പുട്ട് ദോശ ശ്ലോകം
- Details
- Created: Tuesday, 04 April 2017 21:56
- Last Updated: Wednesday, 17 June 2020 09:24
- Hits: 7383
(കേരളജ്യോതിഷം ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയെ അടിസ്ഥാനമാക്കിയാണ് ഈ ലേഖനം. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ - വിഷ്ണുനമ്പൂതിരി, ശ്രീനാഥ് ഒജി, വികാസ് നീലകണ്ഠന്‍ ഏക്കാട്ട്, മുരളീമോഹന്‍ തുടങ്ങിയവര്‍.)
പുട്ട്
കേരളജ്യോതിഷം FB ഗ്രൂപ്പിന്റെ സ്വകാര്യാഭിമാനമായ പണ്ഡിതരത്നം വിഷ്ണുനമ്പൂതിരി രചിച്ച പുട്ടിന്റെ പ്രമാണം അര്‍ത്ഥസഹിതം താഴെച്ചേര്‍ക്കുന്നു.
ദഗ്ദ്ധതണ്ഡുലചൂര്‍ണ്ണേംബു യോജയേല്‍ ലവണം ചിതം
ജാലം കേരം പുനശ്ചൂര്‍ണം വേണുനാളേ ക്രമാല്‍ ക്ഷിപേല്‍
ബാഷ്പനഷ്ടം വിനാ തത്ര സ്വേദയേല്‍ പിഷ്ടകം സുധീ
ത്യജേല്‍ ദണ്ഡേന പാത്രേഷു പിഷ്ടം! സ്വാദിഷ്ട ഭക്ഷണം.
- വിഷ്ണുനമ്പൂതിരി
[വറുത്ത അരിപ്പൊടിയില്‍ ഉചിതമായ അളവില്‍ വെള്ളവും ഉപ്പും ചേര്‍ക്കണം. ആദ്യം (പുറ്റുകുറ്റിയുടെ ഓട്ട അടയ്ക്കാനുള്ള) ചില്ല്, നാളികേരം (ചിരകിയ തേങ്ങ), അരിപ്പൊടി, (വീണ്ടും ചിരകിയ തേങ്ങ, അരിപ്പൊടി എന്നിങ്ങനെ) യഥാക്രമം ചേര്‍ത്ത് പുട്ടുകുറ്റിയില്‍ നിറയ്ക്കണം. ആവി പൊങ്ങുന്നതുവരെ അതിനെ ആവിയില്‍ വേവിക്കണം. നല്ലവണ്ണം വെന്തുകഴിഞ്ഞാല്‍ ഒരു നീളമുള്ള കമ്പുകൊണ്ട് കുത്തി പാത്രത്തിലിടണം. ഇപ്രകാരം ഉണ്ടാക്കിയ പുട്ട് അത്യന്തം സ്വാദിഷ്ടമായ ഒരു ഭക്ഷണപദാര്‍ത്ഥമാണ്.]
പിഷ്ടേന കാദളം യുക്ത്വാ ഭോജയേല്‍ ചേല്‍ ദദാദി നഃ
ഫലം മനോരഥഫലം കാസുധാ! മുനിസമ്മതം.
- വിഷ്ണുനമ്പൂതിരി
[പുട്ടിനോടൊപ്പം വാഴപ്പഴം യോജിപ്പിച്ച് കഴിക്കുക. അത് നമുക്ക് മനോരഥഫലം തരുന്നു. (ഇതല്ലെങ്കില്‍ പിന്നെ) മറ്റെന്താണ് അമൃത്? (എന്ന് ഏവരും ആനന്ദിക്കുന്നു). ഇത് മുനിമാര്‍ പോലും അംഗീകരിച്ച കാര്യമാണ്.]
ഏകദാ ഗജവക്ത്രസ്യ ലഡ്ഡുകം മൂഷികോ(അ)ഹരല്‍
തം വിഷണ്ണം ദൃഷ്ട്വാ(അ)ംബാ സുപിഷ്ടമപചത് ദ്രുതം
പിഷ്ടമാഹാത്മ്യമേതത് യോ പഠന്നശ്‌നന്‍ ഇദം ദിനേ
ഭക്തരോധം വിനാ നിത്യം ഭക്തിയുക്തം ചിരം ഭവേല്‍
- വിഷ്ണുനമ്പൂതിരി
[ഒരുക്കല്‍ ഗണപതിയുടെ ലഡു എലി കട്ടുകൊണ്ടുപോയി. വിഷമിച്ചിരിക്കുന്ന ഗണപതിയെക്കണ്ട പാര്‍വ്വതി പെട്ടെന്ന് (ഗണപതിക്ക്) നല്ല പുട്ട് ഉണ്ടാക്കിക്കൊടുത്തു. (ഗണപതി സന്തുഷ്ടനായി) പുട്ടിന്റെ ഈ മാഹാത്മ്യം ആരാണോ വായിക്കുന്നത്, ആരാണോ പകല്‍ പുട്ട് കഴിക്കുന്നത്, അയാള്‍ ആഹാരം വേണ്ടാ എന്ന രോഗം കൂടാതെ (വയറിന് അസുഖങ്ങളൊന്നുമില്ലാതെ, ഭക്ഷണസൗഖ്യത്തോടെ) എന്നും ഭക്തിയോടെ ചിരകാലം ജീവിച്ചിരിക്കും. (കാരണം അത്യുത്തമവും ശരീരത്തിന് വളരെ യോജിച്ചതുമായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് പുട്ട്.)]
ദോശ
ഇന്ദുവല്‍ വര്‍ത്തുളാകാരാ കുന്ദവല്‍ ധവളപ്രഭാ
ഇന്ദ്രവല്‍ ച സഹസ്രാക്ഷാ ദോശാ കാ പ്രീണയന്തു നഃ
- അജ്ഞാതര്‍ത്തൃകം
[ചന്ദ്രനെപ്പോലെ വൃത്താകാരവും, മുല്ലയെപ്പോലെ വെളുത്തു പ്രഭയുള്ളതും, ഇന്ദ്രനെപ്പോലെ ആയിരം കണ്ണുകളുള്ളതുമായ ദോശ നമ്മളെ പ്രീണിപ്പിക്കട്ടെ!]
പിഷ്ടദോശപ്രമാണേന മനോ രഞ്ജതി യോ നരഃ
സഃ വിഷ്ണുപണ്ഡിതവര്യസ്യ നമസ്കാരം കുര്‍വ്വതാമഹം...
- ശ്രീനാഥ് ഒജി
[പുട്ട് ദോശ തുടങ്ങിയവയ്ക്കുള്ള പ്രമാണങ്ങള്‍കൊണ്ട് വിഷ്ണു എന്നു പേരുള്ള ഏതൊരു പണ്ഡിതശ്രേഷ്ഠനാണോ മനസ്സിനെ സന്തോഷിപ്പിക്കുന്നത്, അദ്ദേഹത്തിനെ ഞാന്‍ (വിനയപുരസ്സരം) നമസ്കരിക്കുന്നു.]
ആധികാരിക ശ്ലോകങ്ങളെ ജ്യോതിഷി പ്രമാണമെന്നും വിളിക്കാറുണ്ട്. പ്രമാണം = പ്രമാ-യിൽ നിന്നുണ്ടായത്. പ്രമാ ഇത്യൂക്തേ അനുഭവജ്ഞാനം. പ്രമായാ: കരണം പ്രമാണം , പ്രമയെ ഉണ്ടാക്കുന്നത് എന്നുമാവാം. പ്രമാ എന്നാല്‍ അനുഭവജ്ഞാനം, accurate perception, correct notion, right measure, scale, basis, foundation എന്നെല്ലാം പറയാം.
വാല്‍ക്കഷണം : പുട്ടിനും ദോശക്കും പ്രമാണമുണ്ടായിക്കഴിഞ്ഞ സ്ഥിതിക്ക് ഇഡ്ഡിലിക്കും കൂടി ഒരു പ്രമാണം ലഭിച്ചേക്കുമെന്ന ശ്രീനാഥ് ഒജിയും മുരളീമോഹനും പങ്കുവെച്ച പ്രതീക്ഷ പൂവണിഞ്ഞില്ല.
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
മേല്‍പറഞ്ഞോരു പുട്ടിന്നു പിട്ടയെന്നും വിളിക്കേണം
പിഷ്ടമെന്നു കേട്ടപ്പോളോര്‍മ്മവന്നിതു രാവിലെ
എന്തൊക്കെ പറഞ്ഞാലും നമ്മുടെ വിഷ്ണു നമ്പൂതിരി ജിയുടെ സംസ്കൃതമായ പുട്ട് നന്നായിരുന്നു.... അഭിനന്ദനങ്ങള്‍.
ഗണിച്ചും പൂജിച്ചും പുനരപി രചിച്ചും പലപലകൃതിയായ്
രുചിച്ചും സേവിച്ചും പുനരപി രസിച്ചും പലപല ഗണമായ്
കുറിച്ചും കൊള്ളിച്ചും ഇനിയൊരു കവിത്വം ഫലപല കൃതിയായ്
വായിച്ചും രസിക്കാം ഇനിയുമൊരസാരം കവിതയുമുണരെ
- ചന്ദ്രകുമാര്‍ മുല്ലച്ചേരി
You are not authorised to post comments.