പ്രശ്നമാര്‍ഗം ശ്ലോകം - 8,9
- Details
- Created: Monday, 03 April 2017 11:09
- Last Updated: Wednesday, 05 April 2017 17:08
- Hits: 2035
(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ പ്രശ്നമാര്‍ഗം പൂര്‍വാര്‍ധം ഒന്നാം അധ്യായത്തിലെ 8,9 എന്നീ ശ്ലോകങ്ങളെക്കുറിച്ചു നടന്ന ചര്‍ച്ചയാണ് ക്രോഡീകരിച്ച് താഴെച്ചേര്‍ത്തിട്ടുള്ളത്. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ - വിജയാമേനോന്‍, വിഷ്ണു നമ്പൂതിരി, ചന്ദ്രകുമാര്‍ മുല്ലച്ചേരി, ശ്രീനാഥ് ഒജി, അനില്‍ കാടൂരാന്‍, മനോജ് വി, വികെ സന്തോഷ് പണിക്കര്‍ തുടങ്ങിയവര്‍)
ശ്ളോകം - 8
ജന പുഷ്ടിക്ഷയ വൃഷ്ടി ദ്വിരദതുരംഗാദി സകല വസ്തൂനാം
കേതുൽക്കാദീനാം വാ ലക്ഷണമുദിതം ഹി സംഹിതാ സ്കന്ധേ
ഇവിടെ നിമിത്തലക്ഷണങ്ങളാണ് വിസ്തരിക്കുന്നത് 'ജനങ്ങൾ നശിക്കുന്നത്, പുഷ്ടിപ്പെട്ടു വരുന്നതു്,വർഷം ഉണ്ടാകുന്നതു് ഇല്ലാതെയാവുന്നത് ഇതുകൾക്കുള്ള ലക്ഷണവും ആന, കുതിര, മുതലായ ജന്തുക്കളുടെ ശുഭാശുഭലക്ഷണങ്ങളും കൊള്ളിമീൻ ,ധൂമകേതു, മുതലായവു ഉദയവും സ്വരുപവും മറ്റും സംഹിതാ സ്കന്ധത്തിലാണ് കാണുക. ഇവയെല്ലാം നിമിത്തത്തിൽ ഉൾപ്പെടുന്നു.
ശ്ളോകം - 9.
പ്രമാണ ഫല ഭേദേന ദ്വിവിധം ച ഭവേദിദം
പ്രമാണം ഗണിത സ്കന്ധ: സ്കന്ധാവന്യൌ ഫലാത്മകൗ
ഇതി.
ജ്യോതിശാസ്ത്രത്തെ പ്രമാണമെന്നും ഫല ഭാഗമെന്നും രണ്ടായി തിരിക്കാം. ഗണിത സ്കന്ധം പ്രമാണ ഭാഗമെന്നും സംഹിതാ സ്കന്ധവും ഹോരാ സ്കന്ധവും ഫല ഭാഗമെന്നും പറയും .( ഇവിടെ ഇതി എന്ന വാക്കുകൊണ്ടു് ജ്യോതിശാസ്ത്ര സ്വരൂപത്തെ വർണ്ണിച്ചു കഴിഞ്ഞുമെന്ന് ദ്യോതിപ്പിക്കുന്നു)
ജന പുഷ്ടിക്ഷയ വൃഷ്ടി ദ്വിരദതുരംഗാദി സകല വസ്തൂനാം
കേതുൽക്കാദീനാം വാ ലക്ഷണമുദിതം ഹി സംഹിതാ സ്കന്ധേ
ജനങ്ങളുടെ അഭിവൃദ്ധി (രാജ്യാഭിവൃദ്ധി, രാജ്യത്തിന്റെ പുരോഗതി), ജനക്ഷയം (രാജ്യനാശം, രാജ്യത്തിന്റെ അധോഗതി), മഴ (മഴയുടെ അളവ്, ഈ വര്‍ഷം എത്ര മഴ ലഭിക്കും എന്നുള്ളത്), ആന-കുതിര തുടങ്ങി ജന്തുക്കളുടെയും (രത്നം തുടങ്ങിയ) സകല വസ്തുക്കളുടെയും ധൂമകേതു-ഉല്‍ക്ക തുടങ്ങിയവയുടെയും മറ്റും (ശുഭാശുഭ) ലക്ഷണമാണ് (പ്രധാനമായും) സംഹിതാസ്കന്ധത്തില്‍ പറയപ്പെട്ടിട്ടുള്ളത്.
ഇതു വെറും സാമ്പിള്‍! ഇതൊന്നും മാത്രമല്ല ഇവിടെ പറഞ്ഞതും പറയാത്തതുമായ ഒട്ടനവധി വിഷയങ്ങളുടെ സമാഹാരമാണ് സംഹിതാസ്കന്ധം എന്നറിയാന്‍ ബൃഹത്സംഹിത ഒന്ന് ഓടിച്ചു നോക്കിയാല്‍ മതി! ബൃഹത്സംഹിതപോലും സംഹിതാവിഷയങ്ങള്‍ പൂര്‍ണമായും പ്രതിപാദിക്കുന്നില്ല എന്നതാണ് വാസ്തവം. കാലാനുസരായിയായി പല വിഷയങ്ങളും ജ്യോതിഷിക്ക് പഠിക്കേണ്ടതായി വരാം. അവയെല്ലാം സംഹിതാസ്കന്ധത്തില്‍ ഉള്‍പ്പെട്ടു വരുന്നവ തന്നെ. സംഹിത എന്ന വിഷയത്തിന് Collection (മറ്റു വിജ്ഞാനശാഖകളില്‍ നിന്ന് തനിക്ക് ഉപയോഗപ്രദമായവ സമാഹരിച്ചത്) എന്നാണല്ലോ അര്‍ത്ഥം. അതിനാല്‍ ഗണിതസ്കന്ധത്തിലും ഹോരാസ്കന്ധത്തിലും ഉള്‍പ്പെടുത്താനാവാത്തത് എന്തെല്ലാമുണ്ടോ അവയെല്ലാം സംഹിതാസ്കന്ധത്തില്‍ ഉള്‍പ്പെട്ടുവരുന്നവയാണ് എന്നറിയണം.
സംഹിതാസ്കന്ധത്തില്‍ എന്തെല്ലാം ഉള്‍പ്പെട്ടുവരും എന്നതിന്റെ സൂചനയും വിശദീകരണങ്ങളും ബൃഹത്സംഹിതയില്‍ ലഭ്യമാണ്. അഥര്‍വവേദപരിശിഷ്ടമാണ് ഭാരതത്തിലെ ആദ്യത്തെ ജ്യോതിഷസംഹിതാഗ്രന്ഥം. സാംവത്സരികനും (ജ്യോതിഷിയും) അഥര്‍വനും (പുരോഹിതനും) അറിഞ്ഞിരിക്കേണ്ട വിഷയങ്ങളുടെ സമാഹാരമാണ് അഥര്‍വവേദപരിശിഷ്ടം. വസന്തരാജശകുനം എന്നത് നിമിത്തത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് പ്രാചീനകാലത്തുണ്ടായ ഒരു സംഹിതാഗ്രന്ഥമാണ്. 12-ആം നൂറ്റാണ്ടില്‍ ഒറീസയിലെ രാജാവായിരുന്ന ബല്ലാലസേനന്‍ രചിച്ച അത്ഭുതസാഗരം എന്ന ഗ്രന്ഥവും സംഹിതാഗ്രന്ഥം തന്നെ.
ഋഷിപുത്രസംഹിത, പരാശരസംഹിത, ഗര്‍ഗസംഹിത, കാശ്യപസംഹിത, വസിഷ്ഠസംഹിത തുടങ്ങി ഒട്ടേറെ പ്രാചീനസംഹിതാഗ്രന്ഥങ്ങളുടെ ചുവടുപിടിച്ചാണ്, അത്തരം ഒട്ടനേകം പ്രാചീന സംഹിതാഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിട്ടുള്ള വിഷയങ്ങള്‍ സമാഹരിച്ചാണ് പില്‍ക്കാല സംഹിതാഗ്രന്ഥങ്ങളെല്ലാം എഴുതപ്പെട്ടത്. പ്രസിദ്ധീകൃതം അല്ലെങ്കില്‍ക്കൂടി കാശ്യപസംഹിത, ഗര്‍ഗസംഹിത തുടങ്ങിയ പല സംഹിതാഗ്രന്ഥങ്ങളുടെയും മാനുസ്കൃപ്റ്റ് ഇന്നും ലഭ്യമാണ്.
എന്തുകൊണ്ട് ഗണിതം, ഹോര തുടങ്ങി മറ്റൊന്നിനും നിര്‍വചനം പറയാതിരുന്ന പ്രശ്നമാര്‍ഗാചാര്യന്‍ സംഹിതയ്ക്കുമാത്രം ഒരു നിര്‍വചനം (പ്രമാണശ്ലോകം) പറഞ്ഞു?
ഇതിന് കാരണമുണ്ട്. ഗണിതത്തിന്റെ ഹോരയുടെയും നിര്‍വചനങ്ങള്‍ പ്രസിദ്ധമാണ്, പക്ഷെ സംഹിതാസ്കന്ധത്തിന് സുവ്യക്തവും പ്രസിദ്ധവുമായ ഒരു നിര്‍വചനം ലഭ്യമല്ലായിരുന്നു എന്നതുതന്നെ കാരണം. അതിനാലാണ് സംഹിതാസ്കന്ധത്തിന്റെ നിര്‍വചനം പ്രശ്നമാര്‍ഗാചാര്യന്‍ കണ്ഠശഃ നല്‍കുന്നത്. മറ്റുള്ളവര്‍ക്ക് അറിയാത്തതും അഥവാ എല്ലാവരും പറഞ്ഞിട്ടില്ലാത്തതും ആയ കാര്യങ്ങള്‍ സുവ്യക്തമായി എടുത്തുപറയുമ്പോഴാണല്ലോ ഒരു പുസ്തകം പ്രയോജനപ്രദമാവുന്നത്. പ്രശ്നമാര്‍ഗത്തിന്റെ കാര്യത്തിലും ഇത് സത്യം തന്നെ.
പ്രമാണ ഫല ഭേദേന ദ്വിവിധം ച ഭവേദിദം പ്രമാണം ഗണിത സ്കന്ധ: സ്കന്ധാവന്യൌ ഫലാത്മകൗ
ജ്യോതിശാസ്ത്രത്തെ പ്രമാണമെന്നും ഫല ഭാഗമെന്നും രണ്ടായി തിരിക്കാം. ഗണിത സ്കന്ധം പ്രമാണ ഭാഗം. സംഹിതാസ്കന്ധവും ഹോരാ സ്കന്ധവും ചേര്‍ന്നതാണ് ഫലഭാഗം.
പ്രമയെ ജനിപ്പിക്കുന്നതെന്തോ, വസ്തുസ്ഥിതിയെ യാഥാര്‍ത്ഥ്യത്തെ ബോധിപ്പിക്കുന്നതെന്തോ അതാണ് പ്രമാണം. പ്രമാണത്തില്‍ ഊഹാപോഹങ്ങളില്ല, കൃത്യമായ നിര്‍ണയങ്ങളേയുള്ളു. അതിനാലാണ് ഗണിതസ്കന്ധമാണ് പ്രമാണം എന്നു പറഞ്ഞത്. കൃത്യതയുള്ള ഗണിതം. ഇന്ന് Mathematics (Asthmatics, Geometry, Spherical Geometry, Trigonometry, Calculus) എന്നു പറയുന്നവയും, Astronomy യും Astronomical Mathematics-ഉം എല്ലാം ഇതില്‍ അന്തര്‍ഭവിച്ചുവരും. ഫലഭാഗം അത് നിമിത്തവുമായോ ജാതകവുമായോ പ്രശ്നവുമായോ മുഹൂര്‍ത്തവുമായോ കലണ്ടര്‍ഗണിതവുമായോ വര്‍ഷഫലവുമായോ എന്തുമായി ബന്ധപ്പെട്ടതാണെങ്കിലും ശരി അത് ഗണിതസ്കന്ധത്തില്‍ അന്തര്‍ഭവിച്ചു വരുന്നതല്ല.
ഈ അര്‍ത്ഥത്തില്‍ ശ്ലോകങ്ങളെ പ്രമാണങ്ങള്‍ എന്നു വിളിക്കാനാവില്ല. എങ്കിലും ഫലപ്രവചനത്തിന്റെ കാര്യം വരുമ്പോള്‍ വസ്തുസ്ഥിതി നിര്‍ണയിക്കാനുതകുന്ന ആധികാരികശ്ലോകങ്ങളെ ജ്യോതിഷികള്‍ പലപ്പോഴും പ്രമാണം എന്നു വിശേഷിപ്പിക്കാറുണ്ട്. അതും അംഗീകരിക്കത്തക്കതുതന്നെ. പ്രാമണം എന്ന വാക്കിന് Proof, Evidence എന്നെല്ലാം അര്‍ത്ഥം പറയാമെന്നു തോന്നുന്നു.
സംഹിതാസ്കന്ധവും (നിമിത്തം, ഭൂകമ്പപഠനം, കാലാവസ്ഥാനിരീക്ഷണം, ജലനിര്‍ണയം, മൃഗപക്ഷി നിരീക്ഷണം, മൃഗപക്ഷിചികിത്സ, സാമുദ്രികശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, കാമശാസ്ത്രം എന്നിത്യാദി), ഹോരാസ്കന്ധവും (ജാതകം, പ്രശ്നം, മുഹൂര്‍ത്തം, ഗോചരം, വര്‍ഷഫലം എന്നിത്യാദി) ഫലഭാഗത്തില്‍ ഉള്‍പ്പെട്ടുവരുന്നവയാണ്.
ഇതി. പ്രശ്നമാര്‍ഗാചാര്യന്റെ മറ്റ് ഏതെങ്കിലും പുസ്തകത്തില്‍ നിന്ന് ശ്ലോകങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ ആ ഉദ്ധരണി തീര്‍ന്നു എന്നു കാണിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വാക്കാണ് ഇതി. "ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു" എന്നര്‍ത്ഥം. പലപ്പോഴും ഒരു വിഷയത്തിന്റെ ചര്‍ച്ച പൂര്‍ത്തിയായി എന്നു സൂചിപ്പിക്കാനും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് ജ്യോതിശാസ്ത്രസ്വരൂപം എന്ന വിഷയം അവതരിപ്പിച്ചുകഴിഞ്ഞിരിക്കുന്നു എന്നു സൂചിപ്പിക്കാനാണ് ഇവിടെ ഇതി എന്ന വാക്ക് ഉപയോഗിച്ചത് എന്നു വ്യാഖ്യാനിച്ചാലും തെറ്റല്ല.
സംഹിതയില്‍ ഒട്ടുവളരെ വിഷയങ്ങള്‍ ഉള്‍പ്പെട്ടുവരുമെങ്കില്‍ക്കൂടി നിമിത്തങ്ങളാണ് അഥവാ ലക്ഷണങ്ങളാണ് കൂടുതല്‍ പ്രധാനം എന്നു പറഞ്ഞുവല്ലോ. നിമിത്തം, ശകുനം, ലക്ഷണം, ഉത്പാതം തുടങ്ങിയ വാക്കുകള്‍ തന്നില്‍ വളരെ നേരിയ ചില അര്‍ത്ഥഭേദങ്ങളുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യുന്നത് നന്നായിരിക്കും.
നിമിത്തം എന്നതിനുപകരം Omen എന്ന വാക്കുപയോഗിക്കാറുണ്ട്. ലക്ഷണം എന്ന വാക്കിന് പലപ്പോഴും Symptom എന്ന വാക്കിനോടാണ് സാമ്യം. എങ്കിലും Specialties, Uniqueness, Properties എന്ന അര്‍ത്ഥത്തിലെല്ലാം ഈ വാക്ക് ഉപയോഗിക്കാറുണ്ട്. ഇങ്ങനെയൊക്കെയാണെങ്കില്‍ക്കൂടി ജ്യോതിഷത്തില്‍ പ്രതിപാദിക്കപ്പെടുന്ന മിക്കവാറും നിമിത്തങ്ങള്‍ക്കും ഉത്പാതം (Portents - a sign or warning that a momentous or calamitous event is likely to happen, an exceptional or wonderful person or thing.) എന്ന വാക്കാണ് കൂടുതല്‍ യോജിച്ചത്. അത്ഭുതസാഗരം തുടങ്ങിയ പുസ്തകങ്ങളില്‍ അത്ഭുതം എന്ന വാക്കും ഉത്പാതം എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. എന്താണ് ഉത്പാതം എന്ന വാക്കിന്റെ നിര്‍വചനം?
പ്രകൃതേരന്യഥാ ഭാവോ യത്രയത്രോപജായതേ
തത്ര തത്ര വിജാനീയാത് സര്‍വമുത്പാതലക്ഷണം
(അഥര്‍വവേദപരിശിഷ്ടം)
പ്രകൃതിയുടെ (പ്രപഞ്ചത്തിന്റെ, സ്വഭാവത്തിന്റെ) സ്വാഭാവികയ്ക്കു വിരുദ്ധമായ ഭാവം (ലക്ഷണങ്ങള്‍) എവിടെയാണോ കാണപ്പെടുന്നത് അവയാണ് ഉത്പാതങ്ങള്‍ എന്നറിഞ്ഞുകൊള്ളുക.
സഹജമായ പ്രവൃത്തിയിലും പെരുമാറ്റത്തിലും വിശിഷ്യ ശ്രദ്ധേയമായി ഒന്നുമില്ല. സഹജമല്ലാത്ത പ്രവൃത്തിയോ പെരുമാറ്റമോ മനുഷ്യരുടെയോ, മൃഗങ്ങളുടെയോ, പക്ഷികളുടെയോ, പ്രപഞ്ചത്തിന്റെയോ പെരുമാറ്റത്തില്‍ കണ്ടാല്‍ അത് ജ്യോതിഷികളെ സംബന്ധിച്ചിടത്തോളം വിശിഷ്യ ശ്രദ്ധേയമാണ്. കാരണം അത്തരം ലക്ഷണങ്ങളാണ് മറ്റുള്ളവര്‍ക്കില്ലാത്ത കണ്ണും കാതും ജ്യോതിഷിക്ക് പ്രദാനം ചെയ്യുന്നത്. മറ്റുള്ളവര്‍ കാണാത്ത കേള്‍ക്കാത്ത, പില്‍ക്കാലത്ത് സത്യമാവുക നിമിത്തം അവരെ അതിശയിപ്പിക്കുന്ന, ഫലം പറയാന്‍ ജ്യോതിഷിയെ സഹായിക്കുന്നത്.
ഉത്പാതങ്ങളെ (മുന്‍കൂട്ടി കണക്കുകൂട്ടി കണ്ടുപിടിക്കാനാവാത്ത അപ്രതീക്ഷിതമായ പ്രകൃതിസംഭവങ്ങളെ) ഭൌമം-അന്തരീക്ഷം-ആകാശം (ദിവ്യം) എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ഇതേക്കുറിച്ചെല്ലാം സംഹിതാസ്കന്ധത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ജ്യോതിഃ ശാസ്ത്രമനേക ഭേദവിഷയം സ്‌കന്ധത്രയാധിഷ്ഠിതം
തത് കാര്‍ത്സ്‌ന്യോപ യസ്യ നാമ മുനിഭിഃ സങ്കീര്‍ത്ത്യതേ സംഹിതാ
സ്‌കന്ധേസ്മിന്‍ ഗണിതേന യാ ഗ്രഹഗതിര്‍സ്തത്രാഭിധാനസ്ത്വസൗ
ഹോരാ(അ)ന്യോ(അ)ങ്ഗ വിനിശ്ചയശ്ച കഥിതഃ സ്‌കന്ധസ്ത്രിതീയോ(അ)പരഃ
- വരാഹമിഹിരന്‍ (ബൃഹത്സംഹിത)
ജ്യോതിശാസ്ത്രത്തില്‍ അനേക വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ക്കൂടി അവയെ പൊതുവെ 3 സ്‌കന്ധങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഒരു വിഷയത്തെ സമഗ്രമായി പഠിക്കുന്നതിനെ മുനിമാര്‍ സംഹിത എന്നു വിളിക്കുന്നു. മേല്‍പറഞ്ഞ മൂന്നു സ്‌കന്ധങ്ങളില്‍ ഒന്നാമത്തേതായ ഗണിതംകൊണ്ട് ഗ്രഹഗതി കണക്കുകൂട്ടി കണ്ടുപിടിക്കുന്നു എന്നതിനാല്‍ അത് ഗണിതം എന്ന പേരില്‍ അറിയപ്പെടുന്നു. ഹോര അഥവാ ജാതകശാസ്ത്രം രണ്ടാമത്തെ സ്‌കന്ധവും വേദാംഗവിന്യാസങ്ങളില്‍നിന്ന് സമാഹരിച്ച് പറയുന്നത് സംഹിത എന്ന മൂന്നാമത്തെ സ്‌കന്ധവും ആണ്.
സംഹിതാ എന്നാൽ വേദം എന്നും അർത്ഥമുണ്ട്. ഗോളഗണിതത്തിൽ സംഗ്രാമ മാധവന്റെ സംഭാവനകൾ പ്രത്യേകം പറയേണ്ടതാണ്. ഗോള വാദം, മധ്യമാന യന പ്രകരണം, മഹാ ജ്യാന യന പ്രകരണം, ലഗ്ന പ്രകരണം,വേണ്വാരോഹം, സ്ഥുടചന്ദ്രാപ്തി, അഗണിത ഗ്രഹചാരം, ചന്ദ്ര വാക്യാനി ഇവയാണ് എന്നറിയുന്നു. വരരുചിയുടെ ചന്ദ്ര വാക്യ പദ്ധതിയുടെ പരിഷ്കരണമാണധികവും വേണ്വാരോഹം മാത്രമാണ് ഇന്ന് ലഭ്യം. പൈ-അനന്തശ്രേണി, ത്രികോണമിതി, ഏകദങ്ങളുടെ അനന്തര ശ്രേണികൾ, സൈൻ കോ സൈൻ, ഘാതശ്രേണി ഇവയുണ്ട് എന്നാൽ ലഭ്യമല്ല. ചന്ദ്രന്റെ സ്ഥാനം അരമണിക്കൂറിടവിട്ട് കണക്കാക്കാൻ വേണ്വാരേ ഹ പദ്ധതി. വരരുചിയുടെചന്ദ്ര വാക്യ പദ്ധതി ചന്ദസ്ഥാനം കാണാൻ മിനുട്ടുകളുടെ കൃത്യതയെങ്കിൽ വേ ണ്വാരോഹം സെക്കന്റ് കൃത്യമാണ്. സൈൻ പട്ടിക കടപയാദി. 3.75 = ശ്രേഷ്ഠ നാമവരിഷ്ഠാനാം. സംഖ്യ 22 450 22. sin A= 0.06540314. ആധുനിക മൂല്യം = 0.065403 13.
ഇങ്ങനെ 9-10 ദശ സ്ഥാനത്തെക്ക് കൃത്യമായി കണ്ടെത്തി പ്രസ്താവിച്ച സൈൻമൂലം 18 ആംന്തറ്റാണ്ടിന്റെ ആരംഭം വരെ ചോദ്യം ചെയ്യാതിരുന്ന മാധവന്റെ റേഡിയ ൽ മൂല്യം = 3437 ' 48 " 22 " ' എന്നത് ഇന്നും = 3437.74677078 ആയി നിലനിൽക്കുന്നു.(കടപ്പാട് " സംഗ്രാമ മാധവൻ - ആധുനിക ഗണിതത്തിന്റെ ഉപജ്ഞാതാവ് " - / എ' വിനോദ് സാർ )
നിമിത്ത ശകുനാദികൾക്ക് ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുണ്ട് എന്നത് അവഗണിക്കാനാവില്ല. എന്നാൽ പഴയകാല നിമിത്ത സാഹചര്യങ്ങൾ അല്ല ഇപ്പോഴുള്ളത് . ഗൗളി ശാസ്ത്രം എന്നൊരു ശാഖയുണ്ടായിരുന്നു . ഇക്കാലത്ത് ആ ജീവിയെ കാണുന്നത് തന്നെ അപൂർവ്വം. ഇങ്ങനെ എല്ലാ മേഘലയിലും പഴയകാല നിമിത്ത ശാസ്ത്രഗ്രന്ഥത്തിന് ഇപ്പോഴത്തെ സാഹചര്യവുമായി നിർവ്വചിക്കാനാവാത്ത വിടവ് ഉണ്ട് എന്നതാണ് സത്യം . തോളിൽ കഴുക്കോട്ടും കൈയ്യിൽ തഴമ്പുമില്ലാതെ എല്ലാം യന്ത്രവത്കൃതമായി. ഭാവിയിൽ ഈ വളർച്ചയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കും . നിമിത്തവും ശകുനവും നിരീക്ഷിച്ച് വേർതിരിച്ചെടുക്കാൻ വലിയ സൂക്ഷ്മത തന്നെ വേണ്ടി വരും.
പ്രകൃതിവിപര്യയങ്ങളാണ് നിമിത്തങ്ങള്‍. എല്ലാ കാലത്തും എല്ലാമായി ബന്ധപ്പെട്ടും നിമിത്തങ്ങളുണ്ടാകാവുന്നതാണ്. എന്നാല്‍ യാത്രാകാലനിമിത്തങ്ങള്‍ മാത്രമാണ് ശകുനം എന്ന പേരില്‍ അറിയപ്പെടുന്നത്.
ധനുശ്ശതകപര്യന്തം പഥി ദൃഷ്ടം പുരോഭുവി
ശകുനം സ്യാത് ശ്രുതം ചാപി തഥാ തത്വവിദോ വിദുഃ
(ദേവപ്രശ്‌നം)
യാത്ര പുറപ്പെട്ടാല്‍ നൂറുവില്‍പാടു ദൂരം സഞ്ചരിക്കുന്നതിനിടയില്‍ കാണുന്നതും കേള്‍ക്കുന്നതുമാണ് ശകുനമെന്ന് തത്വമറിയാവുന്നവര്‍ പറയുന്നു.
ഒരു വില്‍പാട് ദുരം = ഒരു വില്ലിന്‍െറ അകലം, ഒരു ശരം എയ്താല്‍ ചെല്ലുന്ന ദൂരം. (ഏകദേശം 100 മീറ്റര്‍). 100 വില്‍പാട് = 100 x 100 = 10,000 മീറ്റര്‍ = 10 കിലോമീറ്റര്‍.
ഉത്പാതങ്ങള്‍ എന്നാല്‍ എന്താണെന്ന് മുമ്പ് പറയപ്പെട്ടിട്ടുണ്ടല്ലോ.
ലക്ഷണങ്ങള്‍ എന്നാല്‍ Symptoms, Properties എന്നിവ രണ്ടും ആവാം. രോഗലക്ഷണങ്ങള്‍ എന്നത് ആദ്യത്തേതിനും, നല്ല രത്നത്തിന്റെയോ പശുവിന്റെയോ ഒക്കെ ലക്ഷണങ്ങള്‍ രണ്ടാമത്തേതിനും ഉദാഹരണമാണെന്നു പറയാം. ഇവയ്ക്കു രണ്ടിനും നാം പറയുന്ന പേര് ലക്ഷണങ്ങള്‍ എന്നു തന്നെ.
നിമിത്തങ്ങള്‍ പ്രത്യക്ഷസത്യങ്ങളുടെ പ്രതിബിംബങ്ങളത്രേ...പാമ്പിനെ കാണേണ്ടിടത്ത് കയര്‍ കണ്ടാലും മതി പാമ്പിനെ കണ്ടതുപോലെ ചിന്തിക്കാം.....സമുദ്രത്തിന് പകരം വെള്ളതുള്ളിമതി.......ഉമിനീരും പോതും....കല്ലിന് പകരം പല്ല് പോതും...വൃക്ഷത്തിന് പകരം സസ്യത്തിന്‍റെ ഒരു പൊടി മതി....ജ്യോതിഷി കാണുന്നവനേയല്ല....കണ്ണിനെ തന്നെ കണ്ണിലൂടെ കാണുന്നവന്‍....(അര്‍ക്കാനലാദിവെളിവൊക്കെ വരുത്തുമൊരു.......മുഴുവന ഹരിനാമകീര്‍ത്തനം )
ഇന്ദിയാണി പരാണ്യാഹു...ഗീതാ...
വേദസ്യച്ഛക്ഷു കുതശ്ശാസ്ത്രമേതദ്.....ചമല്‍ക്കാരചിന്താമണി...
യത്രതൃണാനി തത്ര തരവ....പ്രശ്നമാര്‍ഗ്ഗം
നിമിത്തം നമുക്ക് തന്നെ ശാസ്ത്രമായി വികസിപ്പിക്കാം...അഥവാ create ചെയ്യാം എന്നും കൂടി...തേ ദേവാ ഭാവയന്തഃ.... എന്നതനുസരിച്ച് എന്നും ഒരേ വസ്തു തന്നെ കാണണം എന്ന് ശഠിക്കുന്ന വ്യക്തിക്ക് അത് കണ്ടില്ല എങ്കില്‍ കുഴപ്പമാകും....
ഒരാള്‍ പറയുകയാണ്...അയാളുടെ സമയം മോശമാകുമ്പോള്‍ അയാള്‍ക്ക് തനിയേ അറിയാം ...ഞാന്‍ ചോദിച്ചു എങ്ങനെ....അയാള്‍ പറയുകയാണ് ..എന്‍റെ വാച്ച് നില്‍ക്കും...എപ്പോഴൊക്കെ വാച്ച് നിന്നോ അപ്പോഴൊക്കെ എനിക്ക് കുഴപ്പവും ഉണ്ടായിട്ടുണ്ട്...എന്ന്.....
ഒരു പ്രശ്നം വെക്കുന്ന സമയം തുലാഭാരം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ...എന്തിലാണ് എന്ന് ചോദ്യം.....ചന്ദ്രനാണ് അരി /പഴം ആകാം എന്ന് പറഞ്ഞു......അതിലേതാണ്....ഞാന്‍ പെട്ടു....പെട്ടെന്ന് ഒരു കുട്ടി ഒരു പാക്കറ്റ് റസ്ക്കുമായി വന്നു....ഞാന്‍ പറഞ്ഞു..ധാന്യമിശ്രിതം അല്ലേ ...അരിയില്‍ തന്നെ.....അങ്ങനെ തന്നെ....അരി....അവരും സമ്മതിച്ചു...
ഭാഷാവിവര്‍ത്തനങ്ങള്‍
ജന പുഷ്ടി -ക്ഷയ, വൃദ്ധി ഗജ, കുതിരകളാ ദി സകല വസ്തുവിനും
ഉൽക്ക യ്ക്കും കേതുവിനും ലക്ഷണം പറയും സംഹിത സ്കന്ധത്തിൽ
പ്രമാണ,ഫല ഭാഗങ്ങൾ ഇങ്ങനേരണ്ടുഭേദമാം
പ്രമാണം ഗണിത സ്കന്ധം അന്യ സ്കന്ധം ഫലാത്മകം
- വിഷ്ണു നമ്പൂതിരി
ജനങ്ങള്‍ തന്‍ പുഷ്ടീക്ഷയങ്ങളും വര്‍ഷവും
ആനകുതിരാ തുടങ്ങിയവകളും ഉല്‍ക്കാപതനവും കേതുതന്‍ ദര്‍ശനം
മുതലായതൊക്കെയും ലക്ഷണദ്യങ്ങളും
ചൊല്ലിതരുന്നഹോ സംഹിതാസ്കന്ധത്തില്‍
പ്രമാണമെന്നും ഫലമെന്നും ഭേദം രണ്ടുവിധം വരും
പ്രമാണമെല്ലാം ഗണിതത്തില്‍ ഫലമോ സംഹിതയില്‍ വരും
- ചന്ദ്രകുമാര്‍ മുല്ലച്ചേരി
രാജ്യാഭിവൃദ്ധിനാശങ്ങള്‍ മഴയും മറ്റു കാലവും,
ആന-കുതിയയെന്നാദി മൃഗലക്ഷണവും പരം
കേതൂല്‍ക്ക എന്നിത്യാദി സകലവസ്തുക്കളുടെയും തഥാ
ലക്ഷണം പറയും ശാഖ സംഹിതാസ്കന്ധമായത് .....
പ്രമാണം ഫലം എന്നായ് രണ്ടാം ജ്യോതിഷവിഭജനം
പ്രമാണം എന്നതാം നാമം ഗണിതസ്കന്ധത്തിനുള്ളത്
സംഹിതാ-ഹോരാ സ്കന്ധങ്ങള്‍ ഫലഭാഗമതായ് വരും
പ്രമാണമാണടിസ്ഥാനം ഫലഭാഗം പ്രയോജനം......
- ശ്രീനാഥ് ഒജി
You are not authorised to post comments.