ദുർവ്വാസാവെന്ന മഹർഷി മറ്റു മഹർഷിമാരെപ്പോലെയല്ല. മറ്റുള്ള മഹർഷിമാരൊക്കെ വൈദികസൂക്തങ്ങളും ഉപനിഷത്തിലെ കുറുകിയ വരികളുമൊക്കെ എഴുതിയപ്പോൾ ശിവപാർവ്വതിമാരെ സ്തുതിക്കുന്ന വിവരണാതീതമായ കീർത്തനങ്ങളാണ് ക്രോധഭട്ടാരകനെന്ന് പ്രസിദ്ധി നേടിയ ഈ മഹാമുനി ശാക്തശാംഭവപരമ്പരക്ക് നല്കിയത്.
ഭാവനാതീതമായ ശിവസ്വരൂപം, നിരാകാരനിർഗുണനിരഞ്ജനമഹാജ്ഞാനതത്ത്വത്തെ പ്രകാശലഹരിയായ ശുദ്ധസംവിത് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
പരശംഭുമഹിമ്നസ്തവത്തിലെ ശ്ലോകങ്ങളോട് കിടപിടിക്കുന്ന സ്തുതികൾ വേറെ ഇല്ലെന്ന് തന്നെ പറയാം. ഒരു വ്യാഖ്യാനം ലഭ്യമല്ലെന്നതാണ് കഷ്ടം. ആർക്കെങ്കിലും അറിവുണ്ടെങ്കിൽ ദയവായി എഴുതുക.
ശ്രീശംഭോ തേ മഹിമ്നഃ സ്തുതിപഥരചിതാഃ സാങ്ഗവേദാഃ സശാസ്ത്രാഃ
സിദ്ധാന്താഃ സാംഗവിദ്യാഃ സചകിതമയോ നൈവപശ്യന്തി പാരം
സാദ്യന്താസ്ത്വാമനന്തം പരമശിവഗുരും തേ കഥം വർണയേയു-
സ്തസ്മാത് പ്രജ്ഞാനുസാരാദഹമപി ഭവതഃ സ്തൌമി കിഞ്ചിച്ചരിത്രം (1)
ക്വ-ആനന്ദാത്മപ്രകാശസ്തവ പര-മഹിമാ-(അ)പാര-പീയൂഷസിന്ധു-
സ്ത്വത്ഭക്ത്യാമോദമഗ്നാഃ ക്വ ച കവിമധുപാ ബ്രഹ്മവിഷ്ണുപ്രമുഖ്യാഃ
ശ്രീശംഭോ മോഹജൃംഭോ ന ജനയതി പരാം സ്വാത്മവത്താം കിമേത-
ച്ചിത്രം തദ്വന്മയാപി സ്വമതിവിഭവതഃ സ്തൂയസേ ത്വം ന ദോഷഃ (2)
ഈവിധകീർത്തനങ്ങളോടുള്ള ആസക്തി മാത്രമാണ് ഒരു പക്ഷെ അഗ്നിയുടെ പാലം കടക്കുന്ന ആത്മാവിന് കൂട്ടായി ഉണ്ടാകുക. ജന്മാന്തരങ്ങളുടെ കൈയ്യൊപ്പായി അന്തഃരംഗത്തിൽ ആനന്ദം പകരുന്ന വരികളാണ് ദുർവ്വാസാവിന്റേത്. കീർത്തനങ്ങൾ മനഃപാഠമാക്കാൻ ഒരു പക്ഷെ എത്രയോ ജന്മങ്ങളായി ശ്രമിക്കുന്നുണ്ടാകണം.
ശ്രീമദ്ഭിർദൃശ്യഭാവൈരഹമഹമിദമിത്യാത്മജൃംഭാധിരൂഢൈ-
ർനാനാരൂപൈഃ പദാർത്ഥൈരനവധിവിഭവൈരാശുദേദീപ്യമാനഃ
സർവ്വാതീത്സ്വതമേകഃ പരശിവചരണസ്വപ്രകാശാത്മശംഭോ
നാന്യസ്ത്വത്തഃ പരോ സ്തീത്യഹമിഹ ഗുരുണാ ത്വാം സ്വഭാവൈരവൈമി (3)
ഒരു പക്ഷെ പല കീർത്തനങ്ങളും ജീവിതയാത്രയിലെ നാഴികകല്ലുകളാകാം. കാണുന്നതൊക്കെ മായയാണെന്ന് ഉദ്ബോധിപ്പിക്കുന്ന മഹാഗുരുവചനം ബാഹ്യലോകം ഉള്ളിൽ കോറിയിടുന്നതിന് പിന്നിൽ സാധൂകരണമെന്നോണം അകമ്പടിയായാണ് ഈ ശ്ലോകം കടന്നു വന്നത്.
ആത്മൈവൈഷ സ്വകീയോ നിരതിശയചിദാനന്ദസദ്-ബ്രഹ്മപൂർണോ
ജിഹ്വഃ സംസാരഭാവൈരതിദുരധിഗമൈരാത്തമായാവിലാസൈഃ
സർവ്വാത്മത്വാദനന്തസ്തവ ശിവമഹസഃ ശ്രീഗുരോഃ സത്യവാക്യൈഃ
നിസ്തർക്കോപാധിഭേദൈഃ പരമപുരുഷ തേ തത്ത്വമദ്വൈതമേതി (4)
പടിപടിയായി ശിവാദ്വൈതാത്മബോധം മഹർഷി പ്രകടമാക്കുന്നു.
ദീക്ഷാം യഃ ശാംഭവീയാം ശിവഗുരുവിഹിതാം ദിവ്യബീജാഗമോക്താം
പ്രാപ്യ ശ്രീശംഭുതാദാത്മ്യവിതരണചണാം ജന്മമൃത്യുപ്രഭേത്രീം
ഭിത്വാ ഭേദ്യം പശുത്വം പരശിവചരണധ്യാനയോഗേന പൂർണഃ
സ്വാ-ഘോരബ്രഹ്മവിദ്യാവിദിതപരപദം ബ്രഹ്മ സ പ്രൈതി വിദ്വാൻ (5)
മനുഷ്യനെന്ന പ്രതിഭാസത്തിന്റെ സ്വഭാവം തന്നെ അകവും പുറവും സദാ അവലോകനമാണ്. ഈ അവലോകനം മാത്രം മതി യുക്തിയുടെ സീമകൾക്കപ്പുറമുള്ള അതീന്ദ്രിയസത്യമാണ് താനെന്ന തിരിച്ചറിവിന്. ശാംഭവീദീക്ഷയുമായിട്ടാണ് എല്ലാ ഇരുകാലികളും ജന്മം കൊള്ളുന്നത്. അകവും പുറവും നല്കുന്ന ഉൾക്കാഴ്ചയുടെ ആഴമാണ് ഓരോരുത്തരെയും പശുവും പശുപതിയുമാക്കുന്നത്.
ബ്രഹ്മാണ്ഡം പിണ്ഡമേതത് പിതരമിവ സുതസ്തത്സമം നൈകധർമ്മം
വിജ്ഞായാ(അ)ജ്ഞാനമുക്തഃ ശിവഗുരുവചനൈരാത്മവിജ്ഞാനശാന്തഃ
സർവ്വാത്മൈകപ്രഭോസ്തേ പരശിവചരണാരാധനാസക്തചിത്തോ
യഃ കോ(അ)പ്യേക സ യോഗീ ജയതി ജനിമൃതി ഭോ മഹാമൃത്യുമൃത്യോ (6)
ജഗത്-പിതരൌ വന്ദേ പാർവ്വതീപരമേശ്വരൌ എന്ന് കാളിദാസന്റെ മംഗളശ്ലോകവും ഉണ്ട്. ബ്രഹ്മാണ്ഡം തന്നെയാണ് പിതൃരൂപമാർന്ന് ശിവരൂപമാർന്ന് ശിവഗുരുവായി വാക്കും വാഗ്മയവും സൃഷ്ടിക്കുന്നത്.