പ്രശ്നാനായനം
- Details
- Created: Monday, 03 April 2017 08:36
- Last Updated: Monday, 03 April 2017 08:42
- Hits: 934
(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ പ്രശ്നായനത്തെക്കുറിച്ച് നടന്ന ഒരു ചര്‍ച്ച ക്രോഡീകരിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ - ശ്രീവാസ്തവ് പ്രഭാകര്‍, ശ്രീനാഥ് ഒ ജി, വിഷ്ണുനമ്പൂതിരി തുടങ്ങിയവര്‍)
ശ്രീവാസ്തവ് പ്രഭാകര്‍:
ഇന്നത്തെ ചോദ്യം - കേരളത്തിലെ പ്രമുഖ സംസ്കൃതപ്രശ്നഗ്രന്ഥങ്ങളായ പ്രശ്നമാർഗ്ഗം പ്രശ്നാനുഷ്ഠാനപദ്ധതി എന്നിവ പോലെ മറ്റൊരു പ്രമുഖ ഗ്രന്ഥമാണു പ്രശ്നായനം എന്ന സംസ്കൃതഗ്രന്ഥം, ഈ ഗ്രന്ഥം രചിച്ചത് മലയാളവർഷം 1035-ലാണു(1881) ഈ ഗ്രന്ഥകർത്താവിന്റെ നാമധേയമെന്തെന്നാണു പണ്ഡിതസദസിനോടുള്ള എളിയചോദ്യം?
ശ്രീനാഥ് ഒജി:
പുരുഷോത്തമന്‍ മൂത്തത്. പുരുഷോത്തമന്‍ മൂത്തത് എന്നയാളാണ് പ്രശ്‌നായനം രചിച്ചത്. ദേവനാഗരി ലിപിയിലുള്ള ഇതിന്റെ പതിപ്പ് തിരുവനന്തപുരം സംസ്‌കൃത സീരീസില്‍ നമ്പര്‍ 233 ആയി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റി ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് മാനുസ്‌കൃപ്റ്റ് ലൈബ്രറിയുടെ ജേര്‍ണലിലാണ് ഇത് ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്. പ്രശ്‌നായനത്തിന്റെ ഒരേ ഒരു കൈയ്യെഴുത്തുപ്രതിയും വ്യാഖ്യാനവും മാത്രമാണ് ലഭ്യമായിട്ടുള്ളത്.
പേരു സൂചിപ്പിക്കുന്നതുപോലെ പ്രശ്‌നത്തെക്കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണ് പ്രശ്‌നായനം. പ്രശ്‌നമാര്‍ഗ്ഗകാരന്‍ ചൂണ്ടിക്കാണിച്ചു തന്നിട്ടുള്ള അതേ പന്ഥാവാണ് ഏറെക്കുറെ പ്രശ്‌നായനകാരനും പിന്തുടരുന്നത്. ഇതില്‍ 15 അയനങ്ങളിലായി (അദ്ധ്യായങ്ങളിലായി) 1018 ശ്ലോകങ്ങള്‍ ഉണ്ട്. പല പ്രസിദ്ധഗ്രന്ഥങ്ങളിലെ ശ്ലോകങ്ങളും പ്രശ്‌നായനകാരന്‍ തന്റെ ഗ്രന്ഥത്തിലേയ്ക്ക് സ്വീകരിച്ചിട്ടുണ്ട്. ദേവനാഗരിലിപിയിലുള്ള ഗ്രന്ഥത്തില്‍ കാണുന്ന വ്യാഖ്യാനം ഒട്ടും വിശദമല്ല. വ്യാഖ്യാനം എന്നതിലേറെ ഒരു ടിപ്പണി എന്നേ അതേക്കുറിച്ച് പറയാനാവൂ. വളരെ സംക്ഷിപ്തമായി അര്‍ത്ഥത്തെക്കുറിച്ച് ചില സൂചനകള്‍ മാത്രമേ അതില്‍ ഉള്ളു. ഈ ടിപ്പണി പോലും ചില ശ്ലോകങ്ങള്‍ക്ക് മാത്രമേ നല്‍കിയിട്ടുമുള്ളു. എന്നാല്‍ മറ്റാരും ശ്രദ്ധിക്കാനോ ചിന്തിക്കാനോ ഇടയില്ലാത്ത ചില അര്‍ത്ഥങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്, മനസ്സിലാക്കാന്‍ വളരെ വിഷമമുള്ള ശ്ലോകങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. എന്ന മെച്ചവുമുണ്ട്. ഗ്രന്ഥകാരന്‍ തന്നെയാണ് വ്യാഖ്യാതാവും എന്നതിനാലായിരിക്കണം ഇപ്രകാരം സംഭവിച്ചത്. ഗ്രന്ഥകാരന്‍ തന്നെയാണ് വ്യാഖ്യാകാരനും എന്നു കരുതാവുന്നതിനാല്‍ ആ വ്യാഖ്യാനത്തില്‍ സൂചിപ്പിക്കപ്പെട്ടിട്ടുള്ള അര്‍ത്ഥങ്ങള്‍ ഒട്ടും ചോര്‍ന്നു പോവാതെയാണ് ഈ ഹൃദ്യബോധിനീ വ്യാഖ്യാനവും നിര്‍മ്മിച്ചിരിക്കുന്നത്.
ആദ്യത്തെ അയനം പ്രാരംഭം മാത്രമാണ്, പൃച്ഛാ സമയത്തെക്കുറിച്ച് ഈ അയനം പ്രതിപാദിക്കുന്നു. അഷ്ടമംഗലപ്രശ്‌നമാണ് രണ്ടാം അയനത്തിലെ പ്രധാന പ്രതിപാദ്യവിഷയം. മൂന്നാം അയനം ആയുപ്രശ്‌നത്തിനും നാലാം അയനം രോഗപ്രശ്‌നത്തിനും, ആഞ്ചാം അയനം ബാധാപ്രശ്‌നത്തിനും, ആറാം അയനത്തില്‍ ഗ്രഹയോഗങ്ങള്‍ക്കും, ഏഴും എട്ടും അയനങ്ങള്‍ വിവാഹപ്രശ്‌നം സന്താനപ്രശ്‌നം എന്നിവയ്ക്കും, ഒന്‍പതാം അയനം പൊരുത്തത്തിനും, പത്താം അയനം ദേവപ്രശ്‌നത്തിനും, പതിനൊന്നാം അയനം വര്‍ഷപ്രശ്‌നത്തിനും, പന്ത്രണ്ടാം അയനം ഭോജനപ്രശ്‌നത്തിനും, പതിമൂന്നാം അയനം നഷ്ടപ്രശ്‌നത്തിനും, പതിനാലാം അയനം നഷ്ടജാതകഗണനയ്ക്കും, പതിനഞ്ചാം അയനം അഷ്ടവര്‍ഗ്ഗത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ഉള്ളതാണ്.
പ്രശ്‌നായത്തിലെ 10-ആം അയനത്തിലെ 16-ആം ശ്ലോകം ഈ പുസ്തകത്തിന്റെ രചനാകാലം നിര്‍ണയിക്കാന്‍ സഹായകമാണ്. കലിവര്‍ഷം 4982 ലാണ് (രാജധവാഃ) അതായത് കൊല്ലവര്‍ഷം 1056, അ ഉ 1881-ലാണ്, ഈ പുസ്തകത്തിന്റെ രചനാകാലം എന്ന് ഈ ശ്ലോകത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ഗ്രന്ഥകാരനെക്കുറിച്ച് അധികം വിവരങ്ങളൊന്നും ലഭ്യമല്ല. എന്നിരിക്കിലും -
മദ്ധ്യാരണ്യദ്വിജാസ്യാദ് വിഗളിത ഇഹ യഃ പ്രശ്‌നമാര്‍ഗ്ഗേ മരാദൗ
കോളംബേ ഛാത്രശിഷ്യോ(അ)സ്യ ച വിരചിതവാന്‍ ജാതകാദേശരത്‌നം
തച്ഛിഷ്യസ്യാനുമത്യാ സ്ഥലിപുരനിയസ്യായനം പ്രശ്‌നതോ(അ)സൗ
സൃപ്രാദേശാധിവാസീ വ്യരചയമഹമപ്യുത്തമഃ പൂരുഷാണാം
(അയനം 15 ശ്ലോകം 41)
[യാതൊരു ഇടയ്ക്കാടു ബ്രാഹ്മണനില്‍നിന്നാണോ (പനയ്ക്കാട്ടു നമ്പൂതിരിയില്‍നിന്ന്) കൊല്ലവര്‍ഷം 825-ല്‍ പ്രശ്‌നമാര്‍ഗ്ഗം നിര്‍ഗ്ഗളിച്ചത്, അദ്ദേഹത്തിന്റെ ശിഷ്യന്റെ ശിഷ്യന്‍ (മുക്കാട്ടു നാരായണന്‍ ഇളയത്) ജാതകാദേശരത്‌നം രചിച്ചു. (തൃശൂര്‍ ജില്ലയിലെ) അദ്ദേഹത്തിന്റെ ശിഷ്യന്‍ (അതായത് കുട്ടലേടത്തു പുരുഷത്തമന്‍ മൂത്തത് എന്ന പ്രശ്‌നായനകര്‍ത്താവ്), തൃപ്രയാറില്‍ ജനിച്ച് (കണ്ണൂര്‍ ജില്ലയിലെ) ജീവിച്ചിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ (മുക്കാട്ടു നാരായണന്‍ ഇളയതിന്റെ) അനുമതിയോടുകൂടി, ഈ ഉത്തമഗ്രന്ഥം രചിച്ചു]
പുരുഷോത്തമന്‍ എന്നാണ് പ്രശ്‌നായനകര്‍ത്താവിന്റെ പേര് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. കൈയ്യെഴുത്തു പ്രതിയുടെ അവസാന ഭാഗത്ത് അദ്ദേഹത്തിന്റെ മുഴുവന്‍ പേര് നല്‍കിയിരിക്കുന്നത് കുട്ടലേടത്തു പുരുഷോത്തമന്‍ മൂത്തത് എന്നാണ്. അദ്ദേഹം സൃപ്രാദേശത്താണ് ജനിച്ചത്. വടക്കുംകൂര്‍ രാജരാജവര്‍മ്മയുടെ അഭിപ്രായത്തില്‍ ഇത് തൃപ്രയാറാണ്. സ്ഥാലീപുരത്താണ് (തളിപ്പറമ്പ്) ജീവിച്ചത്. പ്രശ്‌നമാര്‍ഗ്ഗം രചിക്കപ്പെട്ടത് കൊല്ലവര്‍ഷം 825 ല്‍ (മരാദൗ കോളംബേ) ആണ്. അതായത് അഉ 1650 - ല്‍. കണ്ണൂര്‍ എടയ്ക്കാട് ഗ്രാമത്തില്‍ പനക്കാട്ട് ഇല്ലത്തെ നമ്പൂതിരിയാണ് പ്രശ്‌നമാര്‍ഗ്ഗം രചിച്ചത്. പ്രശ്‌നമാര്‍ഗ്ഗകര്‍ത്താവിന്റെ ശിഷ്യന്റെ ശിഷ്യനും ജാതകാദേശരത്‌നം എന്ന പുസ്തകം എഴുതിയതുമായ വ്യക്തി മുക്കാട്ട് നാരായണന്‍ ഇളയതാണ്. ഇദ്ദേഹത്തിന്റെ ജീവിതകാലം കൊല്ലവര്‍ഷം 940 മുതല്‍ 1017 (അഉ 1765 1842 ) വരെ ആയിരുന്നു. പുരുഷോത്തമ സോമയാജിയുടെ പ്രസിദ്ധമായ ജാതകാദേശം (ജാതകാദേശമാര്‍ഗ്ഗം) എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് ജാതകാദേശരത്‌നം രചിക്കപ്പെട്ടത്. പ്രശ്‌നായനം രചിച്ച പുരുഷോത്തമന്‍ ജാതകാദേശരത്‌നകര്‍ത്താവായ മുക്കാട്ട് നാരാണന്‍ ഇളയതിന്റെ ശിഷ്യനാണ്. പ്രശ്‌നായനകര്‍ത്താവ് ജീവിച്ചത് തൃപ്രയാറിനു സമീപസ്ഥമായ തളിപ്പറമ്പിലാണ്.
തന്റെ ഗുരുവും ജാതകാദേശരത്‌നം രചിച്ചയാളുമായ കുട്ടലേടത്തു പുരുഷോത്തമന്‍ മൂത്തതിനെക്കുറിച്ചും, അദ്ദേഹത്തിന്റെ ഗുരുവും ജാതകാദേശകര്‍ത്താവുമായ പുരുഷോത്തമ സോമയാജിയെക്കുറിച്ചും മറ്റു ചില ശ്ലോകങ്ങളിലും പ്രശ്‌നായനകര്‍ത്താവ് സൂചിപ്പിക്കുന്നുണ്ട്. (ഈ പരാമര്‍ശങ്ങളില്‍ നിന്നും പ്രശ്‌നമാര്‍ഗ്ഗകര്‍ത്താവിന്റെ ശിഷ്യനാണ് ജാതകാദേശകര്‍ത്താവായ പുരുഷോത്തമ സോമയാജി എന്നു മനസ്സിലാക്കാം).
മദ് ഗുരോഃ ശ്രീ ഗുരോര്‍ വക്ത്രാത് ജാതകാദേശമുത്ഥിതം......
ശ്രീമന്മദ്ഗുരുനാഥസദ്ഗുരുഗുരുമുഖാജ്ജാതഃ സ്ഫുടേ
ജാതകാദേശസ്‌തേന.......
ഇത്യാദി പരമാര്‍ശങ്ങള്‍ ഉദാഹണം. പനക്കാട്ട് നമ്പൂതിരിയാണ് പ്രശ്‌നമാര്‍ഗ്ഗം രചിച്ചത്. അദ്ദേഹത്തിന്റെ ശിഷ്യനാണ് ജാതകാദേശകര്‍ത്താവായ പുരുഷോത്തമ സോമയാജി. സോമയാജിയുടെ ശിഷ്യനാണ് ജാതകാദേശരത്‌നം എന്ന പുസ്തകം രചിച്ച മുക്കാട്ട് നാരായണന്‍ ഇളയത്. നാരായണന്‍ ഇളയതിന്റെ ശിഷ്യനാണ് പ്രശ്‌നായനം രചിച്ച തളിപ്പറമ്പ് കുട്ടലേടത്ത് പുരുഷോത്തമന്‍ മൂത്തത്.
പ്രശ്‌നായം സവ്യാഖ്യം പുരുഷോത്തമ കവികൃതം എന്നാണ് ഗ്രന്ഥം ആരംഭിക്കുന്നത്. അതുപോലെ പ്രശ്‌നായത്തിലെ അവസാന ശ്ലോകം തന്നെയാണ് വ്യാഖ്യാനത്തിന്റെയും അവസാനം ചേര്‍ത്തു കാണുന്നത്. അതിനാല്‍ ഗ്രന്ഥകാരന്‍ തന്നെയാണ് വ്യാഖ്യാതാവും എന്ന് കരുതാം. അതിനാലാണ് ആവശ്യമായ സ്ഥലങ്ങളില്‍ വേണ്ടത്ര വിശദമെങ്കില്‍ക്കൂടി സാമാന്യേന വ്യാഖ്യാനം ഒരു ടിപ്പണി മാത്രമായി ഒതുങ്ങിയതും.
ദേവനാഗരിലിപിയില്‍ പ്രസിദ്ധീകരിച്ച പ്രശ്‌നായനഗ്രന്ഥത്തിന്റെ ആരംഭത്തില്‍ 'സവ്യാഖ്യം പുരുഷോത്തമ കവി കൃതം' എന്നു ചേര്‍ത്തുകാണുന്നു. അതില്‍നിന്നും പ്രശ്‌നായനം എന്ന പുസ്തകവും അതിന്റെ വ്യാഖ്യാനവും പുരുഷോത്തമന്‍ മൂത്തതാണ് രചിച്ചത് എന്നു മനസ്സിലാക്കാം. വ്യാഖ്യാനത്തിന് ആചാര്യന്‍ പ്രത്യേകപേരൊന്നും നല്‍കിയിട്ടില്ല. പ്രശ്‌നായനശ്ലോകങ്ങള്‍ക്കു താഴെയായി സംസ്‌കൃതഭാഷയിലുള്ള ഗ്രന്ഥകാരന്റെ വ്യാഖ്യാനവും നല്‍കിയിട്ടുണ്ട്.
ഭാസ്‌കരം ശങ്കരം വഹ്നിം നാരായണമഹം ഗുരൂന്‍
നത്വാ പ്രശ്‌നായനം വക്ഷ്യേ സംക്ഷിപ്യ സ്വേന ചോദിതഃ
ഭാസ്‌കരമിതി. ഭാസ്‌കരം തന്നാമദ്ധ്യേയം ഗുരും. ഏവമന്യത്ര. അപി ച ഭാസ്‌കരം ഗ്രഹാധിപം ശങ്കരം സര്‍വ്വവിദ്യാപ്രവര്‍ത്തകം. വഹ്നിം വാചോ(അ)ധിദൈവതം അഗ്നിം. നാരായണം സാക്ഷാദ് വിഷ്ണും ച ഇതി.
[സൂര്യനെയും ശിവനെയും അഗ്നിയെയും വിഷ്ണുവിനെയും എന്റെ ഗുരുവിനെയും വണങ്ങിയശേഷം പ്രശ്‌നായനം (പ്രശ്‌നത്തിന്റെ വഴി) വളരെ സംക്ഷിപ്തമായി പറയാന്‍ ആരംഭിക്കുന്നു] ഭാസ്‌കരം എന്നതുകൊണ്ട് ആ പേരുള്ള ഗുരുവിനെയും, ശങ്കരന്‍ എന്നതുകൊണ്ട് ആ പേരുള്ള ഗുരുവിനെയും, വഹ്നി എന്നതുകൊണ്ട് ആ പേരുള്ള ഗുരുവിനെയും, നാരായണം എന്നതുകൊണ്ട് ആ പേരുള്ള ഗുരുവിനെയും വണങ്ങുന്നു എന്നു കൂടി അര്‍ത്ഥം ധരിക്കണം. ഈ വിശേഷാര്‍ത്ഥം പുരുഷോത്തമന്‍ മൂത്തത് സ്വവ്യാഖ്യനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അല്ലായ്കില്‍ ഇങ്ങനെ ഒരു അര്‍ത്ഥമുണ്ടെന്ന് ചിന്തിക്കുകപോലും അസാദ്ധ്യം. ഭാസ്‌കരന്‍ ഭാസ്‌കരാചാര്യനാവാം. ശങ്കരന്‍ ശങ്കരാചാര്യരും. വഹ്നി എന്ന പദം ഏത് ആചാര്യനെ സൂചിപ്പിക്കുന്നതാണ് എന്നു മനസ്സിലാവുന്നില്ല. നാരായണന്‍ എന്ന പദം പ്രശ്‌നമാര്‍ഗ്ഗകര്‍ത്താവായ വിഷ്ണു നമ്പൂതിരിയെ സൂചിപ്പിക്കുന്നു. വിഷ്ണു എന്നല്ല നാരായണന്‍ എന്നാണ് പ്രശ്‌നമാര്‍ഗ്ഗകര്‍ത്താവിന്റെ പേരെന്ന് അദ്ദേഹത്തിന്റെ കുടുംബപരമ്പരയില്‍ പെട്ടവര്‍ അഭിപ്രായപ്പെടുന്നുണ്ട് എന്നതും സ്മരണീയമാണ്. അഗ്നി എന്നതുകൊണ്ട് വാക്കിന്റെ അധിദേവതയായ അഗ്നി എന്ന അര്‍ത്ഥവും ഗ്രഹിക്കണം.
വിഷ്ണു നമ്പൂതിരി:
പൂവൊന്നുനൽകാൻ ചൊന്നെന്നാൽ പൂക്കാലം നൽകിടും ഭവാൻ
പൂമാതിൻപേരെഴും നിന്നിൽ പൂമാതേകട്ടെ മംഗളം
You are not authorised to post comments.