ചാര്‍വ്വാകന്‍
- Details
- Created: Friday, 07 April 2017 08:14
- Last Updated: Friday, 07 April 2017 08:17
- Hits: 7897
(കേരളജ്യോതിഷം ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ - ശ്രീനാഥ് ഒജി, രതീഷ് എടശ്ശേരി, പ്രസാദ് മാത്യു ചാള്‍ഡിയ തുടങ്ങിയവര്‍)
ലേഖകന്‍ - ശ്രീനാഥ് ഒജി
മനോഹരമായ ചൊല്ലിന് ഉടമയാണ് ചാര്‍വ്വാകന്‍. (ചാരു വാക് യസ്യ സ ചാര്‍വ്വാകഃ). ചാര്‍വ്വാകന്‍ ബൃഹസ്പതി തന്നെയാണെന്നും, ബൃഹസ്പതിയുടെ ശിഷ്യനാണെന്നും രണ്ടഭിപ്രായം. ദേവഗുരുവാണ് ബൃഹസ്പതി. ദേവന്മാരുടേതാണ് (ഭാരതീയരുടേതാണ്) വേദങ്ങള്‍. അസുരന്മാരുടേതും (അസീറിയക്കാരുടേയും, ഇറാന്‍കാരുടേയും) കൂടിയാണ് വേദങ്ങളെങ്കിലും അസുരഗുരു ശുക്രാചാര്യനായിരുന്നുവല്ലോ.
യാവജ്ജീവം സുഖം ജീവേത് നാസ്തി മൃത്യോരഗോചരഃ
ഭസ്മീഭൂതസ്യ ദേഹസ്യ പുനരാഗമനം കുതഃ
[ജീവിച്ചിരിക്കുന്നിടത്തോളം കാലം സുഖമായി ജീവിക്കണം. മരണത്തിന്റെ കണ്ണില്‍പ്പെടാത്തതായി ഒന്നുംതന്നെയില്ല. ഭസ്മമായിക്കഴിഞ്ഞ ശരീരം എങ്ങനെ തിരിച്ചുവരാനാണ്?! (ഈ ശരീരം ഒരിക്കലും തിരികെ കിട്ടില്ല)]
എന്നാണ് ചാര്‍വ്വാകസിദ്ധാന്തം. ഇതു തന്നെയാണോ ഭസ്മാന്തം ശരീരം (ശരീരം മരണം വരെയേയുള്ളു) എന്നു പറയുമ്പോള്‍ വേദങ്ങളും ചൂണ്ടിക്കാട്ടുന്നത്? ശരീരം മരണം വരെയേയുള്ളു, അതുകൊണ്ട് സുഖിക്കണം ശരീരത്തെ ആഘോഷിക്കണം, സംരക്ഷിക്കണം തുടങ്ങിയതൊക്കെ മനസ്സിക്കാം. ആഴണം വാഴണം സുഖം എന്നാണല്ലോ നാരായണഗുരുപോലും പറയുന്നത്. പക്ഷെ മരണാനന്തരവും നിലനില്‍ക്കുന്ന ആത്മാവ് ഉണ്ടെന്നും പുനജ്ജന്മമുണ്ടെന്നും മറ്റും വേദങ്ങള്‍ അംഗീകരിക്കുന്നതുപോലെ, ചാര്‍വ്വാകനും അംഗീകരിക്കുന്നുണ്ടോ ആവോ! ഏതായാലും ഈയൊരു ശ്ലോകം കൊണ്ട് അക്കാര്യം വ്യക്തമാവുന്നില്ല. മറ്റൊന്നുള്ളത് വൈദികദര്‍ശനം ചാര്‍വ്വാകദര്‍ശനം തന്നെയാണോ എന്നും, അതുകൊണ്ടാണോ ബൃഹസ്പതി ദേവന്മാരുടെ (മദ്യാസക്തരായ സുരന്മാരുടെ) ദേവനായതും എന്നാണ്. പാഖണ്ഡി (വേദവിരുദ്ധം സംസാരിക്കുന്നവന്‍) എന്നു നിങ്ങളെന്നെ വിളിക്കേണ്ട, ഇത് വേദാനുസാരിയാണ്!
ജനത്തിന് അതായത് ലോകര്‍ക്ക് ചാര്‍വ്വാകമതാനുസരണം ഇഷ്ടമായ കാരണത്താല്‍ ലോകത്തില്‍ പ്രചരിച്ചത് (ലോകേ ആയതം ഇതി ലോകായതം) എന്ന അര്‍ത്ഥം വരുന്ന തരത്തില്‍ ചാര്‍വ്വാകമതത്തിന് ലോകായതം എന്നും പേരു ലഭിച്ചുവത്രേ.
ചാര്‍വ്വാകനാണ് ബൃഹസ്പതി എന്നൊരു വാദഗതിയുണ്ട് എന്നു പറഞ്ഞുവല്ലോ. ബ്രാഹസ്പത്യമുഹൂര്‍ത്തപടലം പോലുള്ള ജ്യോതിഷഗ്രന്ഥങ്ങളും എഴുതിയത് ബൃഹസ്പതിയാണെന്ന് കരുതപ്പെടുന്നു. ഈ രണ്ടു ബൃഹസ്പതിയും ഒരാളാവുമോ? ആവാനിടയില്ലെന്നാണ് തോന്നുന്നത്.
ബൃഹസ്പതി പണ്ടേ ദേവഗുരുവാണെങ്കിലും വൈദികഗുരുവായിരുന്നെങ്കിലും ശരി, ഒരു പക്ഷെ ഇതില്‍നിന്നും ഭിന്നനായ മറ്റൊരു ബൃഹസ്പതിയും ഒരുപക്ഷെ ആ ബൃഹസ്പതിതന്നെയോ അദ്ദേഹത്തിന്റെ ശിഷ്യനോ ആയ ചാര്‍വ്വാകനും വേദാനുകൂലികളും ആയിരുന്നുവെന്നു തോന്നുന്നില്ല. അവരുടെ വാക്കുകള്‍ കേള്‍ക്കുക. ബൃഹസ്പതി പറയുകയാണ് -
ന സ്വര്‍ഗോ നാപവര്‍ഗോ വാ നൈവാത്മാ പാരലൌകികഃ
നൈവ വര്‍ണാശ്രമാദീനാം ക്രിയാശ്ച ഫലദായികാഃ
[സ്വര്‍ഗ്ഗവുമില്ല, നരകവുമില്ല, പരലോകത്തെത്തിച്ചേരുന്ന ഒരാത്മാവുമില്ല. വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ (ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര എന്നീ വര്‍ണധര്‍മ്മങ്ങളോ, ബ്രഹ്മചര്യം-ഗാര്‍ഹസ്ഥ്യം-വാനപ്രസ്ഥം-സന്യാസം എന്നീ ആശ്രമധര്‍മ്മങ്ങളോ)അനുഷ്ഠിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല.]
അഗ്നിഹോത്രം ത്രയോവേദസ്ത്രിദണ്ഡം ഭസ്മഗുണ്ഠനം
ബുദ്ധിപൌരുഷഹീനാനാം ജീവിതാഃ ധാതൃനിര്‍മ്മിതാ
[അഗ്നിഹോത്രം, മൂന്നു വേദങ്ങള്‍, ത്രിദണ്ഡ്, ഭസ്മം പൂശുക ഇവയൊക്കെ ബുദ്ധിയും പൌരുഷവും ഇല്ലത്തവരുടെ (ബ്രാഹ്മണരുടെ) ഉപജീവനത്തിനായി ബ്രഹ്മാവ് ഉണ്ടാക്കിയവയാണ്! (ഇതൊന്നും ബ്രഹ്മസൃഷ്ടമല്ല മനുഷ്യസൃഷ്ടമാണ് എന്ന പരിഹാസ വ്യംഗ്യം.)]
ആശാനടവതിലൊന്നു പീഴച്ചാല്‍ ശിഷ്യന്നംബത്തൊന്നുപിഴക്കും! ഗുരുവും ശിഷ്യനും - ബൃഹസ്പതിയും ചാര്‍വ്വാകനും - അടിപൊളി! നിങ്ങള്‍ക്കെന്താണ് ഇതേക്കുറിച്ച് പറയാനുള്ളത്?
തുടര്‍ചര്‍ച്ച
ശ്രീനാഥ് ഒജി:
യാവത് ജീവേത് എന്നിത്യാദി ശ്ലോകത്തിന് ഒരു പാഠഭേദവും കേട്ടിട്ടുണ്ട്.
യാവത് ജീവേത് സുഖം ജീവേത്, ഋണം കൃത്വാ ഘൃതം പിബേത്
ഭസ്മീഭൂതസ്യദേഹസ്യ പുനരാഗമനം കുതഃ
[ജീവിക്കുന്നിടത്തോളം കാലം സുഖമായി ജീവിക്കണം. കടം വാങ്ങിയാണെങ്കിലും നെയ്യു കുടിക്കണം (നെയ് കൂട്ടി സുഭിക്ഷമായി ഭക്ഷണം കഴിക്കണം). ശരീരം നശിച്ചുകഴിഞ്ഞാല്‍ (വീണ്ടും ശാരീരികസൌഖ്യങ്ങള്‍ അനുഭവിക്കുന്നതിനായി) ശരീരം എവിടെ തിരിച്ചുവരാനാണ്? (ശരീരമുള്ളപ്പോള്‍ സുഖിക്കണം, മരണത്തോടെ എല്ലാം അവസാനിക്കുന്നു.)]
രതീഷ് എടശ്ശേരി:
സത്യം തിരിച്ചറിയാന്‍ മരണം തന്നെ ആശ്രയം!
പ്രസാദ് മാത്യു ചാള്‍ഡിയ:
ഇതാണ് Prof. A.T Kovoor ഇദ്ദേഹം മാർത്തോമ്മ സഭയിലെ (Marthoma Church) അറിയപ്പെടുന്ന ഒരു പുരോഹിതൻറെ മകനാണ് ഒടുവിൽ ഇദ്ദേഹം ലോകം അറിയുന്ന നിരീശ്വര വാദിയായിത്തീർന്നു.!! കാലാ കാലങ്ങളിൽ ചാർവ്വാകനെപ്പോലെയുള്ളവർ ഉണ്ടായിട്ടുണ്ട് ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാൻ ഇത്തരം ആശയങ്ങൾ വേണ്ടി വരും എന്നു തോന്നുന്നില്ല.!! ചാർവ്വാക മതത്തിൽ വിശ്വസിക്കുന്നവർ അങ്ങോട്ടു പോകട്ടെ ഭാര്യയും മക്കളും താൻ പറയുന്നതു മാത്രമെ കേൾക്കാവൂ എന്നു മാത്രം വാശി പിടിക്കരുത്.!!

ശ്രീനാഥ് ഒജി:
കോവൂരിന്റെ സമ്പൂര്‍ണകൃതികള്‍ വായിച്ച ഹതഭാഗ്യനാണ് ഞാന്‍... ഓര്‍മ്മിക്കത്തക്ക ഒരു വരിപോലും നല്‍കാത്ത ജേര്‍ണലിസ്റ്റിക് ചവറാണ് ആ എഴുത്തു മുഴുവന്‍ എന്നു പറയേണ്ടിവരുന്നതില്‍ സങ്കടോണ്ട്....
You are not authorised to post comments.