വിഷ്ണുനമ്പൂതിരിയുടെ സൌന്ദര്യലഹരി ഭാഷാ വിവര്‍ത്തനത്തെക്കുറിച്ച്
- Details
- Created: Tuesday, 04 April 2017 22:42
- Last Updated: Wednesday, 05 April 2017 05:41
- Hits: 8566
(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന വിഷ്ണുനമ്പൂതിരി രചിച്ച സൌന്ദര്യലഹരിഭാഷാ വിവര്‍ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് ഈ ലേഖനത്തിന് അവലംബം. വിഷ്ണുനമ്പൂതിരിയുടെ ചിത്രമാണ് താഴെക്കാണുന്നത്.) 
വിഷ്ണുനമ്പൂതിരി പുട്ടിനെക്കുറിച്ച് രചിച്ച ശ്ലോകം വായിച്ചശേഷം പണ്ഡിതവരേണ്യനായ ഉണ്ണിക്കൃഷ്ണപിഷാരോടി ജീ അനുഗ്രഹിച്ചു –
ഉണ്ണിക്കൃഷ്ണപിഷാരോടി: മനോഹരം. ജ്യോതിഷത്തിന് ഇദ്ദേഹത്തില്‍നിന്ന് ഉത്തമങ്ങളായ അനേകം ഗ്രന്ഥങ്ങള്‍ ഭാവിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, അതിനായി ആശംസിക്കുന്നു.
(അങ്ങനെ അതൊരു വിശേഷ ചര്‍ച്ചയ്ക്ക് തുടക്കമായി! അതിനപ്പുറം പല ഗ്രന്ഥങ്ങളെയും കുറിച്ച് ഗ്രന്ഥകാരന്മാര് തന്നെ സംസാരിക്കുന്നു എന്നതിനാല്‍ സാഹിത്യചരിത്രപരമായ സാംഗത്യവും ഈ സംഭാഷണത്തിനുണ്ട്.)
വിജയാമേനോന്‍: ഇപ്പോഴുള്ള ഗ്രന്ഥങ്ങൾ തന്നെ ഒരു വട്ടം വായിക്കുവാൻ കഴിഞ്ഞിട്ടില്ല!
ശ്രീനാഥ് ഒജി: അത് എല്ലാം വായിക്കുന്നതിനുപകരം പുതുതായി ഇറങ്ങുന്ന എന്റെ ഗ്രന്ഥങ്ങള്‍ പോലുള്ള ചില പുസ്തകങ്ങള്‍ വായിക്കുകയാണ് വേണ്ടത്.... സോഫ്റ്റ് വെയര്‍ വാങ്ങിയാലും മതി..... യേത്......
വിഷ്ണുനമ്പൂതിരി: ശ്രീനാഥ് ജീ സൗന്ദര്യലഹരി പച്ചമലയാളത്തിൽ, അതേ വൃത്തത്തിൽ (ശിഖരിണി) തർജ്ജിമ ചെയ്തിട്ടുണ്ട്. ലഘുവിവരണവും ശ്രീചക്രപൂജയുൾപ്പടെ . പ്രസിദ്ധീകരിക്കാൻ സഹായിക്കുമെങ്കിൽ! ഒരു കൈ നോക്കാം.
ശ്രീനാഥ് ഒജി: ഞങ്ങള്‍ക്ക് ഷോപ്പുകളില്‍ ഡിസ്റ്റ്രിബ്യൂഷന് ഇല്ലാത്തതിനാല്‍ ജ്യോതിഷഗ്രന്ഥങ്ങളല്ലാത്തവയ്ക്ക് മാര്‍ക്കറ്റ് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. സ്വന്തം പുസ്തകങ്ങള്‍ അച്ചടിച്ചു കാണുന്നതിലെ സൌഖ്യം ഒഴിച്ചാല്‍, സാമാന്യേന ഞങ്ങളെ സംബന്ധിച്ചിടത്തോളം പുസ്തകപ്രസിദ്ധീകരണം ലാഭകരമായ ഒരു ബിസിനസേ അല്ല. എങ്കിലും സൌന്ദര്യലഹരി പച്ചമലയാളത്തില്‍ വായിക്കുന്നതും, സൌന്ദര്യലഹരിയുടെ ചരിത്രവും ഉള്ളടക്കവുമെല്ലാമെല്ലാം എനിക്കും താല്പര്യമുള്ള വിഷയവും ആകയാല്‍ എന്നെക്കൊണ്ടാവും പോലെ DTP-യിലും മറ്റും തീര്‍ച്ചയായും സഹായിക്കാം. പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ ഒരു കോപ്പി ഞാന്‍ ഇന്നേ ബുക്ക് ചെയ്യുന്നു.
വിഷ്ണുനമ്പൂതിരി: ബ്രാഹ്മണാചാരങ്ങള്‍, എന്ന പൂജാപുസ്തകം ഇറക്കി കൈ പൊള്ളി. കൂടാതെ - അമ്മ എഴുതിയ കവിതകൾ - "എന്റെ സ്മൃതി മഞ്ജരി" എന്ന പേരിൽ ഇറക്കി തളർന്നിരിക്കുകയാണ്. ഭാഷാസൗന്ദര്യലഹരി എഴുതിയിട്ട് 2വർഷമായി. സമയമായിട്ടില്ലായിരിക്കാം
ശ്രീനാഥ് ഒജി: ഇംഗ്ലീഷില്‍ ഞാനെഴുതിയ പത്തിലധികം പുസ്തകങ്ങളുണ്ട്. ഒന്നൊഴികെ മറ്റൊന്നും പ്രസിദ്ധീകരിച്ചില്ല. E-Publish ചെയ്ത് PDF സോഫ്റ്റ് കോപ്പി വിറ്റതേ ഉള്ളു. മലയാളം പുസ്തകങ്ങളില്‍ പൂര്‍ത്തിയാക്കിയ മൂന്നാല് പുസ്കകങ്ങള്‍ വായനക്കാരെ കിട്ടില്ല എന്നു ചിന്തിച്ച് മാറ്റി വെച്ചിരിക്കുകയാണ്. വായനക്കാരെ കിട്ടുമെന്ന് ഉറപ്പുള്ളതും, ഞങ്ങളുടെ Existing customers ആയ ജ്യോതിഷികള്‍ വാങ്ങാനിടയുണ്ടെന്ന് കരുതുന്നതുമായ പുസ്തകങ്ങള്‍ മാത്രമേ (അതും വെറും 500 കോപ്പി മാത്രം) ഞങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളു. കോപ്പി തീര്‍ന്നാല്‍ പിന്നെ പുനഃപ്രസിദ്ധീകരണമില്ല. അതാണ് സമ്പ്രദായം. കൈരളീപ്രശ്നമാര്ഗ്ഗം, താംബൂലപ്രശ്നം, ദേവപ്രശ്നാനുഷ്ഠാനപ്രദീപം എന്നിവയെല്ലാം ഇങ്ങനെ കോപ്പി തീര്ന്നവയില് പെട്ടതാണ്. അവയൊന്നും ഇനി എങ്ങും കിട്ടില്ലെന്നു സാരം. പുസ്തകപ്രസാധനം ഒരു തലവേദനക്കേസാണ്, കാര്യമായ ലാഭമൊന്നും കിട്ടില്ലാതാനും, മെനക്കേട് ഒരുപാടും....! സോഫ്റ്റ് വെയറുകള്‍ ഉള്ളതുകൊണ്ടാണ് ഞങ്ങളുടെ ചെലവെങ്കിലും നടന്നു പോവുന്നത്.
(ശാഖാചംക്രമണം കഴിഞ്ഞ് ചര്‍ച്ച നേരേ പ്രകൃത പ്രതിപാദ്യമായ സൌന്ദര്യലഹരി ഭാഷാ വിവര്‍ത്തനത്തിലേയ്ക്കു കടന്നു.)
വിഷ്ണുനമ്പൂതിരി:
എന്റെ ഭാഷാ സൗന്ദര്യലഹരീ തർജ്ജിമയിൽ നിന്ന് –
വെറും പൂവില്ലും, ഞാണിള കുമളികൾ അഞ്ചു ശരവും
വസന്തം താൻ മന്ത്രിമലയ മരുതാം യുദ്ധ രഥവും
ഇതെല്ലാമൊറ്റക്കായ്.'ഹിമഗിരി സുതേ! ഏതു കൃപയെ
കടക്കണ്ണാൽ നേടിട്ടുലകിതിലനംഗൻ വിജയിയായ്?
സൌന്ദര്യലഹരീശ്ലോകം - ധനു പൗഷ്പം മൗർവ്വീ :::(6)
വിരിഞ്ചൻ സൃഷ്ടിപൂ, ഹരി അവന,മീശൻ ഹരണവും
ശിവൻ എല്ലാം തന്നിൽ സ്വയ ലയനവും ചെയ്തു മറവാം
"സദാ "പൂർവ്വം ചേരും ശിവൻ അവരിലാ ശിസ്സു ചൊരിവൂ
തവാ ജ്ഞക്കൊപ്പിച്ചാ പുരിക ലത തൻ ഏക ചലനാൽ
മൂലം :- [24)
ജഗത്സൂതേ ധാതാ ഹരിരവതി രുദ്രഃ ക്ഷപയതേ
തിരസ്കൂര്വ്വന്നേതത്സ്വമപി വപുരീശസ്തിരയതി
സദാപൂര്വ്വ: സർവ്വം തിഭദമനുഗൃഹ്ണാതി ച ശിവ-
സ്തവാജ്ഞാമാലംബ്യ ക്ഷണചലിതയോര്ഭ്രൂലതികയോഃ
വിജയാമേനോന്‍: സൗന്ദര്യലഹരിയുടെ ആ സൗന്ദര്യമുണ്ടല്ലോ അതു് മലയാളത്തിൽ ലഭിക്കില്ല .ലളിതാസഹസ്രനാമസ് തോത്രവും നാമാവലിയും നോക്കുമ്പോൾ സ്തോത്രത്തിന് എന്തൊരു ഭംഗി.
ശ്രീനാഥ് ഒജി: Plz don't discourage great efforts. Every effort has its own beauty. മലയാളഭാഷ സൃഷ്ടിക്കാന്‍ ഉതകിയ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന് അതിനുവേണ്ടി വാത്മീകി രാമായണത്തേക്കാളോ, അതിനെ അനുകരിച്ച് സംസ്കൃതത്തില്‍ രചിക്കപ്പെട്ട അദ്ധ്യാത്മരാമായണത്തിനെക്കാളോ മഹത്താവേണ്ട ആവശ്യം വന്നിട്ടില്ല. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിനെ അനുകരണത്തിന്റെ അനുകരണം എന്ന് ആര്‍ക്കും വിമര്‍ശിക്കാം. അതുകൊണ്ട് അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെയോ എഴുത്തച്ഛന്റെയോ മാഹാത്മ്യം തെല്ലും കുറയില്ല. കുന്നിന് കുന്നിന്റെ ഭംഗി, മാമലയ്ക്ക് അതിന്റെ ഭംഗി, സഹ്യന് അതിന്റെ ഭംഗി, ഹിമാലയത്തിലെ കുലപര്വ്വതങ്ങള്ക്ക് അവയുടേതായ ഭംഗി. അതല്ലേ ജീവിതം? പുല്‍ക്കൊടിയെ ആല്വൃക്ഷത്തോടും, തുമ്പപ്പൂവിലെ ആമ്പലിനോടും താരതമ്യപ്പെടുത്തേണ്ടതുണ്ടോ? വിമര്‍ശകര്‍ കടന്നുപോവും, മൂല്യവത്തായത് അവശേഷിക്കും. ഇന്നുവരെ ആരും ചെയ്യാത്തരീതിയില്‍ ശിഖരിണി വൃത്തത്തില്‍ തന്നെ സൌന്ദര്യലഹരി ഭാഷാന്തരീകരണം നടത്തിയ Vishnu Namboodiri ജിക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനം. _/\_
വിജയാമേനോന്‍: ഈ 'ശിഖരിണി' വൃത്തം എനിക്കറിയില്ല. പണ്ട് ഈ സൗന്ദര്യലഹരി ഒരു ബാലികേറാമലയായിരുന്നു എനിക്ക്. പിന്നീടാണ് അതിന്റെ സൗന്ദര്യം മനസ്സിലായത്.തീർച്ചയായും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിയതല്ല.
ശ്രീനാഥ് ഒജി: ശിഖരിണി അറിയാമെങ്കിലും ഇല്ലെങ്കിലും ശരി, ഗ്രന്ഥം മുഴുവന്‍ കാണാതെ വായിക്കാതെ നാം അഭിപ്രായം നിശ്ചയിക്കുന്നത് ശരിയല്ല എന്നാണ് എന്റെ ചിന്ത. മാത്രമല്ല, പകുതി ചെയ്തുകഴിഞ്ഞ ഒരു പ്രയത്നത്തെ മെച്ചപ്പെടുത്താനുള്ള സാധ്യത എപ്പോഴും അവശേഷിക്കുന്നുമുണ്ട്. വളരുന്ന ചെടിയുടെ പ്രയത്നം അതിനേ അറിയൂ..അതിന്റെ പ്രയാസവും സന്തോഷവും അതിനേ അറിയൂ....... വളവും വെള്ളവും ഒഴിച്ചുകൊടുത്തു സഹായിക്കുന്നവര്‍ക്കോ, മേല്‍ക്കൂര കെട്ടി ചോലതീര്ത്ത് സൂര്യപ്രകാശം കിട്ടാതാക്കുന്നവര്ക്കോ അല്ല....
വികാസ് നീലകണ്ഠന് ഏക്കാട്ട്: ധനു പൗഷ്പം... ഈ ശ്ലോകത്തിന്റെയൊക്കെ തർജ്ജമ ഉജ്ജ്വലമായെന്നാണ് എന്റെ അശിക്ഷിത ബുദ്ധിയിൽ തോന്നുന്നത്. (ബ്രാഹ്മണാചാരങ്ങൾ എന്ന പുസ്തകം available ആണോ വിഷ്ണുനമ്പൂതിരി ജി? ഗൃഹ്യസൂത്രങ്ങളെ അധികരിച്ച് എഴുതിയതാണോ?)
ശ്രീനാഥ് ഒജി: വിവര്‍ത്തനങ്ങളെ മൂലഗ്രന്ഥത്തോട് താരതമ്യം ചെയ്യാന്‍ പാടില്ലെന്നാണ് എന്റെ ഒരിത്. മൂലഗ്രന്ഥം വളരെ മാഹാത്മ്യമേറിയതും മനോഹരവും ആയതിനാലാണല്ലോ അതില്‍ ആകൃഷ്ടനായി വിവര്ത്തകന് അതു ഭാഷാന്തരീകരണം നടത്താം എന്നു തീരുമാനിച്ചത്. മൂലഭാഷ മനസ്സിലാവാത്തവര്ക്കും ഗ്രാഹ്യമാവും എന്നതാണ് പദ്യത്തിലോ ഗദ്യത്തിലോ ഉള്ള വിവര്‍ത്തനങ്ങള്‍ കൊണ്ടുള്ള മേന്മ. അവയുടെ സൌന്ദര്യം സാമാന്യേന മൂലഗ്രന്ഥത്തിനേക്കാള് താഴെയാവാനോ അഥവാ വ്യത്യസ്തമാനോ മാത്രമേ വഴിയുള്ളു. കാരണം ഒരു ഭാഷയും പൂര്‍ണമായും ഭാഷാന്തരീകരണത്തിന് വഴങ്ങുന്നതല്ല, എഴുതിയ വ്യക്തികളുടെ സാഹചര്യവും വിജ്ഞാനവും നിലവാരവും വ്യത്യസ്തമാണുതാനും. അതിനാല്‍ മൂലത്തോട് എത്രത്തോളം അടുത്തുനില്ക്കുന്നു, നീതിപുലര്‍ത്തുന്നു എന്നതല്ലാതെ, മൂലത്തോട് തുല്യമോ അതിനെ അതിലംഘിക്കുന്നതോ ആവണം വിവര്‍ത്തനം എന്നു ചിന്തിക്കുന്നത് അതിമോഹമാണ്. അത് സാമാന്യേന അസാധ്യമാണ്. അതുകൊണ്ടുതന്നെ വിവര്‍ത്തനങ്ങളെ മൂലഗ്രന്ഥത്തോട് താരതമ്യം ചെയ്ത് വിലയിരുത്താന്‍ ശ്രമിക്കുന്നത് തെറ്റായ മൂല്യനിര്ണയപദ്ധതിയാണ് കാഴ്ചക്കുറവാണ് എന്നതാണ് എന്റെ കാഴ്ചപ്പാട്.
വിഷ്ണുനമ്പൂതിരി:
ശിവശ്ശക്ത്യാ യുക് തോയ ദി ഭവതി ശക്തപ്രഭ വിതും
ന ചേദ്ദേവം ദേവോന ഖലു കുശല സ്പന്ദിതുമപി
അതസ്ത്വാമാരാദ്ധ്യാം ഹരി ഹര വിരിഞ്ചാദിഭിരപി
പ്രണന്തും സ്തോതും വാ കഥ മകൃത പുണ്യ പ്രഭവതി
ശിവൻശക്തിക്കൊത്താൽതികയുമൊരു ശക്തിക്കുപ്രഭുവായ്
അതല്ലെന്നാൽ ദേവൻ "കണിശ "മബലൻ ''സ്പന്ദ "മതിനും!
സമാരാദ്ധ്യാ നീ താൻ ഹരി, വിധി, ഹരാദ്യർക്കു മതിനാൽ
നമിക്കാൻ! വാഴ്താനോ? എവിട(അ)കൃത പുണ്യൻ പ്രഭവനാം?
(ഭാഷാ സൗന്ദര്യലഹരി – N വിഷ്ണുനമ്പൂതിരി)
ശിവൻ ശക്തിയോടൊത്തുചേർന്നാൽ ശക്തനായിത്തീരുന്നു. അല്ലാ എങ്കിൽ സ്പന്ദിക്കാൻ പോലും കഴിവില്ലാത്തവനാണ് എന്നതു നിശ്ചയം! ഖലു. ദേവീ നീ ഹരിഹര, വിരിഞ്ചന്മാർക്കും ആരാധ്യയായതിനാൽ പുണ്യം ചെയ്യാത്തവർക്കു നന്നായി നമിക്കാനോ വാഴ്താനോ എങ്ങനെ കഴിവുണ്ടാകും? എന്നാണ്ആദ്യ ശ്ലോകത്തിൽ തന്നെ പറഞ്ഞിരിക്കുന്നത്. എന്റെ പുണ്യത്തിന്റെ കുറവാകാം പ്രശ്നം.
ശ്രീനാഥ് ഒജി: എല്ലാവര്ക്കും എല്ലാം ആസ്വദിക്കാനുള്ള കഴിവുണ്ടാകണമെന്നില്ല. അത് അവരുടെ പ്രതിഭയുടെ കുറവല്ല. ചില കാര്യങ്ങളെ മാത്രം കരുതി ആരെയും വിലയിരുത്തരുത്. അവരുടെ പ്രതിഭ മറ്റു വിഷയങ്ങളിലാവാം. കുരങ്ങിനോട് നീന്താനും ഡോള്‍ഫിനോട് മരംകയറാനും ആവശ്യപ്പെടുന്നത് വിലയിരുത്തലിന് ഒട്ടും സഹായകമാവില്ല. ഓരോരുത്തരുടെ കഴിവ് അവരവരുടെ മേഖലയിലാണ് തെളിയുക. അതേ മേഖലകളിലാണ് അവരുടെ അഭിപ്രായങ്ങളും മൂല്യവത്താവുക. കഴിവും പ്രതിഭയുമില്ലാത്ത വ്യക്തികളില്ല. ഓരോ വ്യക്തിയും ഓരോ മനോഹരപുഷ്പമാണ്. അത് നമുക്ക് അറിഞ്ഞാദരിക്കാം. സ്നേഹമുള്ളവരോടേ നമുക്ക് അഭിപ്രായങ്ങള്‍ തുറന്നു പറയാനാവൂ എന്നതും ഓര്‍ക്കണം. ഈ ഗ്രൂപ്പ് പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അംഗങ്ങളുടെ ഒരു കുടുംബമാണ്. പക്ഷെ എല്ലാവരുടെയും കഴിവ് ഒന്നുപോലല്ല, ഒരേ കാര്യത്തിലുമല്ല.
വിജയാമേനോന്‍: എനിക്ക് സംസ്കൃതം അറിയില്ല പഠിച്ചിട്ടില്ല. എന്നാൽ ഞാൻ പഠിക്കുവാൻ ആഗ്രഹിച്ച ആസ്ട്രോളജിയുടെ പ്രമാണശ്ലോകങ്ങൾ പഠിക്കാന്‍ സംസ്കൃതവും പഠിക്കാതെ തരമില്ലെന്നു വന്നു. കുറെയൊക്കെ പഠിച്ചപ്പോൾ അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നു. അതുപോലെ തന്നെ സൗന്ദര്യലഹരിയും. താങ്കളുടെ വിവർത്തനം ഞാൻ കണ്ടതുമില്ല. അതിനേപ്പറ്റി അറിവില്ലാതെ അഭിപ്രായം പറയരുതായിരുന്നു. ക്ഷമിക്കൂ. താങ്കൾക്ക് എത്രയും വേഗം അതു പ്രസിദ്ധീകരിക്കുവാനുള്ള യോഗമുണ്ടാകട്ടെ.
വികാസ് നീലകണ്ഠന് ഏക്കാട്ട്: വിഷ്ണുനമ്പൂതിരി ജീ, മാത്രമല്ല ദ്രവിഡ ശിശു ഇവിടെ അൽപ്പമെങ്കിലും ദേവിയെ സ്തുതിക്കാൻ സാധിക്കുന്നവർ മുഴുവൻ ബഹുകൃത സുകൃതർ ആണ് എന്നാണ് ഉദ്ദേശിച്ചത് എന്ന രീതിയിൽ വളരെ +ve ആയ വ്യാഖ്യാനങ്ങൾ ഗൗഡ പാദാചാര്യർ മുതലായ മഹത്തുക്കളുടേതായി കണ്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്വകീയ പദാവലി കൊണ്ട് ദേവിയെ സ്തുതിക്കുന്ന അങ്ങ് പരമ്പരയുടെ സുകൃതമാണ്.
വിജയാമേനോന്‍: സൗന്ദര്യ ലഹരി ഒരു വട്ടം വായിക്കുന്നതു തന്നെ പുണ്യമാണ്. അപ്പോൾ പിന്നെ അതു് വിവർത്തനം ( ഭാഷാശ്ലോകം) ചെയ്യന്നത് അതിലേറെ പുണ്യം!
വികാസ് നീലകണ്ഠന് ഏക്കാട്ട്: ദേവിയെ പുണ്യശ്രവണ കീർത്തനാ എന്നാണല്ലോ പറയുന്നത് ശ്രവിക്കയും പുണ്യം കീർത്തിക്കുകയും പുണ്യം.
വിഷ്ണുനമ്പൂതിരി: ആപദി കിം കരണീയം? സ്മരണീയം ചരണ യുഗളമാബായാ:
എസ് വി കണിയാര് ജ്യോതിശ്രീ: അത്ഭുതം!
വാല്‍ക്കഷണം: വിഷ്ണു നമ്പൂതിരിയെക്കുറിച്ച്. (കടപ്പാട് - മുരളീമോഹന്‍)
സാമ്പാറുണ്ടാക്കാനറിയും. നമ്പൂതിരി ആവണേൽ ഇത്രി കുഭേം, ഇത്രി കൂടുമേം, ഇത്രി രസികത്തോം കൂടി വേണേ ........ വിഷ്ണുനമ്പൂതിരി ജിക്ക് രസികത്തം സ്വല്പം അധികായോന്ന് സംശയം ........ . കടുമ്മയും കടുക്കനും ഉണ്ട്, മെതിയടിയിട്ടു നടക്കാൻ പഠിച്ചിട്ടുമുണ്ട്! ജ്യോതിഷം, വാസ്തുശാസ്ത്രം, തന്ത്രശാസ്ത്രം, ആയുര്‍വേദം, ഹോമിയോപ്പതി, സംസ്കൃതത്തിലും മലയാളത്തിലും കാവ്യരചന എല്ലാം വഴങ്ങും! സരസനാണ് പണ്ഡിതനാണ്. അതാണ് വിഷ്ണുനമ്പൂതിരി. (ചിത്രം മുകളില്‍ കൊടുത്തിട്ടുണ്ട്.)
You are not authorised to post comments.