ജ്യോതിഷം ദുര്‍ബലമാവുകയാണ്!

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

 

ലേഖകന്‍ - ശ്രീനാഥ് ഒജി

ജ്യോതിഷം കാലംചെല്ലുന്തോറും ദുര്‍ബ്ബലവും പ്രചാരഹീനവുമായി വരികയാണ്. തെളിവെന്താ? ആഹാ...തെളിവോ....ഇപ്പോ പറയാം...!

വസിഷ്ഠന്‍ മഹാ ജ്യോതിഷിയും സന്യാസിയുമായിരുന്നല്ലോ. അപാര പണ്ഡിതന്‍, സൂര്യവംശത്തിന്റെ രാജഗുരു. വസിഷ്ഠസംഹിത, വസിഷ്ഠസിദ്ധാന്തം തുടങ്ങി ജ്യോതിഷത്തിന്റെ എത്രയെത്ര പുസ്തകങ്ങളാ അദ്ദേഹം എഴുതിയത്!

വസിഷ്ഠന്റെ മോന്‍ ശക്തി. ഇദ്ദേഹം ജ്യോതിഷം പഠിച്ചതായോ ജ്യോതിഷഗ്രന്ഥങ്ങള്‍ രചിച്ചതായോ അറിയില്ല. ഇടയ്ക്കെല്ലാം ശാപങ്ങള്‍ വാങ്ങിവെക്കുകയും ചെയ്തു. വസിഷ്ഠന്റെ പാരമ്പര്യം നേരെ ചെറുമോനായ പരാശരനിലേക്കാണ് ചാടിയതെന്നു തോന്നുന്നു.

വസിഷ്ഠന്റെ മോന്‍ പരാശരന്‍. പരാശരമഹര്‍ഷിയല്ലിയോ ഈ ബൃഹത് പരാശര ഹോരാശാസ്ത്രം എഴുതിയത്! വിദേശികളായ കൃസ്ത്യാനികള്‍ ജ്യോതിഷം പഠിച്ചു തുടങ്ങിയതിനുശേഷം ഇതിനെ ഇപ്പോള്‍ ബൈബിള്‍ ഓഫ് ഇന്ത്യന്‍ അസ്ട്രോളജി എന്നൊക്കെയാണ് വിളിക്കുന്നത്! ഭാരതീയ ജ്യോതിഷത്തിന്റെ പിതാവ് (Father of the nation എന്നൊക്കെ പറയുന്നതുപോലെ!) പരാശരമഹര്‍ഷിയാണത്രേ...! പരാശരഹോര, പരാശരസംഹിത, പരാശരസിദ്ധാന്തം, പരാശരജാതകം തുടങ്ങി പരാശരമഹര്‍ഷിയുടേതായും ധാരാളം ജ്യോതിഷഗ്രന്ഥങ്ങളുണ്ട്.

പരാശരന്റെ മോന്‍ വ്യാസന്‍. ഒരു വ്യാസസിദ്ധാന്തത്തെക്കുറിച്ച് കേട്ടിട്ടുണ്ട്, മഹാഭാരതത്തിലും കുറച്ചു ജ്യോതിഷം പറഞ്ഞിട്ടുണ്ട് എന്നതൊഴിച്ചാല്‍ വ്യാസന്‍ ജ്യോതിഷത്തില്‍ കാര്യമായി ഗ്രന്ഥരചനയൊന്നും നടത്തിയതായി അറിവില്ല.

വ്യാസന്റെ മക്കള്‍ ധൃതരാഷ്ടരും പാണ്ഡുവും വിദുരരും. ഇവരാരും ജ്യോതിഷഗ്രന്ഥങ്ങള്‍ എഴുതിയതായി അറിവില്ല. പിന്നൊള്ളത് ഭക്തിയും കൊണ്ടു നടന്ന ആ ശുകനാണ്. ശുകന്‍ കാര്യമായ ജ്യോതിഷഗ്രന്ഥങ്ങൊളന്നും എഴുതിയതായി അറിയില്ല.

വ്യാസന്റെ ചെറുമക്കളായ ദുര്യോധനാദികളും ജ്യോതിഷഗ്രന്ഥങ്ങള്‍ എഴുതിയതായി അറിവില്ല. പിന്നെ ആകെ ഒരാശ്വാസമുള്ളത് ആ പാണ്ഡുവിന്റെ മക്കളായ നകുലനും സഹദേവനും കുറച്ച് ജ്യോതിഷം പഠിച്ചിട്ടുണ്ട് എന്ന് പറഞ്ഞുകേള്‍ക്കുന്നതാണ്. ഇവരും ജ്യോതിഷപുസ്തകമൊന്നും എഴുതിയതായി അറിവില്ല.

ഇപ്പം മനസ്സിലായാ ജ്യോതിഷം കാലംചെല്ലുന്തോറും ദുര്‍ബ്ബലവും പ്രചാരഹീനവുമായി വരികയാണ് എന്നു പറഞ്ഞത് എന്തുകൊണ്ടാണെന്ന്.... വസിഷ്ഠന്‍ എവിടെ കെടക്കണ്, ദുര്യോധനന്‍ എവിടെ കെടക്കണ്..... വസിഷ്ഠന് എന്തോരം ജ്യോതിഷം അറിയാരുന്ന്, ദുര്യോധനന് അതുവല്ലോം അറിയാമാരുന്നെങ്കില്‍ ആ മഹാഭാരതയുദ്ധം തോക്ക്വായിരുന്നാ.....?!

വാല്‍ക്കഷണം: വ്യാസോച്ചിഷ്ടം ജഗത്സര്‍വ്വം! ഭാരതീയസാഹിത്യത്തിലെ ആ ഹിമശൈലസൃംഗത്തിന് അനുഗുണമായ അഭിനന്ദനം! വ്യാസന്‍ അറിയാത്തതും പറയാത്തതുമായി ഒന്നുമില്ലെന്നു തന്നെ പറയാം!

 

You are not authorised to post comments.

Comments powered by CComment