കാലദീപകം പ്രാരംഭ ശ്ലോകങ്ങള്‍

1 1 1 1 1 1 1 1 1 1 Rating 5.00 (1 Vote)

ലേഖകന്‍ - ശ്രീനാഥ് ഒജി

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ ഞാന്‍ പോസ്റ്റിയ ഒരു ലേഖനവും അതിന്റെ തുടര്‍ചര്‍ച്ചയുമാണ് ഇവിടെ പ്രതിപാദ്യം.)

എന്റെ കാലദീപകം വ്യാഖ്യാനത്തില്‍ നിന്ന് (കാലദീപകം - ബോധരശ്മി വ്യാഖ്യാനം) -

ഹരിഃ ശ്രീ ഗണപതയേ നമഃ. അവിഘ്‌നമസ്തു.

[മംഗളസ്വരൂപനായ ഗണപതിയ്ക്കു നമസ്‌കാരം. തടസ്സങ്ങളില്ലാതിരിയ്ക്കട്ടെ.]

ധാത്രീ യല്‍കരസമ്പര്‍ക്കാത് സഗ്രഹര്‍ക്ഷോ വിരാജതേ
തസ്‌മൈ സര്‍വ്വാത്മനേ(അ)ജായ ഭാസ്‌കരായ നമോ നമഃ
നത്വാ വിഘ്‌നേശ്വരം വാണീം ഗുരും ചാഥ കരോമ്യഹം
ശുഭകര്‍മ്മസു ബാലാനാം കാലജ്ഞാനായ ദീപകം.

(കാലദീപകം)

ധാത്രി=ഭൂമി. കരസമ്പര്‍ക്കാത്=കരങ്ങളുടെ (കിരണങ്ങളുടെ) സമ്പര്‍ക്കം കൊണ്ട്. സഗ്രഹര്‍ക്ഷോ=ഗ്രഹങ്ങളോടും നക്ഷത്രങ്ങളോടും ഒപ്പം. വിരാജതേ=ശോഭിക്കുന്നു. തസ്‌മൈ=അദ്ദേഹത്തിനായിക്കൊണ്ട്. ഭാസ്‌കരായ=സൂര്യ(ദേവ)ന്. നത്വാ=നമസ്‌കരിച്ചിട്ട്. അജന്‍ = ജനനമില്ലാത്തവന്‍, നിത്യന്‍. വിഘ്‌നേശ്വരന്‍=തടസ്സങ്ങള്‍ നീക്കുന്ന ഈശ്വരന്‍ (ഗണപതി). വാണീം=വാക്കിനേയും (വാക്‌ദേവിയേയും, സരസ്വതീദേവിയേയും). കരോമ്യഹം=ചെയ്യുന്നു (രചിക്കുന്നു). ബാലാനാം=ബാലന്മാര്‍ക്ക് (ജ്യോതിഷം പഠിക്കാന്‍ ആരംഭിക്കുന്നവര്‍ക്ക്, വിദ്യാര്‍ത്ഥികള്‍ക്ക്). കാലജ്ഞാനായ ദീപകം = കാലത്തെക്കുറിച്ചറിയാന്‍ സഹായകമായ വിളക്ക്, മുഹൂര്‍ത്ത നിര്‍ണയത്തിന് ഉപയുക്തമായ (കാല)ദീപം എന്ന ഈ ഗ്രന്ഥം.

[യാതൊരു സൂര്യന്റെ കരസമ്പര്‍ക്കംകൊണ്ട് (കിരണജാലങ്ങള്‍ പതിച്ച്) ഭൂമി ഗ്രഹങ്ങളോടും നക്ഷത്രങ്ങളോടും കൂടി ശോഭിക്കുന്നുവോ, നിത്യനും സര്‍വ്വാത്മാവുമായ ആ സൂര്യദേവന് നമസ്‌കാരം. ഗണപതിയെയും സരസ്വതിയെയും ഗുരുവിനെയും നമസ്‌കരിച്ചശേഷം, (അല്‍പജ്ഞാനികളായ, ജ്യോതിഷം പഠിക്കാന്‍ ആരംഭിച്ച) വിദ്യാര്‍ത്ഥികള്‍ക്ക്, മുഹൂര്‍ത്തനിര്‍ണയത്തിന് ഉപയുക്തമായ കാലദീപകം എന്ന ഈ ഗ്രന്ഥം ഞാന്‍ രചിക്കുന്നു.]

ക്ഷമിപ്പരത്രേ സാധുക്കളിഹ വിദ്യാബ്ധിപാരഗാഃ
മറ്റുള്ളവര്‍ ചിരിച്ചാലുമെന്തു ചേതം നമുക്കതില്‍.

(കാലദീപകം)

വിദ്യാബ്ധി=വിദ്യയാകുന്ന അബ്ധി (അറിവിന്റെ സമുദ്രം, ജ്ഞാനസാഗരം). പാരഗാ=മറുകര കണ്ടവര്‍. ചേതം=പ്രയാസം, കഷ്ടപ്പാട്. നമുക്ക് = നമ്മള്‍ക്ക് (ഗ്രന്ഥകര്‍ത്താവിനും വായനക്കാരനും, ഗുരുവിനും ശിഷ്യനും).

[ജ്ഞാനസാഗരത്തിന്റെ മറുകര എത്തിച്ചേര്‍ന്നവരായ ജ്ഞാനികള്‍ (എന്റെ ഈ പ്രവൃത്തിയെ, ദുഃസാഹസത്തെ, ഗ്രന്ഥരചനയെ) തീര്‍ച്ചയായും ക്ഷമിക്കും. അജ്ഞാനികള്‍ (അറിവില്ലാതെ അറിവുണ്ടെന്നു ഭാവിക്കുന്ന അപണ്ഡിതര്‍, ഈ ഗ്രന്ഥത്തെ കളിയാക്കി) ചിരിച്ചാലും, അതുകൊണ്ട് നമുക്ക് (ഭാഷാഗ്രന്ഥത്തിലൂടെ മുഹൂര്‍ത്തം പഠിക്കാനും പഠിപ്പിക്കാനും ശ്രമിക്കുന്ന ഗ്രന്ഥകര്‍ത്താവിനും വായനക്കാരനും) എന്തുദോഷം വരാനാണ്? (ഒരു ദോഷവും വരാനില്ല.).]

 

തുടര്‍ ചര്‍ച്ച:

വികാസ് നീലകണ്ഠന്‍ ഏക്കാട്ട്: അജൻ എന്ന പദത്തിന്റെ അർത്ഥം?

ശ്രീനാഥ് ഒജി: അജന്‍ = ജനനമില്ലാത്തവന്‍ (ജനന-മരണങ്ങളില്ലാത്തവന്‍), നിത്യന്‍. അല്‍പായുസ്സായ മനുഷ്യനെ സംബന്ധിച്ചിടത്തോളം സൂര്യന്‍ നിത്യന്‍ തന്നെ, ജനനമരണങ്ങളില്ലാതെ അനന്തകാലം ജീവിച്ചിരിക്കുന്നവന്‍ തന്നെ.

വികാസ് നീലകണ്ഠന്‍ ഏക്കാട്ട്: വന്ദന ശ്ലോകത്തിൽ ഈശ്വരനെ അജൻ എന്നു വിശേഷിപ്പിച്ച് ഈ ശാസ്ത്ര ജ്ഞാനത്തിനും അതിന്റെ പഠനത്തിനും ജൻമം ഒരു മാനദണ്ഡമല്ല എന്ന് ഗുരുവര്യർ ഉദ്ദേശിച്ചിട്ടുണ്ടാകുമോ?

ശ്രീനാഥ് ഒജി: അറിയില്ല ജീ. വ്യാഖ്യാ ബുദ്ധിബലാപേക്ഷയാ.... :) മഴമംഗലത്ത് ശങ്കരന്‍ നമ്പൂതിരി ബ്രാഹ്മണനായിരുന്നു. ജ്യോതിഷം പഠിക്കാന്‍ ജാതിമതാദികള്‍ പ്രധാനമാണെന്ന് അദ്ദേഹം കരുതിയിരുന്നോ എന്നറിയില്ല. അതെന്തായാലും ശരി, ഭാഷ പ്രധാനമല്ലെന്ന് ക്ഷമിപ്പരത്രേ സാധുക്കള്‍... എന്നുതുടങ്ങുന്ന അടുത്ത വരിയില്‍ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്... (മലയാളഭാഷയില്‍ ജ്യോതിഷഗ്രന്ഥങ്ങള്‍ രചിക്കുന്നു എന്നതുകൊണ്ടോമറ്റോ) അദ്ദേഹത്തെ ഒരുപാടുപേര്‍ കളിയാക്കിയിരുന്നു എന്നു സൂചിപ്പിച്ചിട്ടുണ്ട്...

വികാസ് നീലകണ്ഠന്‍ ഏക്കാട്ട്: അജ.. എന്ന പദം പല സ്ഥലങ്ങളിൽ ഉപയോഗിക്കുന്നത് കാണുന്നുണ്ട്., ഉദാ.. ഭാഗവതത്തിലെ അവസാന സംജ്ഞാ അജ.. എന്നതാണ് അങ്ങിനെ ഉണ്ടായതാണ് സംശയം

ശ്രീനാഥ് ഒജി: അജന്‍ എന്നത് ബ്രഹ്മാവിന്റെ പര്യായമാണ്, ബ്രഹ്മസൂചകമാണ്. ജനനമരണാദികള്‍ ഇല്ലാത്തതാണ് പ്രപഞ്ചം Existence, സ്ഥിതി... സൃഷ്ടിയും നാശവും ഉണ്ടെന്നത് തോന്നല്‍ മാത്രം.... :) അ-ജ...ജനനമില്ലാത്തത്. ജനനമില്ലാത്തതിന് മരണവുമില്ല. അത് അനാദിയും നിത്യവുമാണ്. ചിരസ്ഥായിയാണ്, സ്ഥിതിയാണ്, നിലനില്‍പ്പാണ്, വിഷ്ണുവാണ്... ബ്രഹ്മമാണ്... ശിവനാണ്...ദേവിയാണ്... പേരുകള്‍ എന്തും വിളിക്കാം... that ONE remains the same... the tides we see are just relativistic experience only, unreal in its very nature... there was, is, and will be only ONE... !

You are not authorised to post comments.

Comments powered by CComment