്ങി ധാരാളം പ്രാചീന ജ്യോതിഷഗ്രന്ഥങ്ങളില്‍ രാഹുകാലത്തിന്റെ പാഠഭേദങ്ങളോ അഥവാ ഇന്നുപയോഗിക്കുന്ന തരം രാഹുകാലമോ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
//കേരളത്തിൽ കഷ്ടിച്ച് ഒരു നൂറ്റാണ്ടിന്റെ പഴക്കമേ അതിനുള്ളൂ. // ഇത് അറിവില്ലായ്മാണ്. ശ്രീലങ്കയില്‍ പ്രചാരത്തിലിരുന്ന പരദേശപക്ഷം രാഹുകാലം തമിഴ് നാട്ടിലും പിന്നീട് കേരളത്തിലും ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും പ്രചരിച്ചതാണ് ഇന്ന് പ്രചാരത്തിലിരിക്കുന്ന തരത്തിലുള്ള രാഹുകാലത്തിന് അടിസ്ഥാനം. മറ്റു പല തരത്തിലും രാഹുകാലം കണക്കാക്കുന്ന രീതി (സ്വദേശപക്ഷം) ഇവിടെ പ്രചാരത്തിലുണ്ടായിരുന്നത് മുന്‍പ് പരാമര്‍ശിക്കപ്പെട്ട ഗ്രന്ഥങ്ങളിലുണ്ടെന്ന് പറഞ്ഞുവല്ലോ.
ചോദ്യത്തില്‍ ഓരോ വാക്യത്തിലും അറിവില്ലായ്മയും വിവരക്കേടും മാത്രമാണുള്ളത് അത്. ഓരോ വാക്യവും എഴുതി ഖണ്ഡിക്കാനും വിശദീകരിക്കാനും വിവരിക്കാനും എനിക്ക് സമയമോ സൌകര്യമോ ഇല്ല. രാഹുകാലത്തെക്കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ എന്റെ മുമ്പു പ്രസിദ്ധീകരിച്ച സൂക്ഷ്മജനനസമയനിര്‍ണയം എന്ന പുസ്തകമോ, അഥവാ ഉടന്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന ജ്യോതിഷതത്വദീപിക എന്ന പുസ്തകമോ വാങ്ങി വായിക്കട്ടെ.
സുരേഷ് എടത്വാ:
ഈ രാഹുകാലം യാത്രയ്കു മാത്രം വർജ്ജിച്ചാൽ പോരെ..? പക്ഷെ,എന്തിനും ഏതിനുംഈ കാര്യം പൊക്കിപ്പിടിക്കുന്നുണ്ട്.
ശ്രീനാഥ് ഒജി:
മതി എന്നാണ് ജ്യോതിഷഗ്രന്ഥങ്ങളിലെ നിര്‍ദ്ദേശം.
രാഹുകാലം കാണാനുള്ള മാര്‍ഗം
അനില്‍ ശ്രീധര്‍:
കേരളത്തിലെ കലണ്ടറുകളിൽ രാഹുകാലം കണ്ടുപിടിക്കുന്ന രീതി, അത് അറിയാത്തവർക്ക് വേണ്ടി എഴുതട്ടെ. ജ്യോതിഷികളായ ഇതിലെ ഭൂരിഭാഗം പേർക്കും ഇത് അറിയാമായിരിക്കും. എങ്കിലും അല്ലാത്തവാർക്കായി.............
കലണ്ടറുകളിൽ നാം രേഖപ്പെടുത്തിയിരിക്കുന്നതായി കാണുന്ന രാഹുകാലം ഉദയം 6 am ആയും അസ്തമയം 6 pm ആയും നിശ്ചയിച്ച് calculate ചെയ്തതാണ് . അതനുസരിച്ച്
രാഹുകാലം കണ്ടുപിടിക്കുന്നതിനുള്ള ഗ്രഹങ്ങളുടെ ക്രമം : ര, കു, ഗു, ബു , ശു , മ, ച , സ .
Step :1 - പകലിനെ 8 ആയി ഭാഗിക്കുന്നു. അപ്പോൾ ഒരു ഭാഗത്തിന് 1 .5 മണിക്കൂർ ദൈർഘ്യം.
Step : 2 - രാഹുകാലം കണക്കാക്കേണ്ട ദിവസത്തെ അധിപൻ (ഇന്ന് ശനി) മുതൽ മുകളിൽ കാണുന്ന ക്രമത്തിൽ എണ്ണിത്തുടങ്ങിയാൽ രാഹു എത്രാമതായി വരുമോ, ആ ഭാഗമായിരിക്കും അന്നത്തെ രാഹുകാലം.
ഉദാഹരണത്തിന് ഇന്ന് ശനിയാഴ്ച വാരാധിപൻ ശനി . ശനിമുതൽ മുകളിൽ കാണിച്ചിരിക്കുന്ന ക്രമത്തിൽ എണ്ണുമ്പോൾ മൂന്നാമത്തെ ഭാഗമാണ് രാഹു.
ഉദയം 6 am ആണെങ്കിൽ, 6 - 7 .30 ഒന്നാം ഭാഗം. 7 .30 - 9 .00 രണ്ടാം ഭാഗം, 9 .00 - 10 .30 മൂന്നാം ഭാഗം(രാഹുവിന്റേത്) അപ്പോൾ ഈ കണക്കിൽ രാഹുകാലം ശനിയാഴ്ച 9 .00 - 10 .30 വരെ.
പക്ഷെ ഇന്നത്തെ ഉദയം 6 .29 നാണ്. അസ്തമയം 6 .00 നാണ് . അങ്ങനെ കണക്കാക്കുമ്പോൾ ഇന്നത്തെ രാഹുകാലം 9 .21 മുതൽ 10 .47 ആണ് .
ലാല്‍കുമാര്‍:
ഇംഗ്ലീഷിൽ ഒരു സൂത്രവാക്യം കേട്ടിട്ടുണ്ട്. eleven boys have a great football court..!! e ഇംഗ്ലീഷിൽ അഞ്ചാമത്തെ അക്ഷരം. അതിനോട് അതിന്റെ പകുതി കൂടി കൂട്ടുക. ഉത്തരം ഏഴര കിട്ടി..!! തിങ്കളാഴ്ച രാഹുകാലം ഏഴരയ്ക്ക്..!! b രണ്ടാമത്തെ അക്ഷരം. അതിനോട് അതിന്റെ പകുതി കൂടി കൂട്ടുക. ഉത്തരം മൂന്ന്..!! ചൊവ്വാഴ്ച രാഹുകാലം മൂന്ന് മണിക്ക് തുടങ്ങുന്നു..!! h എട്ടാമത്തെ അക്ഷരം. അതിനോട് അതിന്റെ പകുതി കൂടി കൂട്ടുക..!! ഉത്തരം പന്ത്രണ്ട്. ബുധനാഴ്ച രാഹുകാലം 12 മണിക്ക് തുടങ്ങും..!! a ഒന്നാമത്തെ അക്ഷരം. അതിനോട് അതിന്റെ പകുതിയായ അര കൂടി കൂട്ടുക. ഉത്തരം ഒന്നര. വ്യാഴാഴ്ച രാഹുകാലം ഒന്നരയ്ക്ക്..!! g ഏഴാമത്തെ അക്ഷരം. പകുതിയായ മൂന്നര കൂടി കൂട്ടുക..!! ഉത്തരം പത്തര..!! വെള്ളിയാഴ്ച രാഹുകാലം പത്തരയ്ക്ക്..!! f ആറാമത്തെ അക്ഷരം. അതിന്റെ പകുതിയായപകുതിയായ മൂന്ന് കൂടി കൂട്ടുക..!! ശനിയാഴ്ച രാഹുകാലം 9 മണിക്ക്..!! c മൂന്നാമത്തെ അക്ഷരം. അതിനോട് അതിന്റെ പകുതിയായ ഒന്നരകൂടി കൂട്ടുക..!! ഉത്തരം നാലര. ഞായറാഴ്ച നാലരയ്ക്കും രാഹുകാലം..!!
വിജയാമേനോന്‍:
നിങ്ങൾ രാഹുകാലം മറന്നു പോകാറുണ്ടോ? വഴിയുണ്ടു്.തിങ്കൾ മുതൽ തുടങ്ങിക്കോളൂ.Mother Saw Father Wear THe TUrban on a Sunday. 7-30 മുതൽ 6 pm വരെ 'എളുപ്പായില്ലേ?
മോഹന്‍ദാസ് പിവി:
മറെറാന്നു കൂടി.ELEVAN BOYS HAD A GOOD GOOTBALL CLUB ഇത് തിങ്കള്‍ മുതല്‍ കണക്കാക്കണംE എന്നത് തിങ്കളാഴ്ചയ്ക്ക്.E അഞ്ചാമത്തെ അല്‍ഫബററ് .5നോടു കൂടി അതിന്‍െറ പാതി2 1/2കൂട്ടുക അപ്പോ 7 1/2.അതായത് തിങാകളാഴ്ച 7.30 മുതല്‍ രാഹുകാലം..
വിജയാമേനോന്‍:
ഇനിയുമുണ്ടു്:- തിങ്കളാഴ്ച 7-30 മുതൽ " തിന്നടാ ശങ്കരാ വെണ്ണ ബുദ്ധിക്കും വ്യാധി ക്കും ചൊല്ലുന്നു ഞാൻ '' ഇനി ഞായർ മുതൽ " നാലര ഏഴര മൂന്നിഹ പിന്നെ പന്ത്രണ്ടൊന്നര പത്തര നവമേ "
വിഷ്ണുനമ്പൂതിരി:
രാഹുകാലം നോക്കണ്ട കാര്യമില്ല ഉദയത്തിനനുസരിച്ചു മാറും. പണ്ട് CP രാമസ്വാമി അയ്യർ ദിവാനായപ്പോൾ പഞ്ചാംഗത്തിൽ വച്ചതിനാൽ ആചരിച്ചു തുടങ്ങിയ അനാചാരം. പക്ഷെ, നോക്കിയില്ലെങ്കിൽ ജ്യോത്സ്യനു പഴി വരും.
വിജയാമേനോന്‍:
ശരിയാണ്.ഉദയത്തിനനുസരിച്ച മാറ്റം വരും.മാത്രമല്ല ഇന്നിപ്പോൾ രാഹുകാലം നോക്കിയില്ലെങ്കിൽ എന്തോ സംഭവിക്കും എന്ന മട്ടാണ് പൊതുജനങ്ങൾകും ചില ജ്യോത്സ്യർക്കും.
ഉണ്ണിക്കൃഷ്ണ പിഷാരോടി:
How To Calculate Rahukalam : "Elevan Boys Have A good Football Club" നന്നായിട്ടുണ്ട്. എങ്കിലും പറയാതെ വയ്യ. പലരും ശ്രദ്ധിക്കാത്ത സത്യം രാഹുകാലം എല്ലായ്പോഴും കലണ്ടര്‍ പറയുന്ന ഈ സമയങ്ങളിലല്ല. ഉദയം 6:00 മണിക്കു എന്നും പകല്‍ ദൈര്‍ഘ്യം 12 മണിക്കൂര്‍ എന്നും ഉള്ള ഒരേകദേശക്കണക്കാണിത്. പലപ്പോഴും നിങ്ങള്‍ ഇതുപ്രകാരം രാഹുകാലം ഒഴിവാക്കി ചെയ്യുന്ന കാര്യം രാഹുകാലത്തിന്റെ മദ്ധ്യത്തില്‍ തന്നെയായിവരും. ഉദാ. 2016 മാര്‍ച് 2ന് ഉദയം 6:44. അന്നു രാഹുകാലം കലണ്ടര്‍ പ്രകാരം 1:30pmനു കഴിയും. ശരിക്കും 12:43pmനും 2:13pmനും ഇടക്കാണ് അന്ന് രാഹുകാലം. കലണ്ടര്‍ നിങ്ങളെ കൃത്യമായി കുഴിയില്‍ തന്നെ ചാടിച്ചു. ഉദയത്തില്‍ വരുന്ന വ്യത്യാസം 1 മണിക്കൂറിന്റെ തെറ്റു വരെ വരുത്താം. പകല്‍ ദൈര്‍ഘ്യം 12 മണിക്കൂര്‍ എന്നതില്‍ വ്യത്യാസമുണ്ടാകാമെങ്കിലും ഇത്രയും പ്രശ്നമുണ്ടാക്കില്ല. കേരളത്തില്‍ ഇത് 11 നും 13നും ഇടയില്‍ വരാം. ഇതുമൂലം വരാവുന്ന തെറ്റ് 120/7=17 മിനിറ്റാണ് അതായത് രാഹുകാലം 1.5 മണിക്കൂര്‍ എന്നതില്‍ പരമാവധി -9നും +9നും ഇടയിലേ വ്യത്യാസം വരൂ. എല്ലാവരും ശ്രദ്ധിക്കുക.
ഗുണപാഠം: ഡോക്ടരുടെ കുറിപ്പടിയില്ലാതെ മരുന്നു വാങ്ങിക്കഴിക്കരുത് !!!
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
ഗ്രഹോദയ കാലത്തെ അറിയുന്നതിന് അഷ്ടമംഗല്യ ക്രമമനുസരിച്ചാണ് രാഹുകാലം, വ്യാഴ കാലം മുതലായത് കണക്കാക്കുന്നത്.
അർക്കാരജീവ വിത് ശുക്ര മന്ദചന്ദ്രാഹയ: ക്രമാത്
വാരക്രമം അനുസരിച്ച്
ഞായറാഴ്ച ആദ്യം അർക്കൻ ഉദിക്കും. പിന്നിട് ആരൻ അഥവാ കുജൻ ,പിന്നീട് ഗുരു, ബുധൻ, ശുക്രൻ , മന്ദൻ, ചന്ദ്രൻ ,രാഹു. ഇങ്ങനെ ക്രമേണ ഉദിക്കും.
തിങ്കളാഴ്ച ആദ്യം ഉദിക്കുന്നത് ചന്ദ്രൻ തന്നെ.ചന്ദ്രൻ ഉദിച്ച ശേഷം രാഹു ഉദിക്കും -
ഒരു ദിവസത്തെ പകൽ നാഴികയെ ശരാശരി 30 നാഴിക (12 മണിക്കൂർ) യെ 8 ൽ ഹരിച്ചാൽ 3 നാ45 വിനാഴിക അഥവാ ഒന്നര മണിക്കൂർ കിട്ടും.
ദിന പ്രമാണ നാഴിക വിനാഴിക അനുസരിച്ച് അതിൽ ഏറ്റ ക്കുറച്ചിലുകൾ വരും.
ഒരു ഉദാഹരണം.
ഇന്ന് 16 - 2 - 2016
പയ്യന്നൂര് ഉദയം - 6-55 Am
ദിന പ്രമാണം 29 നാ 4 വിനാഴിക
ഇതിനെ ആകെ വിനാഴികയാക്കുക = 29x 60 + 4 = 1744 /8 = 218 വിനാഴിക
ഇന്ന് കുജവാരമാകയാൽ
അർക്ക-ആര-ജീവ-വിത്-ശുക്ര-മന്ദ-ചന്ദ്ര-അഹി
ക്രമത്തിൽ ആരനായ കുജൻ മുതൽ 6 ഗ്രഹോദയം കഴിഞ്ഞ് രാഹുകാലം വരും
2 18 x 6= 1308 വിനാഴിക അഥവാ 21 നാ. 48 വിനാഴികക്ക് രാഹു ഉദയം, 2 18 വിനാഴിക അഥവാ 3 നാ. 38 വിനാ കാലം;
അഥവാ 1 h 27 m 12 S
21 നാഴിക 48 വിനാ = ,8 മണിക്കൂർ 43 മിനുട്ട് 12 സെക്കന്റ്
ഉദയം മുതൽ.
6.55+ 8:43:12
അതായത് 3:38:12 IST മുതൽ
1 h 27 m 12 S സമയം വരെ
അതായത് 5 മണി 5 മിനുട്ട് 24 സെക്കന്റ് വരെ
പ്രമാണം മാത്രം ഓർക്കുക
"അർക്കാരജീവ വിത് ശുക്ര മന്ദചന്ദ്രാഹയ: ക്രമാത്"
മുരളിമോഹന്‍:
ഡോക്ടറുടെ കുറുപ്പടി ഇല്ലാതെ മരുന്ന് വാങ്ങിക്കഴിക്കരുത്. പിഷാരടി സർ ഇത്രമാത്രം മതി ഇതിൽ എല്ലാം ഉൾകൊണ്ടു. സർ ഒരു കാര്യം കൂടി നമ്മൾ ഈ രാഹുകാലത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ? രാഹുകാലം ശരിക്കും തമിഴ്നാട്ടിൽ നിന്ന് ഉത്ഭവിച്ചതല്ലേ?
ശ്രീനാഥ് ഒജി:
//രാഹുകാലം ശരിക്കും തമിഴ്നാട്ടിൽ നിന്ന് ഉത്ഭവിച്ചതല്ലേ?// ഇന്നുനാം ആചരിക്കുന്ന പരദേശപക്ഷം രാഹുകാലം ശ്രീലങ്കയില്‍ ഉത്ഭവിച്ചതും പിന്നീട് തമിഴുനാട്ടുകാരും അതിനുശേഷം കേരളീയരും വടക്കേഇന്ത്യക്കാരും മറ്റും സ്വീകരിച്ചതുും ആണ്. ഇതു കൂടാതെ പ്രശ്നമാര്‍ഗ്ഗപ്രോക്തമായ (ഇന്നും ആരും ആചരിക്കാത്ത) കേരളപക്ഷം രാഹുകാലവും, വടക്കേ ഇന്ത്യയില്‍ പോലും ഇന്ന് പ്രചാരലുപ്തമായിത്തീര്‍ന്നിരിക്കുന്ന പരാശരപക്ഷം രാഹുകാലവും എല്ലാമുണ്ട്. അതുംകൂടി ആചാരത്തിലില്ലാത്തത് നമ്മുടെ ഭാഗ്യം! ഗ്രന്ഥങ്ങള്‍ പ്രകാരം രാഹുകാലം (രാജാക്കന്മാര്‍ക്ക് യുദ്ധ)യാത്രാമുഹുര്‍ത്തവര്‍ജ്യം മാത്രമാണ്. ഒന്നുകൂടി വെള്ളം ചേര്‍ത്താല്‍ യാത്രാവര്‍ജ്യം എന്നുപറയാം. ഇന്നിപ്പോള്‍ പാലുപോയി വെള്ളത്തില്‍ പണികിട്ടുന്നു എന്നു പറയുന്നപോലെ, വിവാഹത്തിനെന്നല്ല എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും രാഹുകാലം വര്‍ജ്യമാണ്. രാഹുകാലത്ത് മുഹൂര്‍ത്തം കുറിച്ചുകൊടുത്താല്‍ ജ്യോത്സ്യന് നാട്ടുകാരുടെ കൈയില്‍ നിന്നും പണി കിട്ടും! ശരീരമാദ്യം ഖലു ധര്‍മ്മസാധനം, നാടോടുമ്പോള്‍ നടുവേ ഓടണം, ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം, ദേശാചാരസിദ്ധാശ്ച ദോഷാ തേഷാം തസ്മിന്‍ നാപവാദോസ്തിദേശേ എന്നിത്യാദി പ്രബലപ്രമാണങ്ങളുണ്ടാകയാല്‍ ഇന്നാചരിച്ചുവരുന്ന പരദേശപക്ഷം രാഹുകാലം തന്നെയാണ് ഏറ്റവും ശരിയായിട്ടുള്ളതും അതുതന്നെയാണ് ആചരിക്കേണ്ടതും എന്നുതന്നെയാണ് എന്റെ സുചിന്തിതമായ അഭിപ്രായം.
നോട്ട്: ഇതിനു വിപരീതമായ അഭിപ്രായം പറഞ്ഞ് പണികിട്ടുന്ന ജ്യോതിഷികളുടെ ശവമടക്കിന് ഞാനും കൂടാം എന്നല്ലാതെ, എനിക്കൊന്നും ചെയ്യാനാവില്ല!
You are not authorised to post comments.