മുഖപുസ്തകം (ഫെയ്സ്ബുക്ക്)
- Details
- Created: Thursday, 27 April 2017 04:07
- Last Updated: Wednesday, 01 November 2017 09:39
- Hits: 8244
ആശ്വാസമേകുംമുഖപുസ്തകത്തിൽ
ആനന്ദമേകുന്നിതു സൗഹൃദങ്ങൾ
ആരാകിലും ദൂരെയിരുന്നു കൊണ്ടും
ആഹ്ലാദമായ് സൗഹൃദമേകി നില്പൂ
(മുഖപുസ്തകം = Facebook)
ഇന്നില്ല നിന്നെ പിരിയുന്ന നേരം
ഇന്നെപ്പൊഴും നിൻ മുഖ ചിന്ത മാത്രം
ഇന്നിന്ദ്രിയങ്ങൾ തവദാസരല്ലോ
ഇന്ദ്രൻ' ഭവാൻ 'ആനന പുസ്തകേന്ദ്ര!
ഈണങ്ങൾ നീയാണഖിലം ജഗത്തിൽ
ഈശൻ ഭവാൻ ട്രോളിലുമഗ്രഗണ്യൻ
ഈ സ്ഥാനമേൽക്കാൻ പലർ ആപ്പുവച്ചൂ
ഈടുറ്റ നിൻ കാൽക്കലടിഞ്ഞമർന്നു
(വാട്സാപ്പ് FB യിൽ ചേർന്നു)
ഉണ്ണാനുടുക്കാൻ സമയം കുറഞ്ഞു
ഉന്മത്തരായ് ഞങ്ങൾ നുകർന്നു നിന്നെ
ഉത്കണ്ഠയാൽ നിന്റെ മുഖത്തു നോക്കി
ഉണ്ടാക്കിടും കുണ്ഠിതമല്പമല്ല............!
ഊഹിപ്പതിന്നോപണി ഇല്ലിതെന്നാൽ
ഊർദ്ധ്വൻവലിക്കുംവരെ നിന്നെ വേണം
ഊടാണ് പാവാണിതു ജീവിതത്തിൽ
ഊനം വരുത്തും സമയത്തിനും നീ....
(ഊടും പാവും = വസ്ത്രത്തില്‍ നെടുകെയും കുറുകേയുമുള്ള നൂലുകള്‍)
ഋദ്ധിപ്രദം നന്മ നിറഞ്ഞ ചിത്രം,
ഋഗ്വേദവും, യാജുഷ, ജ്യോതിഷങ്ങൾ
ഋജ്വായിടും വാർത്തയുമേകിടുന്നു
ഋഷ്യാത്മകം ചിന്ത പകർന്നിടുന്നു
(ഋദ്ധിപ്രദം = അഭ്യുന്നതിപ്രദം)
ക്ഌപ്തങ്ങളായ് വായന പുസ്തകത്തിൽ
ക്ഌപ്തങ്ങളായ് സൗഹൃദ യാത്ര പോലും
ക്ഌപ്തപ്പെടുത്തീ പലരും മയക്കം
ക്ഌപ്തങ്ങളായ് ഈശ്വര ദർശനങ്ങൾ
(ക്ഌപ്തം, ക്നുപ്തം, ക്ലിപ്തം = ലിമിറ്റഡ്, നിയന്ത്രിതം.)
എന്താണു ചെയ്യേണ്ടതുമെന്നു ചൊല്ലും
എന്തും നടത്താൻ കഴിവും തരുന്നു
എന്നാൽ തരും ദോഷമനേകമുണ്ടേ
എല്ലാർക്കുമേൽക്കില്ലതുനിർണ്ണയം താൻ
ഏതാണു സത്യം പൊളിയേതിലാകാം?
ഏതാണെനിക്കേറ്റവുമുത്തമം താൻ?
ഏതാണെനിക്കാത്മസുഹൃത്തതെന്നും
ഏകുന്നു മാർഗ്ഗം പല രീതിയിൽ നീ
(പൊളി = കള്ളം)
ഐശ്വര്യമോലും പല ഭാവമാർന്നും
ഐഫോണുകൾ നാട്ടിൽ നിറഞ്ഞു നില്പൂ
ഐസ്പെഷ്യലിസ്റ്റിന്നിതു നല്ല കാലം,
ഐക്യത്തിലായ് ചാറ്റുകൾ ചീറ്റലായി
(ഐസ്പെഷ്യലിസ്റ്റ് = നേത്രരോഗവിദഗ്ദ്ധനെന്നും, ഐഫോണ്‍ സ്പെഷ്യലിസ്റ്റെന്നും രണ്ടര്‍ത്ഥം.)
ഒട്ടല്ലൊരാശ്വാസമിതെന്ന സത്യം
ഒന്നിച്ചിടാൻ നന്മമരത്തണൽക്കൽ
ഒന്നിച്ചുസെൽഫിക്കൊരുപോസിനായി
ഒട്ടും മടിക്കില്ല യുവാക്കൾ സത്യം
(നന്മമരം = കേരളജ്യോതിഷം FB കൂട്ടായ്മയുടെ പേര്.)
ഓർക്കുട്ടുമാറീട്ടിതു വന്ന ശേഷം
ഓർക്കാതെയായ് ലേഖന വിദ്യ പോലും
ഓർക്കാതെ ഞെക്കീട്ടിതുപാരയായീ -
ഓർക്കാവതല്ലേ! പുകിലെന്തുമാകാം!
(ഓര്‍ക്കുട്ട് = Google Orkut. A discarded social platform)
ഔദാര്യമേകാൻ വഴിയായ് ചിലർക്കോ
ഔദാര്യമില്ലാത്തവർ ട്രോളിടുന്നു
ഔപാസനം നിത്യമിതാം ചിലർക്കോ
ഔന്നത്യമാർന്നുള്ളവരോ ചുരുക്കം
(ട്രോള്‍ = Troll. നെറ്റിലെ ഫലിതപ്രിയരായ പരദൂഷണക്കാരെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുുന്ന പദം. As per flock-lore an ugly cave-dwelling creature depicted as either a giant or a dwarf.)
അംബാനി നൽകീ സുദിനങ്ങൾ നീളേ
അംബാനിമാർഗ്ഗം പലരും നടന്നു
അംശം ഗുണം കുടുതൽ തങ്ങളെന്നായ്
അംഗീകരിക്കപ്പെടുവാൻ കയർത്തൂ
(അംബാലി Reliance LYF കണക്ഷനുകളിലൂടെ Internet ഫ്രീയായി കൊടുത്തകാര്യവും, ഒത്തിരിപ്പേര് Reliance 4G കണക്ഷന് എടുത്തകാര്യവും ഓര്‍മ്മിക്കുന്നു.)
(അ മുതല്‍ അം വരെയുള്ള അക്ഷരങ്ങള്‍ അഥവാ സ്വരാക്ഷരങ്ങളെല്ലാം കഴിഞ്ഞ സ്ഥിതിക്ക് ഇനി സമാപനശ്ലോകമാവാം.)
അത്രക്കിതിൻ ശൃംഖലയാണിതെങ്ങും
അസ്വാസ്ഥ്യമേകുന്നതുമോർക്കണം നാം
അല്പങ്ങളല്ലാ ഗുണവും വിചിത്രം
അർപ്പിച്ചിടാം ഈശ്വരനിശ്ചയത്തിൽ
- വിഷ്ണുനമ്പൂതിരി
തുടര്‍ചര്‍ച്ച
(ഈ കവിതയ്ക്ക് നന്നായി, അഭിനന്ദനങ്ങള്‍, അടിപൊളി, കൊള്ളാം തുടങ്ങി ധാരാളം അഭിനന്ദനങ്ങള്‍ കിട്ടി. വിഷ്ണുനമ്പൂതിരി നന്ദിയും രേഖപ്പെടുത്തി. വിശേഷമായിട്ടുള്ളത് താഴെച്ചേര്‍ക്കുന്നു.)
അനില്‍ കാടൂരാന്‍:
കല്പതരു എന്നൊക്കെ പറയുന്നത് ഇജ്ജാതി മൊതലിനാ... അഭിനന്ദനങ്ങൾ പ്രീയചങ്ങാതി..
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
ഇനിയീമൊന്നു കൂടിയെഴുതണം
വാട്ട്സപ്പെന്നാണിതിന്റെ പേര്
ഊരിലുള്ളാള്ക്കെല്ലാം സന്ദേശമയച്ചിടാന്
അതുകൂടിയെഴുതൂ മടിച്ചിടാതെ
ശ്രീനാഥ് ഒജി:
സൌഹൃദത്തിന് കിളിത്തൂവല്ത്തിളക്കമായ്
വിജ്ഞാനമായ് നറും പുഞ്ചിരിത്തെന്നലായ്
സ്നേഹമായ് ചിരിയായ് നറും സൌഹൃദത്തിന്റെ
മഴവില്‍ വിരിക്കുന്നു വിഷ്ണുനമ്പൂതിരി............
ഭാഷയില്‍ ദൂരങ്ങളാഴങ്ങള് അറിവുകള്‍
ശാസ്ത്രവിജ്ഞാനം പുരാകഥാശകലങ്ങള്
സദ്വചനങ്ങള്‍ വിലാസരസങ്ങളും
ജ്യോതിഷം തന്ത്രവും വാസ്തുവും ചേര്‍ത്തിടും
മത്സഖേ ജീവിക്ക ശരദശതം സുഖം
വിജ്ഞാനസ്തന്യം കുടിച്ചു രസിക്കുക
ഗ്രന്ഥശതങ്ങള് രചിച്ചങ്ങു ദേവിതന്‍
മന്ത്രാക്ഷരമായ് തിളങ്ങിനിന്നീടുക....
വിഷ്ണുനമ്പൂതിരി:
ശ്രീനേർന്നിടും വാക്കിനാൽ നിങ്ങളെൻ ചിത്തേ
ശ്രീചേർത്തു മാരിവിൽ വർണ്ണം തെളിച്ചിതാ,
ശ്രീയാർന്ന കേരള ജ്യോതിഷ സൗഹൃദേ
ശ്രീനാഥദേവൻ അനുഗ്രഹിച്ചീടട്ടെ
വിജയാമേനോന്‍:
ജീവിത പന്ഥാവിൽ ജീവനമാകുന്ന
നറുതേൻ മലരുകൾ നിങ്ങളല്ലോ
എന്നെന്നുമീ സ്നേഹം നിലനിന്നു കാണുവാൻ
ദേവേശാ നീതന്നെ തുണയാകണേ.
റീനാ പികെ:
മാഡവും. തുടങ്ങിയോ... എനിക്ക് വയ്യേ.. നിങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാൽ നമ്മളൊക്കെ എന്തു ചെയ്യും.
ശ്രീനാഥ് ഒജി:
ആപ് ഭീ കുഛ് കരോ ന...... ഹിന്ദീ ഹേ ഹം ഹിന്ദൂ ഹൈ......
കംബത് സബാന് ഛോട്തേ നഹീം ഹം കോ
ഖ്യാല്‍ ആത്തേ ഹൈം ആപ്കോ ദേഖ്കേ ഹിന്ദി കീ...
ജാന്‍ ജായേം പര് ഏക് ദിന് ആപ് കോ ഭീ ഹം
കവി ബനാകേ ഹീ ഛോഡേംഗേ മാഡം......
റീനാ പികെ:
ഈശ്വരാ ഇത് എന്നെ ഓടിക്കാനാണോ...
അനില്‍ കാടൂരാന്‍:
ഇവിടെന്തേലുമൊക്കെ നടക്കും... കവിത... കഥ... ഗ്രൂപ്പ് മാറിയോ ആവോ.... ദാ ഇപ്പ ഹിന്ദിയും...!
മനോജ് വി:
ആദ്യമായ് കേട്ട വാണീ മന്ത്രം
ആകാശവാണി തിരോന്തരം
ആലപ്പുഴ അപ്പുഴ കടന്നവൻ
ആ രാമചന്ദ്രൻ സംഘിയല്ല...
You are not authorised to post comments.