ഋഷിമാരും ഭാരതീയഹസ്തസാമുദ്രികവും
- Details
- Created: Monday, 03 April 2017 10:12
- Last Updated: Monday, 03 April 2017 18:47
- Hits: 828
ലേഖകന്‍ - ശ്രീനാഥ് ഒജി
ഭാരതീയമായ മറ്റേതൊരു വിജ്ഞാനശാഖയുമെന്നപോലെ ദേവന്മാരിലും ഋഷിമാരിലും ആചാര്യന്മാരിലും കര്‍തൃത്വമാരോപിക്കപ്പെടുന്നതാണ് ഹസ്തസാമുദ്രികശാസ്ത്രവും.
ശിവേനോക്തം വരാഹോക്തം കൃഷ്ണദ്വൈപായനേന ച
സാമുദ്രികം തദേവാഹം സംഗൃഹ്ണാമി നൃണാം മുദേ
(ബൃഹത്സാമുദ്രികം)
ശിവനും വരാഹമിഹിരനും കൃഷ്ണദ്വൈപായനനും (വ്യാസനും) ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള (ഹസ്ത)സാമുദ്രികശാസ്ത്രം, ഏവരുടെയും സന്തോഷത്തിനായി വിവിധഗ്രന്ഥങ്ങളില്‍നിന്ന് സമാഹരിച്ച് ഞാന്‍ ഇവിടെ പറയുന്നു.
നാരദലക്ഷകവരഹമാണ്ഡവ്യഷണ്‍മുഖപ്രമുഖൈ (നാരദന്‍, ലക്ഷകന്‍, വരാഹമിഹിരന്‍, മാണ്ഡവ്യന്‍, ഷണ്‍മുഖന്‍ എന്നിവരാല്‍ രചിക്കപ്പെട്ടതാണ് സാമുദ്രികശാസ്ത്രഗ്രന്ഥങ്ങള്‍ - എന്ന് സാമുദ്രികതിലകം പറയുന്നു. ചുരുക്കത്തില്‍ -
ദേവന്മാര്‍ - ശിവന്‍, സ്കന്ദന്‍ തുടങ്ങിയവര്‍
ഋഷിമാര്‍ - സമുദ്രമഹര്‍ഷി, നാരദമഹര്‍ഷി, മാണ്ഡവ്യമഹര്‍ഷി, ലക്ഷകമഹര്‍ഷി, വ്യാസമഹര്‍ഷി തുടങ്ങിയവര്‍
ആചാര്യന്മാര്‍ - വരാഹമിഹിരന്‍, ഭോജരാജന്‍, സുമന്തന്‍, ജഗദേവന്‍ തുടങ്ങിയവര്‍
സമുദ്രസാമുദ്രികം, ശൈവസാമുദ്രികം, സ്കന്ദശാരീരികം, ഭോജസാമുദ്രികം, പ്രഹ്ളാദസാമുദ്രികം, സാമുദ്രികതിലകം, ബൃഹത്സാമുദ്രികം, ബൃഹത്സംഹിതയിലെ സ്ത്രീപുരുഷലക്ഷണാധ്യായങ്ങള്‍ എന്നു തുടങ്ങി തികച്ചും ഭാരതീയമായ സാമുദ്രികശാസ്ത്രത്തെക്കുറിച്ചും (അതുകൊണ്ടുതന്നെ സാമുദ്രികത്തിന്‍റെ ശാഖയായ ഹസ്തസാമുദ്രികത്തെക്കുറിച്ചും) വിവരിക്കുന്ന ഒട്ടനേകം ഗ്രന്ഥങ്ങളുണ്ട്. ഇവയില്‍ പലേ ഗ്രന്ഥങ്ങളും ലഭ്യമാണ്. പല ഗ്രന്ഥങ്ങളും ഇന്നു ലഭ്യമല്ലെങ്കില്‍ക്കൂടി അവയില്‍നിന്നുള്ള ഒട്ടനേകം ശ്ലോകങ്ങള്‍ ലഭ്യമാണ്. ലക്ഷകന്‍, മാണ്ഡവ്യന്‍, സുമന്തന്‍ തുടങ്ങിയവരുടെ ഗ്രന്ഥങ്ങളോ ശ്ലോകങ്ങളോ ഞാന്‍ കണ്ടിട്ടില്ല. ബൌദ്ധ-ജൈന ഗ്രന്ഥങ്ങളിലും, ഇതിഹാസങ്ങളിലും, പുരാണങ്ങളിലും സാമുദ്രികശാസ്ത്രം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഇത്രത്തോളും മഹത്തും ഭാരതീയവും പ്രാചീനവുമായ (ഹസ്ത)സാമുദ്രികം ഇന്ന് ഭാരതത്തില്‍ നഷ്ടഭ്രഷ്ടമായിത്തീര്‍ന്നിരിക്കുന്നു എന്നത് പരിതാപകരമാണ്, എങ്കില്‍ക്കൂടി ഇന്നും ഈ ശാഖയില്‍ ലഭ്യമായിട്ടുള്ള അവശേഷിക്കുന്ന ഗ്രന്ഥങ്ങളും സാഹിത്യവും ഈ പ്രാചീന വിജ്ഞാനശാഖയെ പുനരുദ്ധരിക്കാന്‍ പര്യാപ്തമാണ്; ആത്മാര്‍ത്ഥവും ചിട്ടയാര്‍ന്നതുമായ സമാഹരണപരിശ്രമങ്ങള്‍ ഉണ്ടാകണം എന്നേയുള്ളു.
You are not authorised to post comments.