മാതൃകാപീഠം - ജ്യോതിശ്ചക്രം
- Details
- Created: Sunday, 02 April 2017 22:49
- Last Updated: Monday, 03 April 2017 07:19
- Hits: 7488
ലേഖകന് - കെ. ചന്ദ്രഹരി
ഗണേശഗ്രഹനക്ഷത്രയോഗിനീം രാശിരൂപിണീം
ദേവീം മന്ത്രമയീം നൌമി മാതൃകാം പീഠരൂപിണീം
തന്ത്രാഗമങ്ങളുടെ അതീന്ദ്രിയതലം പലപ്പോഴും സംശയഗ്രസ്തമാകാം. അവിദ്യയുടെ പൂപ്പൽ ബാധിച്ച മനോരോഗികൾക്ക് നല്ല മേച്ചിൽപ്പുറമാണ് തന്ത്രാഗമങ്ങൾ. പക്ഷെ, ഭഗവതിയെന്ന സത്യത്തെ ജാജ്ജ്വല്യമാനമാക്കുന്ന സിദ്ധവാഗ്മയത്തിന്റെ പശ്ചാത്തലം അതീന്ദ്രിയമെന്ന സത്യത്തെ അഷ്ടബന്ധം കൊണ്ട് ഉറപ്പിക്കുന്നു. നിത്യഷോഡശികാർണവം പോലെയുള്ള സിദ്ധകൃതികളിലെ വാക്കുകൾ വാഗാതീതമായ വാഗ്വീശ്വരിയുടെ വാഗ്വിലാസത്തിന് ഉത്തമോദാഹരണമാണ്.
മാതൃകാസ്തോത്രത്തിന്റെ ആദ്യസൂത്രമാണ് മുകളിൽ നൽകിയത്. മാതൃകാ-സ്തോത്രത്തിലെ ഓരോ വാക്കിലും നിക്ഷിപ്തമായിരിക്കുന്ന അർത്ഥം രോമാഞ്ചം പകരുന്ന അമൃതലഹരിയാണ്. വാക്ക് കുടമാണെങ്കിൽ അതിനുള്ളിലുള്ള അമൃതമാണ് അർത്ഥം എന്ന് അർത്ഥശങ്കയില്ലാതെ പറയാം.
ഗണേശ – ഗ്രഹ – നക്ഷത്ര – യോഗിനീം – രാശി –രൂപിണീം എന്നതിന് വർണ്ണചക്ര–മന്ത്രധാമ¬–സംവിത്സ്വരൂപ ¬–പ്രമേയപഞ്ചകം എന്നാണ് വിവരണം. സൂത്രകംഭാന്തർഗതമായ പഞ്ചമം അകാരാദിഹകാരാന്തമായ ശിവശക്തിസ്വരൂപത്തിന്റെ തന്ത്രാഗമികമായ ജ്ഞാനവിജ്ഞാനങ്ങൾ ലക്ഷ്യമാക്കിയുള്ള പരിണിതി അഥവാ സിദ്ധാനുഭൂതികളുടെ ഗണമാണ്.
ശിവാനന്ദനും വിദ്യാനാഥാനും മനോഹരമായ വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ട്.
ഗണേശാഃ ശ്രീകണ്ഠാദയോ പഞ്ചാശത് രൂദ്രാഃ
ഗ്രഹാഃ സൂര്യാദയഃ - ഷോഡശസ്വരരൂപം (സ്വരേശഃ സൂര്യോദയം ഇത്യാദി പ്രമാണങ്ങൾ ഉണ്ട്) കുജാദി താരാഗ്രഹങ്ങൾ വ്യഞ്ജനങ്ങൾക്കും – കാദിവർഗ്ഗപഞ്ചകം –അധിപതികളാണ്. ചന്ദ്രനും രാഹുവും അക്ഷരാന്തസ്ഥോഷ്മരൂപമാണ്. ചൈതന്യമെന്ന് പ്രഥമദൃഷ്ട്യാ വ്യാഖ്യാനമാകാമെങ്കിലും കൂടുതൽ ചിന്തിക്കുന്നത് നല്ലതായിരിക്കും. ക്ഷകാരമാണ് ശിഖിയെന്ന മുക്തികാരകനായ ഗ്രഹം.
നക്ഷത്രയോഗിനീം – പാരമ്പര്യസിദ്ധമായ വ്യാഖ്യാനം അശ്വിന്യാദി നക്ഷത്രങ്ങളും അവയുടെ അധിദേവതമാരും എന്നതാണ്. ചോറ്റാനിക്കരമകം സംബന്ധിച്ച ചർച്ചയിൽ മുമ്പ് ചതുഷ്ഷ്ടിയോഗിനിമാരും നക്ഷത്രങ്ങളും തമ്മിലുള്ള ബന്ധം സൂചിപ്പിച്ചിട്ടുണ്ട്.
രാശയോഃ മേഷാദികൾ പ്രസിദ്ധം. ശിവശക്ത്യാത്മകമാണ് കാലവും രാശി-നക്ഷത്രാത്മകമായ നവഗ്രഹചാരവും എന്നതിന് തന്ത്രാഗമങ്ങൾ തെളിവ് നൽകുന്നു.
അർദ്ധോന്മുക്ത ശശാങ്കകോടിസദൃശീമാപീനതുംഗസ്തനീം
ചന്ദ്രാർദ്ധാങ്കിതശേഖരാം മധുദളൈരാലോലനേത്രത്രയാം
ബിഭ്രാണാമനിശം വരം ജപവതിം ശൂലം കപാലം കരൈഃ
ആദ്യാം യൌവ്വനഗർവ്വിതാം ലിപിതനും വാഗീശ്വരീമാശ്രയേ
യോഗിനീമയി മാതൃകാചക്രം
----------------------------------------------
അ-വർഗ്ഗം ബ്രാഹ്മീ സ്വരങ്ങൾ സൂര്യൻ
ക-വർഗ്ഗം മാഹേശ്വരി ക-ഖ-ഗ-ഘ-ങ കുജൻ
ച-വർഗ്ഗം കൌമാരി ച-ഛ-ജ-ഝ-ഞ അസുരഗുരു
ട-വർഗ്ഗം വൈഷ്ണവി ട-ഠ-ഡ-ഢ-ണ ബുധൻ
ത-വർഗ്ഗം വാരാഹി ത-ഥ-ദ-ധ-ന സുരഗുരു
പ-വർഗ്ഗം ഐന്ദ്രി പ-ഫ-ബ-ഭ-മ ശനി
യ-വർഗ്ഗം ചാമുണ്ഡാ യ-ര-ല-വ ചന്ദ്രൻ
ശ-വർഗ്ഗം മഹാലക്ഷ്മി ശ-ഷ-സ-ഹ-ക്ഷ രാ-ശി
ഓരോ നക്ഷത്രത്തിനും രാശികൾക്കും അക്ഷരകല്പനയുണ്ട്. ദേവി ദ്യോതനാത്മികയാണ്, പ്രകാശശക്തിയാണ്, ജ്യോതിർമയിയാണ്. ദേവിയുടെ പീഠമാണ് വിശ്വചിത്രഭിത്തിഭൂമിയായ ജ്യോതിശ്ചക്രം. എല്ലാം തന്നെ അക്ഷരസംഭൂതമാണ്. സ്വതേജോവിജൃംഭിതാനുഗ്രാഹ്യജീവരാശിം മാതി ത്രാതീതി മാതൃകാ –അതായത് തന്റെ തേജസ്സിനാൽ വിസ്മയിപ്പിക്കപ്പെട്ട അഥവാ വിഭ്രമിപ്പിക്കപ്പെട്ട ജീവരാശിയെ തുടർന്ന് പരിരക്ഷിച്ച് തന്നിൽ തന്നെ വിലയിപ്പിക്കുന്ന, ത്രാണനം ചെയ്യുന്നവളാണ് മാതൃകാപീഠം.
സൂത്രത്തിന്റെ രണ്ടാം പകുതിയിലെ ദേവീം മന്ത്രമയീം എന്ന വിശേഷണത്തിന്റെ പൊരുൾ മുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ആദ്യ സൂത്രത്തെപ്പറ്റി തന്നെ ഒരു ഗ്രന്ഥം എഴുതാനുണ്ട്. അമ്മേ – ഇടത്തിട്ട ഭഗവതി – എല്ലാം പഠിക്കുന്നതിന് ഒരു കാലം, ഗണിക്കുന്നതിന് ഒരു കാലം, അറിയുന്നതിന് ഒരു കാലം. ഭൂമി ഒന്നാണെങ്കിലും ഇവിടെ എത്രയോ ലോകങ്ങളുടെ എത്രയോ പ്രദേശങ്ങൾ. വാക്കുകളും ഭാഷകളും എത്രയാണ്, വാക്കുകൾക്ക് അർത്ഥങ്ങളെത്രയാണ്?
ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശ വന്നപോലെ പോകും – എത്രയോ ശരിയാണ്. ശരിയായ ലോകം, ശരിയായ വാക്ക്, ശരിയായ അർത്ഥം ഇതെല്ലാം നിന്റെ നിതാന്തസാന്നിദ്ധ്യം കൊണ്ടു മാത്രം സാദ്ധ്യമാണ്.
അമൃതസ്വരൂപിണിയാണ് നീ. അക്ഷരാന്തർഗതമായ അമൃതമാണ്. നിന്റെ മാതൃകാപീഠം ജ്യോതിർലിംഗം വഹിക്കുന്ന താരാപീഠമാണ്. വാക്കും അർത്ഥവും പോലെ കുഭവും അമൃതവുമായി നീ രാ-ശിചക്രാധിഷ്ഠയാണ്.
01-04-17 22.23
You are not authorised to post comments.