കന്നി രണ്ടാം ദ്രേക്കാണം
- Details
- Created: Monday, 03 April 2017 10:04
- Last Updated: Monday, 03 April 2017 10:13
- Hits: 1010
ലേഖകന്‍ - ശ്രീനാഥ് ഒജി
കന്നി രണ്ടാം ദ്രേക്കാണത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ കൈയില്‍ വില്ലുണ്ടെന്ന് അമ്പുകൊണ്ടവര്‍ക്ക് അറിയാമായിരിക്കും.
തീര്‍ച്ചയായും തൂലികയും കൈയിലുണ്ട്. മലിനവസ്ത്രവും (സമ്പാദ്യമില്ലായ്മ) ഗുരുവും ആത്മീയതയിലും കുലത്തിലും (പിതൃയാനത്തിലും, ദ്രവീഡിയതയിലും, തന്ത്രത്തിലും) ഉള്ള താല്‍പര്യവും, ലളിതമായ ജീവിതസൌഖ്യത്തിലും ഉള്ള താല്‍പര്യവും, വരവുചെലവുകള്‍ കണക്കാക്കേണ്ട അവസ്ഥയിലാണ് എന്ന യാഥാര്‍ത്ഥ്യവും നിഷേധിക്കാവതല്ല.
ഇക്കണക്കാണെങ്കില്‍ ജീവിതം മുഴുവന്‍ ഇങ്ങനെയാവുമോ എന്നേ അറിയാനുള്ളു.
തലയിലെ കെട്ട് കഷണ്ടി മറക്കാനാണോ എന്നൊരു സംശയവും ഇല്ലാതില്ല.
കറുത്തനിറം എന്നതിനുപകരം ഇരുനിറമെന്നും, രോമിലമായ ശരീരം എന്നതിനുപകരം രോമിലമല്ലാത്ത ശരീരം എന്നുമുള്ള വ്യത്യാസം മാത്രം. ![]()
ശ്യാമളോ വിപുല കാര്‍മുകീ നരോ
ലേഖനീം വഹതി ച വ്യയായകൃത്
മൂര്‍ധ്‌നി വസ്ത്രഭൃദ(അ)തീവ രോമശഃ
കന്യകാഖ്യഭുവനേ ദ്വിതീയകഃ
- ഗുണകാരന്‍ (ഹോരാമകരന്ദം)
കറുത്തനിറമവും രോമിലമായ ശരീരവും ഉള്ളവനും, വലിയൊരു വില്ലേന്തിയവനും ആയ പുരുഷന്‍. കൈയില്‍ ഒരു തൂലികയും (എഴുത്താണി, പേന) പിടിച്ച്, തലയില്‍ ഒരു വസ്ത്രവും കെട്ടി, വരവുചെലവുകള്‍ കണക്കാക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്രകാരമാണ് കന്നിയുടെ രണ്ടാം ദ്രേക്കാണത്തിന്റെ സ്വരൂപം.
ശനിയാണ് ദ്രേക്കാണാധിപന്‍. പുരുഷദ്രേക്കാണവും സായുധദ്രേക്കാണവുമാണ്.
പുരുഷഃ പ്രഗൃഹീതലേഖനഃ
ശ്യാമോ വസ്ത്രശിരാ വ്യയായകൃത്
വിപുലം ച ബിഭര്‍ത്തി കാര്‍മുകം
രോമവ്യാപ്തതനുശ്ച മധ്യമഃ.
- വരാഹമിഹിരന്‍ (ബൃഹജ്ജാതകം)
എല്ലാം ഏതാണ്ട് ഒത്തു വന്നിട്ടുണ്ട്. (ഗുണകാരന്റെ ശ്ലോകങ്ങള്‍ താമസിയാതെ പ്രസിദ്ധീകരിക്കാനിരിക്കുന്ന പ്രശ്നാനുഷ്ഠാനപ്രദീപം ഒന്നാം ഭാഗം എന്ന എന്റെ ഗ്രന്ഥത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.)
ദ്രേക്കാണംകൊണ്ട് പലതും പറയാനാവും... ജനാര്‍ദ്ദനക്കുറുപ്പിന്‍റെ വ്യാഖ്യാനം നല്ലതാണ് (ദ്രേക്കാണസ്വരൂപങ്ങള്‍ എന്നാണ് പുസ്തകത്തിന്റെ പേര്). ദ്രേക്കാണസ്വരൂപം കൂടാതെ ദ്രേക്കാണം കൊണ്ടുള്ള ചിന്തയെക്കുറിച്ച് പല വിശേഷവിവരങ്ങളും ഹോരാമകരന്ദത്തിലും ജാതകപാരിജാതത്തിലും നല്‍കിയിട്ടുണ്ട്. ദേവപ്രശ്നത്തില്‍ ദ്രേക്കാണസ്വരൂപം എങ്ങനെ ഉപയോഗിക്കാമെന്ന് ദേവപ്രശ്നത്തില്‍ ഓണക്കൂര്‍ ശങ്കരഗണകനും, ദേവപ്രശ്നാമൃതത്തില്‍ പട്ടം കൃഷ്ണന്‍നായരും വിശദീകരിച്ചിട്ടുണ്ട്. എല്ലാം പ്രയോജനപ്രദം തന്നെ.
You are not authorised to post comments.