വിഷുക്കണി ഒരുക്കേണ്ടതെങ്ങനെ?
- Details
- Created: Saturday, 15 April 2017 04:29
- Last Updated: Sunday, 16 April 2017 17:07
- Hits: 8150
(ഇതേക്കുറിച്ച് കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം.)
സല്‍ഗുണന്‍ പാങ്ങാട്ടൂര്‍:
ഈ വിഷുക്കണി ഒരുക്കേണ്ട വിധം എങ്ങനെയാണ്, എന്തൊക്കെ സാധനങ്ങളാണ് ഒരുക്കേണ്ടത്? ഭാഷാ ശ്ലോകങ്ങൾ എന്തെങ്കിലുമുണ്ടോ.... ജ്യോതിഷ പരമായിട്ടും ഏതെങ്കിലും ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല... എല്ലാവരുടെയും അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു...
അനില്‍ കാടൂരാന്‍:
വാട്സ്ആപ്പില്‍ അയച്ചുകിട്ടിയൊരു മെസേജ് താഴെച്ചേര്‍ക്കുന്നു:
കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം.
*ഓരോ വസ്‌തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്.*കണി യൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു.
ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളിയും തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്.
സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ് ക്കേണ്ടത്.
*ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്.* ഇത്രയുമായാൽ വാൽ ക്കണ്ണാടിവയ്‌ക്കാം. *ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്.* കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എ ന്നും സങ്കൽപമുണ്ട്.
*കൃഷ്‌ണ വിഗ്രഹം ഇതിനടുത്തുവയ്‌ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.*
തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനു മൊപ്പം വേണം വയ്‌ക്കാൻ.
*ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു*
പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്.
ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. *ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്.
സല്‍ഗുണന്‍ പെരിങ്ങാട്ടൂര്‍:
ചേലുള്ള ചക്കയൊന്നതിൻ ചാരേ വെള്ളരിയും, ദർപ്പണം വസനം പിന്നെ
പൊൻനാണയം പഞ്ചങ്ങളുമഞ്ചു തിരിയിട്ട നിലവിളക്കും നല്ലോ-
രോട്ടുരുളിയിൽ ഉണ്ണിയപ്പമോടൊപ്പം കണിക്കൊന്നപ്പൂക്കളും
പലകമേൽ നിരത്തിയ വരാടികയും കണ്ടു കണികണ്ടുണരും......
- സല്‍ഗുണന്‍ പാങ്ങാട്ടൂര്‍
.ബാക്കി എനിക്കറിയlല്ല... നിങ്ങ ആരെങ്കിലും പൂരിപ്പിക്കിൻ.....
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
തിരിയഞ്ചുമിട്ടൊരു വിളക്ക് കൊളുത്തിടേണം
കീഴെയൊരോട്ടുരുളിയിലപ്പമതു നിറച്ചൂ വേണം
നെല്ലും അരിയും നിറച്ചുള്ളൊരു നാഴിവെച്ചും
സ്വര്‍ണ്ണം പണം ദര്‍പ്പണം പട്ടുചേല
ഇണചേര്‍ന്നൊരു മാങ്ങവെച്ചു-
മിണചേര്‍ത്തൊരുനാളികേരം
ചക്ക,പഴം,വെള്ളരി,മറ്റു ധാന്യം
നല്ലൊരുമണ്‍കലമതു നിറച്ചു വെച്ചും
നല്ലൊരു വട്ട,കണിക്കൊന്നയും മോദമോടെ
ചേലൊത്തൊരുകൃഷ്ണവിഗ്രഹമൊക്കെവേണം
എന്നിട്ടുണര്‍ന്നു വിഷുവന്നൊരു സന്മുഹൂര്‍ത്തെ
ചിത്തം തെളിഞ്ഞു മുദാ കണി കണ്ടിടേണം
- ചന്ദ്രകുമാര്‍ മുല്ലച്ചേരി
മംഗലം കളരിക്കല്‍ വിജയരാഘവന്‍:
ശുദ്ധം തണ്ടുല വെള്ളരിക്ക ഫലവും കണ്ണാടിയും സ്വർണ്ണവും
ദീപം കോടിയും നാണ്ണ്യധാന്ന്യസഹിതം പൂ കൊന്ന ലംങ്കാരവും
താംബൂലീദള കിണ്ടി ഓട്ടുരുളിയും കൃഷ്ണാദി ഗോള ശില
ഭദ്രം ദീപമതും വിളങ്ങു സദസാ പൂർവ്വാഹ്ന ദൃശ്യേ കണി.
- മംഗലം കളരിക്കല്‍ വിജയരാഘവന്‍
സൂപ്പര്‍, നന്നായിട്ടുണ്ട്, മനോഹരം എന്നിത്യാദി ആശംസകള്‍ കേട്ട് കവികള്‍ മൂവരും പുളകിതഗാത്രരായി.
ശ്രീനാഥ് ഒജി:
വൈലോപ്പിള്ളി തന്റെ വിഷുക്കണിയോര്‍മ്മ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
വെള്ളിപോല്‍ വിളങ്ങുന്നോരോട്ടുരുളിയും കണി-
വെള്ളരിക്കയും തേങ്ങാമുറികള്‍ തിരികളും
കൊന്നയും പൊന്നും ചാര്‍ത്തിച്ചിരിക്കും മഹാലക്ഷ്‌മി
തന്നുടെ കണ്ണാടിയും ഞൊറിഞ്ഞ കരമുണ്ടും,
അരി കുങ്കുമച്ചെപ്പും, ഐശ്വര്യ മഹാറാണി-
ക്കരങ്ങു ചമയ്‌ക്കുവാനമ്മയ്‌ക്കു വശം പണ്ടേ.
- വൈലോപ്പിള്ളി
എന്നിങ്ങനെയാണ് മഹാകവി വൈലോപ്പിള്ളി തന്റെ ബാല്യകാലത്തെ വിഷുക്കണിയോര്‍മ്മകള്‍ വരച്ചിടുന്നത്.
വിജയാമേനോന്‍:
നമ്മുടെ കൊച്ചുകേരളത്തിൽ ഓരോ കാലത്തും ഓരോ വിഭവങ്ങൾ കൃഷി വിളവുണ്ടാകും. ചിങ്ങമായാൽ കൊയ്ത്തു കഴിഞ്ഞ നെല്ല് നിറഞ്ഞ വീടു്, നേന്ത്രക്കായും ചേനയും വിളവെടുക്കുന്ന കാലം. അതുപോലെ മത്തങ്ങ മുതലായ നടുതലയും. മേടം മാങ്ങ, ചക്ക, പച്ചക്കറികൾ ( മുരിങ്ങയ്ക്ക പടവലങ്ങാ വെളരിക്ക) ധാരാളം ഉണ്ടാകുന്ന കാലം. മേടം സൂര്യൻ തലക്കു മുകളിൽ വരുന്നു . അപ്പോൾ വർഷാദ്യമായി കണക്കാക്കുന്നു. വർഷം മുഴുവൻ ധ ന ധാന്യാദികൾ സുഭിക്ഷമായി ലഭിക്കണേ എന്ന പ്രാർത്ഥനയോടെ ഇതെല്ലാം കൂട്ടി വച്ച് രാത്രി കിടന്നുറങ്ങും,രാവിലെ ആദ്യകാഴ്ച ശുഭ ദായകമാകുവാൻ വേണ്ടി. കണി കണ്ടുണരുമ്പോൾ, കുടുബത്തിലും പുറമേയും കൃഷിയിലും മറ്റും സഹായിച്ച കുടുംബാംഗങ്ങൾക്കും സഹായികൾക്കും കാർണ വരുടെ വക ഓരോ പൊൻനാണയവും. വീട്ടിലുള്ളവർക്കും മക്കൾക്കും മാത്രമല്ല, വിഷുക്കണി വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്കും ഉണ്ടു്. തൊഴുത്തിലും ആട്ടിൻ കൂട്ടിലും നായ കൂട്ടിലും വരെ കണികാണിക്കും.പാൽകാരൻ, പത്രക്കാരൻ, മുടി മുറിക്കുന്നവൻ, തുണി അലക്കുന്നവൻ എന്നു വേണ്ട എല്ലാവർക്കും വിഷുക്കൈനീട്ടം കൊടുക്കുമായിരുന്നു.
You are not authorised to post comments.